തിരുവനന്തപുരം: തമ്പാനൂരിൽ റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ല.
ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇവർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരൻ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോട്ടിൽ ഒരാളെ കാണാതായിട്ടും റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദർശിക്കുകയോ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ ഒരു വിളിപ്പാടകലെ മാത്രമാണ് റെയിൽവേ ഡിവിഷണൽ ഓഫീസ്. 1995ൽ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഈ യോഗങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. ഇപ്പോഴുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

