General (Page 167)

തിരുവനന്തപുരം: രാജ്യത്തെ ലൈറ്റ് ഹൗസ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ. ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് മേഖലയിലെ പങ്കാളികളുമായി തിരുവനന്തപുരം വിഴിഞ്ഞത്ത് നടന്ന ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലൈറ്റ് ഹൗസ് ആകർഷണീയമായ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാണ്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് രാജ്യത്തെ 203 ലൈറ്റ്ഹൗസുകളിൽ 75 എണ്ണം ഇതിനകം വികസിപ്പിച്ചു .ഇവിടങ്ങളിൽ കുട്ടികളുടെ കളിസ്ഥലം, ലിഫ്റ്റ് സൗകര്യം, സെൽഫി പോയിന്റ്, കഫറ്റീരിയ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെ 17 ലൈറ്റ് ഹൗസുകളിൽ 11 എണ്ണവും പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണം ചെയ്തുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കോവളം ലൈറ്റ്ഹൗസിൽ പ്രതിവർഷം 35 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് കൂടുതൽ ലൈറ്റ് ഹൗസുകൾ ഉടൻ വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി ലൈറ്റ് ഹൌസ് പരിസരത്ത് അദ്ദേഹം മരം നട്ടു .ഇന്ത്യാ ഗവൺമെന്റിന്റെ തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയം അഡൈ്വസർ കെ കെ നാഥ് സ്വാഗതം പറഞ്ഞു. എം വിൻസെന്റ് എംഎൽഎ , ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പ് ഡയറക്ടർ എം മുരുഗാനന്ദം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) മേഖലയിൽ തദ്ദേശീയ സംഭാവനകൾ നൽകുന്നതിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി മാറാൻ കേരളത്തിനു കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലുമുള്ള സ്വാധീനവും ചർച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ എഐയെ സംയോജിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ രാജ്യത്തെ ജെൻ എഐ ഹബ്ബ് ആയി ഉയർത്തുന്നതിനുള്ള ചവിട്ടുപടിയാണ് ഈ കോൺക്ലേവ്. ജെൻ എഐ അതിവേഗം വികസിക്കുകയും ലോകത്താകെ വലിയ സാധ്യതകൾ തുറന്നിടുകയും ചെയ്യുന്ന അവസരത്തിലാണ് കേരളത്തിൽ കോൺക്ലേവ് നടക്കുന്നതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക നയത്തിൽ എഐ ഒരു പ്രധാന മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപഭാവിയിൽ എഐ അടിസ്ഥാനമാക്കിയുള്ള കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു.

സാധ്യമാകുന്ന എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യ സജീവമായി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തെ വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യജീവൻ രക്ഷിക്കാൻ എഐ അധിഷ്ഠിത ഓട്ടോമേറ്റഡ് മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനാകും. ജലസേചനം, കാർഷികോൽപ്പാദനം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതിയുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സംരക്ഷണത്തിനും എഐ ഉപകരണങ്ങൾ ഫലപ്രദമായി വിന്യസിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസത്തിൽ എഐ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി എല്ലാ അധ്യാപകർക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പരിശീലനം നൽകിവരുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്ന വ്യവസായ നയത്തിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. നിർമ്മിത ബുദ്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം വ്യവസായ നയത്തിന് ആഗോള ശ്രദ്ധ നേടുന്നതിനും കോൺക്ലേവ് വഴിയൊരുക്കും. ജെൻ എ ഐ കോൺക്ലേവിന്റെ തുടർച്ചയായി റോബോട്ടിക്സിനെക്കുറിച്ചുള്ള ഒരു സമ്മേളനവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം ക്ലാസ് മുതൽ സ്‌കൂൾ പാഠപുസ്തകങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപങ്ങൾ സംസ്ഥാനത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ.

