യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ച് എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും; പി രാജീവ്

കൊച്ചി: നിക്ഷേപം ആകർഷിച്ചും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചും എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ദ്വിദിന രാജ്യാന്തര ജെനറേറ്റീവ് എഐ കോൺക്ലേവിൽ സെഷനിൽ എഐ പ്രോത്സാഹനത്തിനായുള്ള സർക്കാർ ഉദ്യമങ്ങളെക്കുറിച്ചുള്ള സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ (കെഎസ്‌ഐഡിസി) ഐബിഎമ്മുമായി ചേർന്നാണ് കൊച്ചിയിൽ എഐ കോൺക്ലേവ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ വിജ്ഞാന സമൂഹമായും സമ്പദ് വ്യവസ്ഥയായും മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാൻ കേരളം തയ്യാറാണ്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ സംരംഭങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്തിൻറെ നേട്ടങ്ങളും പരിമിതികളും തിരിച്ചറിഞ്ഞാണ് പുതിയ വ്യാവസായിക നയത്തിന് സർക്കാർ രൂപം കൊടുത്തിരിക്കുന്നത്. വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയാണ് കേരളത്തിൻറെ പ്രധാന ശക്തി. എഐ, ബ്ലോക്ക് ചെയിൻ, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, റോബോട്ടിക്‌സ്, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ 22 മുൻഗണനാ മേഖലകളെ വ്യാവസായിക നയം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെ-സ്വിഫ്റ്റ് വഴി സംരംഭകർക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ലഘൂകരിക്കുകയും ചെയ്യുന്നതുൾപ്പെടെ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സ്വകാര്യ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിന് എട്ട് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ 52 അനുമതികൾ നൽകിയിട്ടുണ്ട്. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതും സർക്കാരിൻറെ നവീന സംരംഭങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ എഐ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി. എംഎസ്എംഇകളെ പിന്തുണയ്ക്കുന്നതിനായി എഐ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം പ്രധാന മേഖലകളിൽ എഐ അധിഷ്ഠിത പരിഹാരങ്ങളെയും വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു. വ്യവസായ-അക്കാദമിക് സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിരിക്കുന്നത് നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ സഹായിക്കും. ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, സ്ത്രീശാക്തീകരണം, ആരോഗ്യപരിരക്ഷയിലെ വൈദഗ്ധ്യം എന്നിവയിൽ സംസ്ഥാനം നൈപുണ്യമുള്ള ഭാവി തൊഴിലാളികളെ ഉറപ്പാക്കുന്നു.

മികച്ച അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപസൗഹൃദ അന്തരീക്ഷവും ഒരുക്കി വ്യവസായ സംരംഭങ്ങൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്നതായി മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. 2023 ലെ വ്യാവസായിക നയത്തിൽ സംരംഭകത്വം, അടിസ്ഥാന സൗകര്യങ്ങൾ, ഹൈടെക് പരിവർത്തനം, നൈപുണ്യ വികസനം, ബ്രാൻഡ് ഇക്വിറ്റി, ബിസിനസ് അന്തരീക്ഷം, മേഖലാ വ്യവസായവൽക്കരണം എന്നിവ ഏഴ് പ്രധാന മേഖലകളായി കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള ഐടി ഫോർവേഡ് സ്ട്രാറ്റജി അനുസരിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഐടി, ഇലക്ട്രോണിക്‌സ് വ്യവസായത്തിൻറെ 10 ശതമാനം സംഭാവന ചെയ്യാൻ കേരളം തയ്യാറെടുക്കുകയാണെന്ന് ഇലക്ട്രോണിക്‌സ്-ഐടി സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ അവതരണത്തിൽ പറഞ്ഞു. ഐടി നയം ഇ-ഗവേണൻസ്, സ്മാർട്ട് ഗവൺമെൻറ്, അടിസ്ഥാനസൗകര്യ വികസനം, മാനവ വിഭവശേഷി വികസനം, ഇന്നൊവേഷൻ, സ്റ്റാർട്ടപ്പുകൾ, പുതിയ സാങ്കേതികവിദ്യകൾ, ഡാറ്റ മാനേജ്‌മെൻറ് എന്നിവ പ്രാപ്തമാക്കും. ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടാനാകും.

കേരള ഡിജിറ്റൽ സർവ്വകലാശാലയിൽ എഐ പവർഡ് ഹൈ കപ്പാസിറ്റി ഡാറ്റാ സെൻറർ സ്ഥാപിക്കും. കേരളത്തിലെ എല്ലാ ജനിതക വിവരങ്ങളുടെയും ശേഖരം കേരള ജീനോം ഡാറ്റാ സെൻറർ (കെജിഡിസി) ആയിരിക്കുമെന്നും ഇത് 125-ലധികം ലൈഫ് സയൻസസ് സ്ഥാപനങ്ങളെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.