General (Page 165)

തിരുവനന്തപുരം: ആമയിഴഞ്ചൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ
അടിയന്തര യോഗം വിളിച്ചു.

18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.

ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.

തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ 17 നു രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൺചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികൾ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും. ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള 1200 ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടറിയേറ്റ് അങ്കണത്തിൽ നടാൻ തീരുമാനിച്ചിട്ടുണ്ട്.

560 ചെടിച്ചട്ടികളിൽ വഴുതന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകൾ നടും. ചീര, മത്തൻ, നിത്യവഴുതന, പടവലം, വെള്ളരി, സാലഡ് വെള്ളരി, പയർ, പാവൽ എന്നീ പച്ചക്കറികൾ നിലത്തും നട്ട് പരിപാലിക്കും. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകൾ വിതരണം ചെയ്യും. ഉദ്ഘാടന വേളയിൽ വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും നിസാമുദ്ദീനിലേക്ക് പോകുന്ന രാജധാനി ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവേയുടെ സംസ്ഥാനത്തെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര റെയിൽവേ മന്ത്രിയോടും ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിലെ ഏറ്റവും വാണിജ്യപ്രധാന്യവും യാത്രാ തിരക്കുമുള്ള റെയിൽവേ സ്റ്റേഷനാണ് തിരൂർ. രാജധാനിക്ക് സ്റ്റോപ് ഇല്ലാത്തതിനാൽ ജില്ലയിൽ നിന്നുള്ള യാത്രക്കാർ ഏറെ ദൂരെയുള്ള ഷൊർണൂർ, തൃശ്ശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ പോയി കയറേണ്ടിവരുന്നു. ഇത് യാത്രക്കാർക്കും, ചരക്കുകൾ അയയ്ക്കുന്നവർക്കും വലിയ പണച്ചെലവും സമയനഷ്ടവും വരുത്തുന്നു.

രാജധാനി ട്രെയിനിൽ ഡൽഹിയിലേക്കും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കുമുള്ള യാത്രക്കാരിൽ വലിയ ശതമാനവും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇക്കാര്യത്തിൽ അനുഭാവ പൂർണമായ തീരുമാനം എടുക്കുവാൻ റെയിൽവേ തയ്യാറാകണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.

ആലപ്പുഴ: വിദ്യാഭ്യാസ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ എല്ലാ കണക്കെടുപ്പിലും കേരളം പ്രഥമ ശ്രേണിയിലാണെന്നും പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ തലത്തിൽ നീറ്റും, നെറ്റും പരീക്ഷകൾ എല്ലാം തന്നെ തകിടം മറിച്ച് വിദ്യാർത്ഥികളെ കണ്ണീരു കുടിപ്പിക്കുന്ന സാഹചര്യമുള്ളപ്പോളാണ് കേരളം പരീക്ഷാ നടത്തിപ്പിൽ മാതൃകയാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീർക്കുന്നം എസ്.ഡി.വി. ഗവൺമെന്റ് യു.പി. സ്‌കൂളിലെ പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. കഴിഞ്ഞ എട്ടുവർഷംകൊണ്ട് 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ആണ് പൊതു വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി നാൽപത്തി നാല് അധ്യാപക ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകി. എയിഡഡ് മേഖലയിലെ നിയമന അംഗീകാരം നൽകിയതും അടക്കം മുപ്പതിനായിരത്തി അഞ്ഞൂറ്റി അറുപത്തി നാല് (30,564) നിയമനങ്ങൾ നടത്തിയിട്ടുണ്ട്.
സ്‌കൂൾ കായികരംഗത്ത് സമഗ്ര പരിഷ്‌കരണം ലക്ഷ്യം വെയ്ക്കുകയാണ്. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപിക്‌സ് മാതൃകയിൽ ഉയർത്തിക്കൊണ്ടു വരാനുള്ള പദ്ധതി നമ്മൾ നടപ്പാക്കുകയാണ്. പ്രൈമറി വിഭാഗം കുട്ടികളുടെ സമഗ്ര കായിക വികസനത്തിന് ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പിലാക്കുന്നതായും മന്ത്രി പറഞ്ഞു. സ്‌കൂൾ പഠനസമയത്ത് ചെയ്യാൻ കഴിയുന്ന പത്ത് മിനിട്ട് വീതം ദൈർഘ്യമുള്ള വ്യായാമ പരിപാടിയിൽ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കാൻ ഫിറ്റ്‌നസ് ബെൽ സംവിധാനം കൊണ്ടു വരാൻ ആലോചിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