കാലാവസ്ഥാ പ്രവചനം, ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളുടെ സാഹചര്യത്തിൽ ജലസേചനം, ബീജസങ്കലനം, കീട പ്രതിരോധം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പരിഹാരങ്ങൾ, പകർച്ചവ്യാധി പ്രതിരോധം, വന്യജീവികളുടെ കൈയേറ്റവും വേട്ടയാടലും തടയുന്നതിനുള്ള പരിഹാരങ്ങൾ, കൃത്യമായ സ്ഥലത്ത് ആരോഗ്യകരമായ മീനിന്റെ ലഭ്യതയുടെ പ്രവചനം, വായു, ജലം മുതലായവയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പരിഹാരങ്ങൾ, ഗതാഗതം നിയന്ത്രണ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാതൃകകൾ സൃഷ്ടിച്ചാൽ വലിയ മാറ്റം സാധ്യമാകും.

ജനറേറ്റീവ് എഐയ്ക്കായി വലിയ ഭാഷാ മോഡലുകളിൽ (എൽഎൽഎം) മലയാളം മെച്ചപ്പെടുത്തുന്നതിന് നമുക്ക് കൂടുതൽ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.. ശക്തമായ മലയാളം കമ്പ്യൂട്ടിംഗ് കമ്മ്യൂണിറ്റികൾ ഉണ്ടായിരുന്നിട്ടും, പല എൽ. എൽ. എമ്മുകളും നിലവിൽ മലയാളവുമായി മല്ലിടുന്നു. ഇത് തദ്ദേശീയമായി സംസാരിക്കുന്നവർക്ക് ഉപയോഗപ്രദമല്ല. ഭാഷാശാസ്ത്രജ്ഞരുടെയും എ ഐ വിദഗ്ധരുടെയും പൊതു സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ മികച്ച ഡാറ്റ സെറ്റുകൾ നിർമ്മിക്കാനും അൽഗോരിതങ്ങൾ പരിഷ്‌കരിക്കാനും കൂടുതൽ കൃത്യമായ ഭാഷാ മാതൃകകൾ സൃഷ്ടിക്കാനും കഴിയും. ഇതുവഴി മലയാളം നന്നായി മനസിലാക്കാനും ഉപയോഗിക്കാനും എൽ. എൽ. എമ്മുകളെ സഹായിക്കും, ഈ സാങ്കേതികവിദ്യകളിൽ നിന്ന് എല്ലാവർക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്നും ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ഭാഷ സംരക്ഷിക്കപ്പെടുന്നുവെന്നും ഉറപ്പാക്കും.

ഇ-ഗവേണൻസ് പ്ലാറ്റ് ഫോമുകളിലേക്കും വിവിധ സിറ്റിസൺ പോർട്ടലുകളിലേക്കും ജനറേറ്റീവ് എഐയുടെ ശക്തി സംയോജിപ്പിക്കുന്നത് സർക്കാർ സേവനങ്ങളെ വേഗത്തിലാക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.

ഡ്രോണുകൾ, സാറ്റലൈറ്റ് ഇമേജറി, ഗ്രൌണ്ട് സെൻസറുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത് വിശദമായ വിവരങ്ങൾ ശേഖരിക്കാനും എ ഐ ഉപയോഗിക്കാം. കാര്യക്ഷമമായ വിഭവ ഉപയോഗവും മികച്ച പദ്ധതി ഫലങ്ങൾ ഉറപ്പാക്കാനും എ ഐക്ക് കഴിയും. പദ്ധതി ആസൂത്രണ സർവേകൾ ലളിതമാക്കാനും മെച്ചപ്പെടുത്താനും എ ഐ ഉപയോഗിക്കാൻ കഴിഞ്ഞാൽ വിപ്ലവകരമായ മാറ്റം സാധ്യമാകും.

