തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ആരാണ് കൊണ്ടുവന്നതെന്ന് ജനങ്ങൾക്കറിയാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തള്ളുകാർക്കൊപ്പം തള്ളാൻ താൻ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈ വച്ച് പറയണം. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അതിനായുള്ള ക്രെഡിറ്റെടുക്കാൻ ശ്രമിക്കുന്നത്. 1997 മുതൽ ഇതുമായി ബന്ധപ്പെട്ട് സമരങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ പദ്ധതി നടപ്പിലായപ്പോൾ പദ്ധതിക്കൊപ്പം നിലകൊള്ളാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും ചെയ്തിരുന്നു.

