General (Page 166)

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിന് 4 ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ സംഘത്തെ അധികമായി വിന്യസിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

ആംബുലൻസുകൾ സജ്ജമാക്കി. മലിനജലത്തിലിറങ്ങുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. ആയിരത്തിലധികം ഡോക്സിസൈക്ലിൻ ഗുളികകൾ അവിടെ എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ അസ്വസ്ഥത ഉണ്ടായാൽ ഓക്സിജൻ ഉൾപ്പെടെയുള്ള ബേസിക് ലൈഫ് സപ്പോർട്ട് നൽകുന്നതിന് വേണ്ടിയുളള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗം സജ്ജം. ഐസിയു കിടക്കകൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടായി 421 കോടി രൂപ കൂടി അനുവദിച്ചു. (ജനറൽ പർപ്പസ് ഫണ്ട്) ഗ്രാമ പഞ്ചായത്തുകൾക്ക് 299 കോടിയും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 52 കോടിയും, കോർപറേഷനുകൾക്ക് 36 കോടി രൂപയുമാണ് ലഭിക്കുക.

കഴിഞ്ഞ മെയ് മാസത്തിൽ 211 കോടി രൂപ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഇതുവരെ 3718 കോടി രൂപയാണ് ധനകാര്യ വകുപ്പ് നൽകിയത്.

തിരുവനന്തപുരം: തമ്പാനൂരിൽ റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ല.

ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തോട്ടിൽ ഒരാളെ കാണാതായിട്ടും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ ഒരു വിളിപ്പാടകലെ മാത്രമാണ് റെയിൽവേ ഡിവിഷണൽ ഓഫീസ്. 1995ൽ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഈ യോഗങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. ഇപ്പോഴുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ആരാണ് കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈ വച്ച് പറയണം. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനായുള്ള ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത്. 1997 മുതൽ ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും ചെയ്തിരുന്നു.

കൊച്ചി: നിക്ഷേപം ആകർഷിച്ചും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചും എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവിൽ സെഷനിൽ എഐ പ്രോത്സാഹനത്തിനായുള്ള സർക്കാർ ഉദ്യമങ്ങളെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കൊച്ചിയിൽ എഐ കോൺക്ലേവ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ വിജ്ഞാന സമൂഹമായും സമ്പദ് വ്യവസ്ഥയായും മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാൻ കേരളം തയ്യാറാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ സംരംഭങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്തിൻറെ നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞാണ് പുതിയ വ്യാവസായിക നയത്തിന് സർക്കാർ രൂപം കൊടുത്തിരിക്കുന്നത്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻറെ പ്രധാന ശക്തി. എഐ, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ 22 മുൻഗണനാ മേഖലകളെ വ്യാവസായിക നയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ-സ്വിഫ്റ്റ് വഴി സംരംഭകർക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതുൾപ്പെടെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിന് എട്ട് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ 52 അനുമതികൾ നൽകിയിട്ടുണ്ട്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും സർക്കാരിൻറെ നവീന സംരംഭങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ എഐ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം പ്രധാന മേഖലകളിൽ എഐ അധിഷ്ഠിത പരിഹാരങ്ങളെയും വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു. വ്യവസായ-അക്കാദമിക് സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിരിക്കുന്നത് നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ സഹായിക്കും. ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സ്ത്രീശാക്തീകരണം, ആരോഗ്യപരിരക്ഷയിലെ വൈദഗ്ധ്യം എന്നിവയിൽ സംസ്ഥാനം നൈപുണ്യമുള്ള ഭാവി തൊഴിലാളികളെ ഉറപ്പാക്കുന്നു.

മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപസൗഹൃദ അന്തരീക്ഷവും ഒരുക്കി വ്യവസായ സംരംഭങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതായി മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. 2023 ലെ വ്യാവസായിക നയത്തിൽ സംരംഭകത്വം, അടിസ്ഥാന സൗകര്യങ്ങൾ, ഹൈടെക് പരിവർത്തനം, നൈപുണ്യ വികസനം, ബ്രാൻഡ് ഇക്വിറ്റി, ബിസിനസ് അന്തരീക്ഷം, മേഖലാ വ്യവസായവൽക്കരണം എന്നിവ ഏഴ് പ്രധാന മേഖലകളായി കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ഐടി ഫോർവേഡ് സ്ട്രാറ്റജി അനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഐടി, ഇലക്ട്രോണിക്‌സ് വ്യവസായത്തിൻറെ 10 ശതമാനം സംഭാവന ചെയ്യാൻ കേരളം തയ്യാറെടുക്കുകയാണെന്ന് ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ അവതരണത്തിൽ പറഞ്ഞു. ഐടി നയം ഇ-ഗവേണൻസ്, സ്മാർട്ട് ഗവൺമെൻറ്, അടിസ്ഥാനസൗകര്യ വികസനം, മാനവ വിഭവശേഷി വികസനം, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പുകൾ, പുതിയ സാങ്കേതികവിദ്യകൾ, ഡാറ്റ മാനേജ്‌മെൻറ് എന്നിവ പ്രാപ്തമാക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടാനാകും.

കേരള ഡിജിറ്റൽ സർവ്വകലാശാലയിൽ എഐ പവർഡ് ഹൈ കപ്പാസിറ്റി ഡാറ്റാ സെൻറർ സ്ഥാപിക്കും. കേരളത്തിലെ എല്ലാ ജനിതക വിവരങ്ങളുടെയും ശേഖരം കേരള ജീനോം ഡാറ്റാ സെൻറർ (കെജിഡിസി) ആയിരിക്കുമെന്നും ഇത് 125-ലധികം ലൈഫ് സയൻസസ് സ്ഥാപനങ്ങളെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിത്. മദർ ഷിപ്പുകൾ, അഥവാ വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് വിഴിഞ്ഞം മാറുകയാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ്ണ പ്രവർത്തന രീതിയിലേക്കു മാറും. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 ൽ മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, അതിന് ഏതാണ്ട് 17 വർഷം മുമ്പേ തന്നെ ഇതു സമ്പൂർണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി വിഴിഞ്ഞം സമ്പൂർണ്ണ തുറമുഖമായി മാറും.

പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത സൃഷ്ടിക്കുന്ന, ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന പദ്ധതിയാണിത്. ഇത്ര വലിയ ഒരു തുറമുഖത്തിന്റെ സാന്നിധ്യം അയൽ രാജ്യങ്ങൾക്കും ഉപകാരപ്പെടും. വിഴിഞ്ഞത്തിന്റെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ശേഷമുള്ള സർക്കാരുകൾ ആ ചിന്ത വലിയതോതിൽ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ട്. 2006 സെപ്റ്റംബർ 18 നാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് അന്നത്തെ എ ഡി എഫ് സർക്കാർ പ്രഖ്യാപിച്ചത്. 2007 മാർച്ച് 9 നാണ് വി ഐ എസ് എല്ലിനെ നോഡൽ ഏജൻസിയാക്കിയുള്ള റീടെണ്ടർ ഉത്തരവു വരുന്നത്. 2007 ജൂലൈ 31 നാണ് വ്യവസ്ഥകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി ടെണ്ടർ ക്ഷണിച്ചത്. 2009 നവംബർ 13 ന് പദ്ധതി പഠനത്തിനായി ഇൻറർനാഷണൽ ഫിനാൻസ് കോർപ്പറേഷനെ നിയോഗിച്ചു. 2010 ൽ ടെണ്ടർ നടപടികളാവുന്നു. പിന്നീട് കേസും നിയമനടപടികളും ഉൾപ്പെടെ കുരുക്കുകളായി. ചൈനീസ് കമ്പനിയാണു വരുന്നത് എന്നു പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തിയതും മൻമോഹൻ സിങ് സർക്കാർ അനുമതി നിഷേധിച്ചതും ഒക്കെ ചരിത്രം.