എ ഐ ഉപയോഗിച്ചുള്ള തട്ടിപ്പ്, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങി ഈ രംഗത്തെ അധാർമികവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സുസ്ഥിര വികസനത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിന് കേരളം പ്രതിജ്ഞാബദ്ധമാണ്. നാലാം വ്യാവസായികവിപ്ലവത്തെ ആവേശത്തോടെയും ദീർഘവീക്ഷണത്തോടെയും സ്വീകരിച്ച് വ്യവസായം 4.0 സജ്ജമാക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ബിഗ് ഡാറ്റ, ക്ലൌഡ് കമ്പ്യൂട്ടിംഗ്, സൈബർ ഫിസിക്കൽ സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകളുടെ പരിവർത്തന സാധ്യതകൾ സർക്കാർ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലി, ഐ ബി എം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, കെ എസ് ഐ ഡി സി ചെയർമാൻ പോൾ ആന്റണി, ഐടി മിഷൻ ഡയറക്ടർ അനു കുമാരി, കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥൻ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ, ചാലകശക്തിയായി പ്രവർത്തിക്കുന്നവ തുറമുഖങ്ങളാണെന്ന് ലോകത്തിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായിരിക്കുന്നു എന്നു പറയുമ്പോൾ കേരളത്തിൻറെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുന്നു എന്നാണ് നാം തിരിച്ചറിയേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ചും ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൊതുവിലും അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

കൈവിരലിലെണ്ണാവുന്നത്ര മാത്രമുള്ള ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണ്. മദർ ഷിപ്പുകൾ, അതായതു വൻകിട ചരക്കു കപ്പലുകൾ ഇവിടേക്കു വരികയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്തു ചെയ്യാൻ കഴിയുന്ന നിലയിലേക്ക് ഇവിടം മാറുകയാണ്. വിഴിഞ്ഞം തുറമുഖത്തിൻറെ ഓപ്പറേഷൻ ഇതോടെ ആരംഭിക്കുകയാണ്. ഇപ്പോൾ ട്രയൽ അടിസ്ഥാനത്തിലാണെങ്കിലും തൊട്ടുപിന്നാലെ തന്നെ പൂർണ്ണ പ്രവർത്തന രീതിയിലേക്കു മാറുകയാണ്. പോർട്ടുകളുടെ പോർട്ട് എന്നു പറയാവുന്ന വിധത്തിൽ , ഏതാണ്ട് മദർ പോർട്ട് എന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ തുറമുഖമായി ഇതു മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂർണ്ണവുമായ വിശാല തുറമുഖമായി ഇത് 2045 മാറണമെന്ന നിലയ്ക്കാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ , അതിന് ഏതാണ്ട് 17 വർഷം മുമ്പേതന്നെ ഇതു സമ്പൂർണ്ണ തുറമുഖമായി മാറുന്ന നിലയിലേക്കു കാര്യങ്ങൾ കൊണ്ടെത്തിക്കാൻ നമുക്കു കഴിയുന്നു. 2028 ഓടുകൂടി ഇതു സമ്പൂർണ്ണ തുറമുഖമായി മാറും എന്ന് അറിയിക്കാൻ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനു വഴി വെച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഈ വിധത്തിൽ 17 കൊല്ലം മുമ്പേത്തന്നെ ഇതിനെ സമ്പൂർണ്ണമായി ഉപയോഗയോഗ്യമാക്കാൻ കഴിയുന്ന വിധത്തിൽ വേണ്ടതു ചെയ്യാനുള്ള കരാർ ഒപ്പിടാൻ പോവുകയാണ്. അക്ഷരാർത്ഥത്തിൽ ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. ഇന്ത്യയ്ക്കാകെ അഭിമാനിക്കാവുന്ന മുഹൂർത്തമാണിത് എന്നു ഞാൻ തുടക്കത്തിൽ പറഞ്ഞു. സത്യത്തിൽ അയൽ രാജ്യങ്ങൾക്കു കൂടി ഉതകുന്നതാണ് ഇത്ര വലിയ ഒരു തുറമുഖത്തിൻറെ സാന്നിധ്യം. അതുകൊണ്ടു പറയട്ടെ, സമീപ രാജ്യങ്ങൾക്കു വരെ അഭിമാനകരമാണിത്. വിഴിഞ്ഞം ചരിത്ര പ്രസിദ്ധമാണ്. ഇതിൻറെ തുറമുഖം എന്ന നിലയ്ക്കുള്ള വിപുലമായ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന ചിന്ത രാജഭരണ കാലത്തേയുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും കേരളപ്പിറവിക്കും ഒക്കെ ശേഷമുള്ള സർക്കാരുകൾ ആ ചിന്ത വലിയതോതിൽ പ്രതിധ്വനിപ്പിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ദേവസ്വംവകുപ്പ് മന്ത്രി വി. എൻ വാസവൻ നിർദ്ദേശം നൽകി. കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്. തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങൾ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പിന്തുടരണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തിൽ അവലോകന യോഗങ്ങൾ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ തീരുമാനിക്കുന്നത്.