മുൻമന്ത്രി ജി. സുധാകരന്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച നീർക്കുന്നം എസ്.ഡി.വി. ഗവ. യു.പി. സ്‌കൂൾ കെട്ടിടത്തിൽ പുതുതായി ആറ് ക്ലാസ് മുറികളാണ് ഉദ്ഘാടനം ചെയ്തത്. എച്ച്.സലാം എം.എൽ.എ രചിച്ച് രാജു പനയ്ക്കൽ സംഗീത സംവിധാനം നിർവഹിച്ച് അധ്യാപകർ പാടിയ നൃത്താവിഷ്‌കാരത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്് എസ്. ഹാരിസ്, വൈസ് പ്രസിഡന്റ് പി.എം. ദീപ, ജില്ല പഞ്ചായത്തംഗം പി. അഞ്ചു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വി. ധ്യാനസുതൻ, പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗം സുനിതാ പ്രദീപ്, സ്‌കൂൾ എച്ച്.എം. എ. നദീറ, ആലപ്പുഴ ഡി.ഡി.ഇ. ഇ.എസ്. ശ്രീലത, ആലപ്പുഴ ഡി.ഇ.ഒ. എൽ. പവിഴകുമാരി, വിദ്യാകിരണം കോർഡിനേറ്റർ എ.ജെ. ജയകൃഷ്ണൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എ.നിഹാൽ, സീന മനോജ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്കോ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന സപ്ലൈയർമാർക്ക് തുക നൽകുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകും.

വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ആവശ്യത്തിനായി ബജറ്റിലെ വകയിരുത്തൽ 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അടുത്ത ആറ് മാസത്തിനുള്ളിൽ മുഖം നോക്കാതെ കർശന നടപടിയുണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കിൽ ദുരന്തനിവാരണ ആക്ട് ഉൾപ്പെടെ പ്രയോഗിക്കും. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് കഴിഞ്ഞ ഒരു വർഷമായി സർക്കാർ തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിൽ നല്ല നേട്ടമുണ്ടാക്കുകയും ചെയ്തു. അതിനിടെയാണ് റെയിൽവേയുടെ അധീനതയിലുള്ള പ്രദേശത്ത് മാലിന്യം നീക്കം ചെയ്യാനിറങ്ങിയ വ്യക്തി ഒഴുക്കിൽപെട്ട് മരിക്കുന്ന സംഭവം ഉണ്ടായത്. കോർപറേഷനോ സർക്കാരിനോ നേരിട്ട് ഇടപെടാനാകാത്ത സ്ഥലമാണ് റെയിൽവേയുടേത്. റെയിൽവേ ആക്ട് അനുസരിച്ച് റെയിൽവേയുടെ സ്ഥലത്ത് മാലിന്യ നീക്കത്തിൽ ഇടപെടുന്നത് റെയിൽവേ തടയുകയായിരുന്നു. 2011ലെ റെയിൽവേ സർക്കുലർ അനുസരിച്ച് റെയിൽവേയുടെ സ്ഥലത്തെ മാലിന്യ നീക്കത്തിന്റെ ഉത്തരവാദിത്തം റെയിൽവേയ്ക്കാണ്. റെയിൽവേ സ്റ്റേഷനുകളിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് നിരവധി തവണ യോഗം വിളിച്ചു. 2024 ജനുവരി 31ന് അഡീഷണൽ ചീഫ് സെക്രട്ടറി കേരളത്തിലെ രണ്ട് റെയിൽവേ ഡിവിഷണൽ മാനേജർമാർക്കും കത്ത് നൽകി.

തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മറുപടി പോലും നൽകിയില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു. അതിലും രണ്ട് ഡി ആർ എം മാരും പങ്കെടുത്തില്ല. പകരം ജൂനിയർ ഓഫീസർമാരെയാണ് അയച്ചത്. റെയിൽവേയുടെ മാലിന്യ പ്രശ്‌നം സംബന്ധിച്ച് ഹൈക്കോടതി തന്നെ റെയിൽവേയെ വിമർശിച്ചിട്ടുണ്ട്. റെയിൽവേ വൻകിട മാലിന്യ ഉത്പാദകർ ആണെന്നാണ് ഹൈക്കോടതി പറഞ്ഞത്. മെയ് അഞ്ചിന് തിരുവനന്തപുരം ഡിവിഷന് കോർപറേഷൻ നോട്ടീസ് നൽകി. മെയ് 17ന് വീണ്ടും കത്ത് നൽകി. തുടർന്ന് തന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രൊസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് കാട്ടി കോർപറേഷൻ നോട്ടീസ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. മെയ് 23ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടും നോട്ടീസ് നൽകി. തുടർന്നാണ് മാലിന്യ നീക്കത്തിന് റെയിൽവേ കരാർ നൽകിയത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ അപകടുണ്ടായി ജീവൻ നഷ്ടപ്പെട്ട ജോയിയുടെ നിര്യാണത്തിൽ സർക്കാരിനു വേണ്ടി അനുശോചനം അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ജോയിയെ കണ്ടെത്താൻ നടന്നത്. ഇതിനായി അണിനിരന്ന എല്ലാവരെയും സർക്കാരിനു വേണ്ടി അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജനം എല്ലാവരും ചേർന്ന് ഒരുമിച്ച് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. ഇത്തരത്തിൽ മാലിന്യം കുന്നുകൂടുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിനായി അടുത്ത ആറ് മാസത്തിനുള്ളിൽ 11 ലക്ഷ്യങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിന് സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഇതിനായി പ്രത്യേക ഇടപെടലുണ്ടാകും. അടുത്ത ഡിസംബറിനുള്ളിൽ വാതിൽപ്പടി ശേഖരണം നൂറു ശതമാനമാക്കും. ജനസംഖ്യാനുപാതികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബിന്നുകൾ സ്ഥാപിക്കും. മാലിന്യ പോയിന്റുകൾ പൂർണമായി ഇല്ലാതാക്കും. കാമറ നിരീക്ഷണം ശക്തമാക്കും. 2025 ഫെബ്രുവരിയോടെ ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കും. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമ്പൂർണ ശുചിത്വം ഉറപ്പാക്കുകയും ശുചിത്വ ഓഡിറ്റ് നടത്തുകയും ചെയ്യും. ഒരു ജില്ലയിൽ ഒരു ആർ ഡി എഫ് പ്‌ളാന്റ് ഉറപ്പാക്കും. അടുത്ത മാർച്ചിനകം ഒരു ജില്ലയിൽ കുറഞ്ഞത് ഒരു എസ്. ടി. പി, എഫ് എസ് ടി പി സ്ഥാപിക്കും. നിലവിൽ 9 എണ്ണം സ്ഥാപിച്ചിട്ടുണ്ട്. മൊബൈൽ എസ് ടി പികൾ വ്യാപകമാക്കും. 20 സൈറ്റുകളിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്യാൻ ടെൻഡർ നൽകിയതായി മന്ത്രി അറിയിച്ചു. ലെതർ ഉൾപ്പെടെയുള്ള മാലിന്യം ഹരിതകർമ സേന ശേഖരിക്കുന്നതിന് നടപടി സ്വീകരിക്കും. സാനിറ്ററി മാലിന്യവും റീസൈക്കിൾ ചെയ്യാൻ സാധിക്കാത്ത മാലിന്യവും സംസ്‌ക്കരിക്കുന്നതിനുള്ള മെഷീൻ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരിക്കലും സംഭവിക്കാനും ആവർത്തിക്കാനും പാടില്ലാത്ത ദുരന്തമാണ് തിരുവനന്തപുരത്ത് സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം: ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണ്. ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂർ ഭാ​ഗത്തു നിന്ന് കണ്ടെത്തിയത്. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

ജോയിയെ കണ്ടെത്താൻ 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു. ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി.

അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫീസിൽ നടക്കുന്ന അടുത്ത സിറ്റിങിൽ കേസ് പരിഗണിക്കും.

തോട് വ്യത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കൽ നടന്നതെന്ന് പറയുന്നു. ടൺ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്ന കാര്യത്തിൽ റയിൽവേയും നഗരസഭയും തമ്മിൽ തർക്കമുണ്ടെന്നും വാർത്തകളുണ്ട്. രക്ഷാദൗത്യം നടത്താൻ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.