2016 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്ന ശേഷം കണ്ടത് കുതിച്ചുയരുന്ന നിർമ്മാണ പ്രവർത്തനമാണ്. ഓരോ ഘട്ടത്തിലും സർക്കാർ ഇതു പരിശോധിച്ചും ഇടപെട്ടും കൊണ്ടിരുന്നു. കാര്യക്ഷമമായ ആ പ്രവർത്തനങ്ങളും നിർമ്മാണ കരാർ ഏറ്റെടുത്ത ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവർത്തനങ്ങളും ഏകോപിച്ചു. ഈ പദ്ധതിയുടെ നിർവ്വഹണ ഘട്ടത്തിൽ പലവിധ തടസ്സങ്ങളുണ്ടായി. എന്നാൽ, നമ്മുടെ കൂട്ടായ ഇച്ഛാശക്തിയും ദൃഢനിശ്ചയവുമാണ് ഇന്ന് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. 2017 ജൂണിൽത്തന്നെ ബർത്തുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. എന്നാൽ, അതിനുശേഷമുണ്ടായ പ്രകൃതിദുരന്തങ്ങളും മഹാമാരിയും പദ്ധതിയുടെ പൂർത്തീകരണത്തിനായി നിശ്ചയിച്ച സമയക്രമത്തെ പ്രതികൂലമായി ബാധിച്ചു എന്നത് വസ്തുതയാണ്. അത്തരം പ്രതിസന്ധികളെ മറികടന്നുകൊണ്ടു കൂടിയാണ് ഈ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നമ്മൾ എത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടന്നു വരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു. ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. കൂടുതൽ രോഗികളെത്തിയാൽ പരിചരണമൊരുക്കാനുള്ള സംവിധാനങ്ങളുമൊരുക്കി. കെയർ ഹോമിലുള്ള ചിലർ വീടുകളിൽ പോയതിനാൽ അവരെ കണ്ടെത്തി നിരീക്ഷിച്ചു വരുന്നു. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി.

സാധ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര നഗരസഭയും നഗരസഭയുടെ ആരോഗ്യ വിഭാഗവും പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രദേശത്തെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു. പ്രദേശത്ത് അവബോധം ശക്തിപ്പെടുത്തി. പുതിയ ക്ലസ്റ്ററുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

കെ. ആൻസലൻ എംഎൽഎ, നഗരസഭാ ചെയർമാൻ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ സർവൈലൻസ് ഓഫീസർ, ആരോഗ്യ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വൈൽഡ് ലൈഫ് ആൻഡ് ഡൊമെസ്റ്റിക് ആനിമൽ ആംബുലൻസ് സേവനം കണ്ണൂരിൽ നിന്നും ആരംഭിക്കുന്നു. വയനാട് ആസ്ഥാനമായ പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റസ് ക്യൂ ഫോഴ്സിന്റെ ഏറ്റവും പുതിയ സംരംഭം ആണ് അനിമൽ ആംബുലൻസ്.

പ്രകൃതി, വന്യ ജീവി സ്നേഹികളും ഒരുകൂട്ടം സാമൂഹ്യ പ്രതിബ്ധതയുള്ള മൃഗ സ്നേഹികളും ഉൾപ്പെടെയുള്ള ഈ കൂട്ടായ്മ സംസ്ഥാനത്ത് ആദ്യമായി ആണ് തുടങ്ങുന്നത്. പഗ്മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആന്റ് റെസ്‌ക്യൂ ഫോഴ്സ്ന്റെ ആംബുലൻസ് ഉദ്ഘടനം പുരാവസ്തു / രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 13/7/24 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ ജില്ലാ വെറ്ററിനറി ഹോസ്പ്പിറ്റലിൽ നിർവഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ശ്രീജിത്ത് ഹാർവെസ്റ്റ് : 9895876411.