ജില്ലാ കളക്ടർമാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കേണ്ടത്. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾ, പൊലീസ്, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉൾപ്പെടുന്ന യോഗം വിളിക്കും.

ശംഖുമുഖം തീരത്ത് ബലിതർപ്പണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേർക്കെങ്കിലും ബലികർമ്മം അനുഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ് നിർദ്ദേശം ഉയർന്നത്. ബലിതർപ്പണകേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.

ആഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമ്മിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരോ സ്ഥലത്തും സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്.

മഴക്കാലമായതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും . ബലിത്തറകൾ ലേലം കൊള്ളുന്നവർ തർപ്പണത്തിനെത്തുന്നവരെ ചൂഷണം ചെയ്യാതിരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിതർപ്പണ കേന്ദ്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

ശംഖുമുഖം, തിരുമുല്ലവാരം തുടങ്ങിയ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലേകൂട്ടി അപേക്ഷകൾ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്‌സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയർ, കൊല്ലം ജില്ല കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: കോവളം രാജ്യത്തെ ഏറ്റവും കരുത്തുള്ള ആഗോള വിനോദസഞ്ചാര കേന്ദ്രമാണെന്നും രാജ്യത്തെ ഏറ്റവും പരിഷ്‌കൃതരായ  ജനങ്ങളുള്ള നാടാണ് കേരളമെന്നും കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനാവാൾ. കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ വിഴിഞ്ഞം ലൈറ്റ് ഹൗസിൽ വിനോദസഞ്ചാരമേഖലയിലെ പങ്കാളികളുമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തംനാടായ കേരളം അതിമനോഹരമാണെന്നും ഇവിടെ എപ്പോഴെത്തിയാലും പരമാവധി സമയം ചെലവഴിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തെയോർത്ത് അഭിമാനമുണ്ട്. ഓരോ വർഷവും 35 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് കോവളത്തെത്തുന്നത്. രണ്ട് ലക്ഷത്തോളം വിദേശ വിനോദ സഞ്ചാരികളും വർഷംതോറും കോവളത്തെത്തുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ നേതൃത്വത്തിൽ അടുത്തിടെ വിഴിഞ്ഞം ലൈറ്റ് ഹൗസ് പുനരുദ്ധാരണം നടത്തുകയും ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ലൈറ്റ്ആൻഡ് സൗണ്ട് ഷോ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വിശദമാക്കി.

വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളും കഠിനപ്രയത്നം നടത്തി വരികയാണെന്നും ഇതിന്റെ ഭാഗമായാണ് ഷിപ്പിംഗ് മന്ത്രാലയം സാഗർ മാലാ പ്രോജക്ട്, ലൈറ്റ് ഹൗസ് ടൂറിസം എന്നിവ അടക്കമുള്ള എല്ലാ പദ്ധതികളും നടപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ലൈറ്റ് ഹൗസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 203 ലൈറ്റ് ഹൗസുകളിൽ 75 എണ്ണം ഇതിനകം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി വികസിപ്പിച്ചു കഴിഞ്ഞു. നമ്മുടെ സമുദ്രതീരത്തെ ഈ ഐതിഹാസികമായ നിർമിതികളെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം മുൻനിർത്തി രാജ്യത്തെ ബാക്കി ലൈറ്റ് ഹൗസുകളും വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. 2014 വരെ വർഷം 3.5 ലക്ഷം ടൂറിസ്റ്റുകളാണ് ലൈറ്റ് ഹൗസുകൾ സന്ദർശിച്ചിരുന്നതെങ്കിൽ ഇന്നത് 17 ലക്ഷമാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് ഇത് 25 ലക്ഷമാക്കി വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിലുള്ള 18 ലൈറ്റ് ഹൗസുകളിൽ 11 എണ്ണം വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനകം വികസിപ്പിച്ചു കഴിഞ്ഞു. ലേസർ ലൈറ്റ് ആന്റ് സൗണ്ട് ഷോ, ഇലക്ട്രിക് വാഹനങ്ങൾ, കുട്ടികൾക്ക് കളിസ്ഥലം, അക്യുപ്രഷർ പാത്ത് വേ, സെൽഫി പോയന്റുകൾ, കഫറ്റേരിയ എന്നിവ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ലൈറ്റ് ഹൗസുകൾ വികസിപ്പിക്കുന്നത്.

കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജല ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം വിൻസെന്റ് എം എൽ എ ആശംസകൾ അർപ്പിച്ചു. ലൈറ്റ് ഹൗസസ് ആന്റ് ലൈറ്റ്ഷിപ്പ് ഡയറക്ടർ ജനറൽ എൽ മുരുകാനന്ദം ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ വിനോദ സഞ്ചാരമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളും നൂതന ആശയങ്ങളും പങ്കുവെക്കപ്പെട്ടു. വിനോദ സഞ്ചാരം, ഹോട്ടൽ വ്യവസായം, വിമാനക്കമ്പനി പ്രതിനിധികൾ, ടൂറിസം ഗൈഡുമാർ, റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, ആയുർവേദ റിസോർട്ടുകളുടെ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പോർട്ട് ഷിപ്പിങ് വാട്ടർവെയ്സ് അഡ്വൈസർ ഡോ. കെ കെ നാഥ് സ്വാഗതവും ലൈറ്റ് ഹൗസ് ആന്റ് ലൈറ്റ് ഷിപ്പ് കൊച്ചി ഡയറക്ടർ അനിൽ ആന്റണി നന്ദിയും അറിയിച്ചു.

തിരുവനന്തപുരം: വന്യജീവി ആക്രമണ നഷ്ടപരിഹാര കുടിശ്ശിക, ദിവസ വേതന കുടിശ്ശിക എന്നിവ നൽകും. കുടിശ്ശിക തുകകൾ കൊടുത്തു തീർക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകൾ നൽകാൻ ആരംഭിച്ചതായി വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. സംസ്ഥാനത്ത് വനം വകുപ്പിന്റെ വിവിധ ഡിവിഷനുകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫോറസ്റ്റ് വാച്ചർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള വേതന കുടിശ്ശിക ഉടൻ കൊടുത്തു തീർക്കുമെന്നും മന്ത്രി അറിയിച്ചു.

ഈ വർഷം മെയ് 31 വരെയുള്ള വേതന കുടിശ്ശിക നൽകുന്നതിനായി 9.76 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ തുക എത്രയും വേഗം ജീവനക്കാർക്ക് ലഭ്യമാക്കും. മനഷ്യ-വന്യജീവി സംഘർഷം മൂലം ജീവനും സ്വത്തിനും നാശനഷ്ടം സംഭവിച്ച ആളുകൾക്കും അവകാശികൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിൽ 3.21 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ ഇനത്തിലുള്ള കുടിശ്ശിക തുകയും വൈകാതെ നൽകാൻ സാധിക്കുന്നതാണ്. വനത്തിനകത്ത് ജലലഭ്യത ഉറപ്പാക്കൽ, ദ്രുതകർമ്മ സേനകളുടെ രൂപീകരണം, നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, ജനവാസമേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യൽ, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കിഫ്ബി ഫണ്ടിൽ നിന്നും 110 കോടി രൂപ നൽകുന്നതിന് ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കിഫ്ബി മുഖേന ഇതിനകം നൽകിയ 100 കോടി രൂപയ്ക്ക് പുറമെയാണ് ഇപ്പോൾ 110 കോടി രൂപ കൂടി അനുവദിക്കാൻ തീരുമാനമായിട്ടുള്ളത്. അനുവദിക്കപ്പെട്ട ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് വന്യജീവി ശല്യത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കും.

ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും, കോമേഴ്സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താൽക്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കും. കാസർകോട് ഒരു സയൻസ് കോമ്പിനേഷനും നാല് ഹ്യുമാനിറ്റീസ് ബച്ചുകളും,13 കൊമേഴ്സ് കോമ്പിനേഷനുകളും ഉൾപ്പെടെ ആകെ 18 താൽക്കാലിക ബച്ചുകൾ അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

പദ്ധതി വിഹിതം ക്രമീകരിക്കും

കേന്ദ്രനടപടികൾ കാരണം ഉണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്തും. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്താൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊർജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രിമാരാണ് അം​ഗങ്ങൾ.

തുടർന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകുന്നതിനു മുമ്പ് പ്രോജക്‌ടിൻ്റെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണവ കുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

റവന്യൂ വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ

വരുമാന വർദ്ധനവിനുള്ള ഫീസുകളുടെ പരിഷ്ക്കരണത്തിനും നോൺടാക്സ് റവന്യൂ വർദ്ധനവിനും ഉള്ള നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കും. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26.07.2024-നു മുമ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്ന് തിരുമാനിച്ചു.

ഇക്കാര്യത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരക്കുകൾ വർദ്ധിപ്പിച്ചതിന് നിരക്ക് വർദ്ധനവ് വരുത്തില്ല.വിദ്യാർത്ഥികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല.

വകുപ്പുകളുടെ ഏകോപനത്തിന് നടപടി

സംസ്ഥാനത്തിന്റെ പൊതുവികസന താൽപര്യം മുൻനിർത്തി ഒന്നിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ശരിയായ ഏകോപനം ഉണ്ടാക്കാൻ നടപടിയെടുക്കും.

വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങൾക്കുമായി ധനകാര്യമന്ത്രി, റവന്യൂവകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുൾപ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിൻ്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉൾപ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോ​ഗം ചേർന്ന് ശിപാർശകൾ നൽകും. ഉപസമിതി ശിപാർശകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

ശമ്പളപരിഷ്ക്കരണം

ഓയിൽഫാം ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങൾ 1.07.2019 പ്രാബല്യത്തിൽ അനുവദിച്ചു നൽകും.

മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.

പിണറായിയിൽ പോളിടെക്നിക്ക്

ധർമ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്സുകളോടുകൂടി സർക്കാർ പോളിടെക്നിക്ക് കോളേജ് ആരംഭിക്കും.

പ്രിൻസിപ്പൽ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസർ – നാല്, വർക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോൺസ്ട്രേറ്റർ ഇൻ എഞ്ചിനിയറിങ്ങ് – നാല്, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ – ഒന്ന്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ – ഒന്ന്, സീനിയർ സൂപ്രണ്ട് – ഒന്ന്, ഹെഡ് അകൗണ്ടന്റ് – ഒന്ന്, ക്ലർക്ക് – മൂന്ന്, അറ്റന്റർ ​ഗ്രേഡ് ടു – രണ്ട്, ലൈബ്രേറിയൻ – ഒന്ന്, ഓഫീസ് അറ്റന്റന്റ് – രണ്ട്, വാച്ച്മാൻ രണ്ട്, കാഷ്വൽ സ്വീപ്പർ രണ്ട് എന്നിങ്ങനെ തസ്തികകളും സൃഷ്ടിക്കും.

സൗജന്യ നിരക്കിൽ ഭൂമി

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ സൗജന്യ നിരക്കിൽ ഭൂമി അനുവദിക്കും.

ടെണ്ടർ അം​ഗീകരിച്ചു

ആലപ്പുഴ നെടുമുടി – കരുവാറ്റ റോഡിലെ മുതലക്കുറിശ്ശിക്കൽ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടർ അംഗീകരിച്ചു.