തിരുവനന്തപുരം: ഇന്ത്യാ പോസ്റ്റ് എന്ന പേരിലുള്ള വ്യാജ സന്ദേശങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. നിങ്ങളുടെ പാക്കേജ് വന്നിട്ടുണ്ട്. രണ്ട് തവണ ഡെലിവറി ചെയ്യാൻ ശ്രമിച്ചെങ്കിലും വിലാസം അപൂർണമായതിനാൽ അതിന് സാധിച്ചില്ലെന്ന പേരിലായിരിക്കും തട്ടിപ്പ് സംഘം സമീപിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ വിലാസം അപ്‌ഡേറ്റ് ചെയ്യുക. അല്ലാത്തപക്ഷം പാക്കേജ് തിരികെ അയക്കുന്നതാണ്. വിലാസം അപ്‌ഡേറ്റ് ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.(ലിങ്ക്) അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ 24 മണിക്കൂറിനുള്ളി പാക്കേജ് വീണ്ടും ഡെലിവറി ചെയ്യുന്നതാണെന്നാണ് തട്ടിപ്പ് സന്ദേശത്തിലുള്ളത്.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇന്ത്യാ പോസ്റ്റ് വെബ് സൈറ്റിനു സമാനമായ ഒരു വ്യാജ വെബ്‌സൈറ്റിലേക്കാണ് പോവുക. ഒരു ട്രാക്കിങ് ഐ.ഡിയും ഡെലിവറി പരാജയപ്പെട്ട നോട്ടിഫിക്കേഷനും അതിൽ കാണാം. ഒപ്പം വിലാസം അപ്‌ഡേറ്റ് ചെയ്യാനും ആവശ്യപ്പെടും. സന്ദേശങ്ങളുടെ ആധികാരികത ആദ്യം ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ പരാതിപ്പെടുക.

വ്യക്തിവിവരങ്ങൾ ആവശ്യപ്പെട്ടുള്ള ലിങ്കുകളിലും, അപരിചിതർ അയക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യാതിരിക്കുക. വെബ്‌സൈറ്റുകളിലെയും സന്ദേശങ്ങളിലേയും ഭാഷയിലെ വ്യാകരണ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുക. ഇന്ത്യാ പോസ്റ്റിന്റെ ഈ സന്ദേശം ലഭിച്ചാൽ നിങ്ങൾക്ക് ശരിക്കും ഒരു പാക്കേജ് വരാനുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ അറിവിൽ ഒരു പാക്കേജ് വരാനില്ലെങ്കിൽ, അടുത്തുള്ള പോസ്റ്റ് ഓഫീസിൽ വിവരം അന്വേഷിക്കുക. ലിങ്കുകൾ യഥാർത്ഥ് വെബ്‌സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തുക. തട്ടിപ്പിന് ഇരയായെന്ന് മനസിലായാൽ 1930 വിളിച്ച് വേഗം തന്നെ പരാതി നൽകണം.

രാമനാഥപുരം: രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് പാലമായ പാമ്പൻ പാലത്തിന്റെ നിർമ്മാണം രണ്ടു മാസത്തിനകം പൂർത്തിയാകുമെന്ന് ഇന്ത്യൻ റെയിൽവേ. ഉടൻ തന്നെ ട്രയൽ റൺ നടത്തുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. റെയിൽവെയുടെ ബോർഡ് അംഗം അനിൽകുമാർ ഖണ്ഡേൽവാളിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നിർമ്മാണ പ്രവർത്തനത്തിലിരിക്കുന്ന മേൽപ്പാലം സന്ദർശിച്ചു. പാലത്തിന്റെ നിർമ്മാണം 90 ശതമാനം പൂർത്തിയായെന്നും അധികൃതർ പറഞ്ഞു.

പുതിയ പാമ്പൻ പാലത്തിന്റെ നിർമ്മാണത്തിന് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി മൂലമാണ് പാലത്തിന്റ നിർമ്മാണം നീണ്ടുപോയത്. കപ്പലുകളും ബോട്ടുകളും പോകുമ്പോൾ പാലത്തിന്റെ നടുഭാഗം ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്രെയിൻ പോകേണ്ട സമയങ്ങളിൽ പാലം പൂർവ്വസ്ഥിതിയിലായിട്ടുണ്ടാകും.

റെയിൽവേയാണ് ഈ വെർട്ടിക്കൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പുള്ളതാണ് പഴയ പാലം. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് 2022 ഡിസംബർ 23 മുതൽ പാലം അടച്ചിട്ടിരിക്കുകയാണ്.