ചട്ടങ്ങളിൽ ഇളവ്

കൊല്ലം ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് ( ദേശീയപാത 544) എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ വസ്തുക്കളായ കരിങ്കൽ ഉൽപനങ്ങൾ, മണ്ണ് എന്നിവയുടെ ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട റോയൽറ്റി ഒഴിവാക്കാൻ തീരുമാനിച്ചു. പൊതുതാൽപര്യം മുൻനിർത്തി 2015ലെ കെഎംഎംസി ചട്ടങ്ങളിൽ ഇളവു വരുത്തി നിബന്ധനകൾക്ക് വിധേയമായാണ് ഒഴിവാക്കുക.

തിരുവനന്തപുരം: വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശേഷമാണ് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയത്.

നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-നാണ് എത്തിച്ചേരുന്നത്. മഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കും. ബഹു കേന്ദ്ര തുറമുഖ, ഷിപ്പിംഗ് & വാട്ടർവേയ്സ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. 10ന് രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടുന്ന കപ്പൽ പിറ്റേന്ന് ഉച്ചയോടെ കൊളംബോയിലെത്തും.

വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യും മുൻപ് ഓട്ടോമേറ്റഡ് ക്രെയിനുകളടക്കം സർവ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പിക്കാനാണ് മദർഷിപ്പ് എത്തിക്കുന്നത്. 23ക്രെയിനുകൾ കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ ഇത് നിയന്ത്രിക്കും. വിമാനത്താവളങ്ങളിലെ എയർട്രാഫിക് കൺട്രോളിന് സമാനമാണിത്. കപ്പൽ നങ്കൂരമിടുന്നതും കാർഗോ ഇറക്കുന്നതുമെല്ലാം നിയന്ത്രിക്കുന്നത് ഈ സെന്ററാണ്. സാൻഫെർണാണ്ടോയിൽ നിന്ന് ഇറക്കുന്ന കണ്ടെയ്നറുകൾ ചെറിയ ഫീഡർ കപ്പലുകളിലേക്ക് രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോവും.
ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് അംഗീകാരം, കസ്റ്റോഡിയൻ കോഡ് അംഗീകാരം, ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് ക്ലിയറൻസ് എന്നിവ ലഭിച്ചാലുടൻ തുറമുഖം കമ്മിഷൻ ചെയ്യാം.

തിരുവനന്തപുരം: കീം ആദ്യ ഓൺലൈൻ പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു, കേരള സിലബസിൽ പ്ലസ്ടു പൂർത്തിയാക്കിയ 2034 പേർ പട്ടികയിലുണ്ട്. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഓൺലൈനായി നടത്തിയ പരീക്ഷയുടെ ഫലമാണ് പരീക്ഷ നടന്ന് കൃത്യം ഒരു മാസം പിന്നിടുമ്പോൾ പ്രസിദ്ധപ്പെടുത്തി.

79,044 (എഴുപത്തി ഒൻപതിനായിരത്തി നാല്പത്തിനാല്) വിദ്യാർത്ഥികളാണ് ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായി നടന്ന ആദ്യ ‘കീം’ ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലും ന്യൂഡൽഹി, മുംബൈ, ദുബൈ കേന്ദ്രങ്ങളിലുമായിരുന്നു പരീക്ഷ.

79044 (38853 പെൺകുട്ടികളും 40190 ആൺകുട്ടികളും) വിദ്യാർത്ഥികൾ എഴുതിയ പ്രവേശനപരീക്ഷയിൽ 58340 പേർ (27524 പെൺകുട്ടികളും 30815 ആൺകുട്ടികളും) യോഗ്യത നേടി. അതിൽ 52500 പേരാണ് (24646 പെൺകുട്ടികളും 27854 ആൺകുട്ടികളും) റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. യോഗ്യത നേടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 4261 വർധിച്ചു. പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണത്തിലും 2829 പേരുടെ വർധനയുണ്ടായി. പരീക്ഷയെഴുതുകയും യോഗ്യത നേടുകയും ചെയ്ത ഏക ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് റാങ്ക് പട്ടികയിൽ ഉൾപ്പെടാനായില്ല.

ആദ്യ നൂറു റാങ്കിൽ 13 പെൺകുട്ടികൾ ഉൾപ്പെട്ടു. 87 ആൺകുട്ടികളും. ആദ്യ നൂറു റാങ്കിൽ ഉൾപ്പെട്ട 75 പേർ ഒന്നാം അവസരത്തിൽതന്നെയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ടാം അവസരത്തിൽ ഈ റാങ്കിനുള്ളിൽ വന്നവർ 25 പേരാണ്. ആദ്യ നൂറു റാങ്കിൽ കൂടുതൽ പേർ ഉൾപ്പെട്ടത് എറണാകുളം ജില്ലയിൽ നിന്നാണ് – 24 പേർ. തിരുവനന്തപുരവും (15 പേർ) കോട്ടയവുമാണ് (11) തൊട്ടു പിന്നിൽ.
എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത് – 6568 പേർ. ഏറ്റവുമധികം പേർ ആദ്യ 1000 റാങ്കുകളിൽ ഉൾപ്പെട്ടതും എറണാകുളം ജില്ലയിൽ നിന്നാണ് – 170 പേർ.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് റോഡിലൂടെയുള്ള ചരക്ക് നീക്കത്തേക്കാൾ ട്രാൻഷിപ്പ്‌മെന്റിനാണ് പരിഗണനയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. വിഴിഞ്ഞം തുറമുഖം മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

നിരവധി മന്ത്രിമാർ വിഴിഞ്ഞം പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരെയെല്ലാം തുറമുഖം കമ്മിഷൻ ചെയ്യുന്ന അവസരത്തിൽ ക്ഷണിക്കുമെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ളവർക്കെല്ലാം അത് നൽകും. വിഴിഞ്ഞം തുറമുഖത്തിനുള്ള ഗ്യാപ് വയബിലിറ്റി ഫണ്ട് കേന്ദ്രം നൽകാനുണ്ട്. ഈ മാസം തുക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുറമുഖത്തെത്തുന്ന സാൻ ഫെർണാണ്ടോ കപ്പലിൽ നിന്ന് 1960 കണ്ടെയ്‌നറുകൾ വിഴിഞ്ഞം തുറമുഖത്ത് ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നർ യാർഡിലേക്ക് ഇറക്കാനും അനായാസം കപ്പലിലേക്ക് കയറ്റാനുമായി 31 ക്രെയിനുകളാണുള്ളത്. ഇതിൽ 23 എണ്ണം യാർഡ് ക്രെയിനുകളും, 8 എണ്ണം ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ്. യാർഡ് ക്രെയിനുകൾ ഫുള്ളി ഓട്ടോമാറ്റിക്കായും, ഷിപ്പ് ടു ഷോർ ക്രെയിനുകൾ സെമി ഓട്ടോമാറ്റിക്കായുമാണ് പ്രവർത്തിക്കുന്നത്. പോർട്ട് ഓപ്പറേഷൻ ബിൽഡിങ്ങിൽ റിമോട്ട് കൺട്രോൾ ഓപ്പറേഷൻ സെന്ററിലെ റിമോട്ട് കൺട്രോൾ ഓപ്പറേറ്റിങ് ഡെസ്‌ക് വളരെ സൂക്ഷ്മതയോടെയാണ് ഈ പ്രവർത്തി നിർവഹിക്കുന്നത്.

സ്വീഡനിൽ നിന്ന് ഇറക്കുമതി ചെയ്ത ഈ ഓപ്പറേഷൻ കൺട്രോൾ യൂണിറ്റ് നിലവിൽ ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക സംവിധാനമാണ്. വളരെ വൈദഗ്ദ്യമുള്ള ജീവനക്കാരാണ് ഇവ നിയന്ത്രിക്കുന്നത്. 16 ക്യാമറകളാണ് ഓരോ ക്രെയിനിലും ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നതിൽ വെച്ച് ഏറ്റവും അത്യാധുനിക സംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് ക്രെയിനുകൾ.