General (Page 157)

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി ഫയൽ നീക്കം തടസപ്പെട്ടു. റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ മുതൽ സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് തകരാറിലായതോടെയാണ് ഫയൽനീക്കം പൂർണമായും നിലച്ചത്.

ഇ -ഫയലിംങ് സംവിധാനങ്ങളുടെ തകരാറുകൾ പരിശോധിക്കുന്ന നാഷണൽ ഇൻഫാമാറ്റിക് സെന്റർ തകരാർ പരിഹരിക്കുന്നതിനായുള്ള ഇടപെടൽ നടത്തിയെങ്കിലും പ്രശ്‌നം ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

ഡൽഹിയിൽ നിന്നുള്ള വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ എന്നാണ് ഐടി വകുപ്പ് പറയുന്നത്.

തിരുവനന്തപുരം: രജിസ്‌ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്‌ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്‌നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്‌ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് വകുപ്പിൽ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികൾ വിശദീകരിച്ചു. എൻഐസി ഉദ്യോഗസ്ഥർ എന്റെ ഭൂമി പേർട്ടലിലെ ആധാരം രജിസ്‌ട്രേഷൻ നടപടികൾ പരിചയപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചയിൽ ആധാരം എഴുത്തുകാർ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആധാരം എഴുത്ത് ഫീസ് വർധിപ്പിക്കണം, ഡോക്യുമെന്റ് വർക്കേഴ്‌സ് ആക്ട് കൊണ്ടുവരണം, ആർക്കും ആധാരം എഴുതാം എന്ന ഉത്തരവ് പിൻവലിക്കണം, എന്റെ ഭൂമി പോർട്ടലിലെ ലോഗിൻ അവകാശം ആധാരം എഴുത്തുകാർക്കായി പരിമിതപ്പെടുത്തണം, ഓണം ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കണം, ഉദ്യോഗസ്ഥരുടെ നിസ്സഹകരണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ സംഘടനപ്രതിനിധികൾ ചർച്ചയിൽ ഉന്നയിച്ചു. ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും ആധാരം ആർക്കും എഴുതാനുള്ള അവകാശം നൽകുന്ന ഉത്തരവ് പിൻവലിക്കുക എന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി മറുപടിയായി വ്യക്തമാക്കി.

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ഇന്ത്യയുടെ വളർച്ചയും സമൃദ്ധിയും ആഗോളതലത്തിലെ പ്രതിസന്ധികൾ എങ്ങനെ ഇന്ത്യ കൈകാര്യം ചെയ്തുവെന്നും വ്യക്തമാക്കുന്ന ബജറ്റാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. നിരവധി മേഖലകൾക്ക് ബജറ്റ് പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യവും വിദ്യാഭ്യാസവും, നഗര വളർച്ച, കാർഷിക രംഗം, രാജ്യത്തിന്റെ വികസനം തുടങ്ങി നിരവധി മേഖലകളിലാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മറ്റ് രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. .

ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിന്നപ്പോഴും ഇന്ത്യയ്ക്ക് തരണം ചെയ്യാൻ സാധിച്ചു. പണപ്പെരുപ്പത്തെ എങ്ങനെ ഭാരതം തടഞ്ഞുവെന്ന് ബജറ്റിൽ ഉയർത്തിക്കാട്ടുന്നുണ്ട്. വിദേശ നിക്ഷേപങ്ങൾ എങ്ങനെ കൂടുതലായി എത്തിക്കാമെന്നും സാങ്കേതികവിദ്യകൾ കൂടുതലായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഈ ഘട്ടത്തിൽ ആലോചിക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യാത്ര സുഗമമാക്കുന്നതിനും അവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും ബജറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്‌സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.

2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് 2023 ജൂലൈയിൽ ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.

ബ്രിട്ടൻ, ലണ്ടൻ സർവകലാശാല, യു.കെ എന്നിവിടങ്ങളിൽ നിന്നും നിയമ പരിശീലനം നേടിയ ന്യായാധിപനാണ് അദ്ദേഹം. ഭരണഘടനാ , ക്രിമിനൽ, സിവിൽ, തൊഴിൽ, സർവീസ്, കമ്പനി നിയമങ്ങളിൽ അവഗാഹതയുള്ള ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: ഓണത്തിന് എ എ വൈ വിഭാഗങ്ങൾക്ക് സൗജന്യ കിറ്റും മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ പഞ്ചസാരയും വിതരണം നടത്താൻ സർക്കാർ തീരുമാനിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി എ എ വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈകോ വഴി ഓണത്തിനു മുൻപ് വിതരണം ചെയ്യാനാണ് നിർദേശം. ഒപ്പം പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജിതമാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും എർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദർശനം നടത്തിയത്.

പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ബി എം ബി സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്നങ്ങൾ പരിഹരിക്കും. നിലവിൽ നിലക്കലിൽ 8000 വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും എരുമേലിയിൽ 1100 വാഹനങ്ങളുടെ പാർക്കിംഗ് എന്നുള്ളത് രണ്ടായിരമായി വർധിപ്പിക്കും. ആവശ്യമായ ആറേക്കർ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ കളക്ടർ സ്വീകരിച്ചു വരികയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ മുഴുവൻ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തിര ആരോഗ്യ പരിപാലനത്തിന് ആക്സിഡന്റ് ട്രോമാകെയർ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടി എം ടി അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവിൽ നിൽക്കുന്ന ഭക്തരുടെ അടിയന്തിര ചികിത്സാർത്ഥം വോളണ്ടിയർമാർക്ക് സി പി ആർ പരിശീലനം നൽകും. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പ്രത്യേക സെൽ ആരംഭിക്കും. നിലവിൽ മൂന്ന് ആംബുലൻസ് എന്നുള്ളത് നാലായി ഉയർത്തുകയും നാലാമത്തെ ആംബുലൻസ് മരക്കൂട്ടം ഭാഗത്ത് സേവനം നൽകുകയും ചെയ്യും.

ഭക്തർക്ക് ശുദ്ധമായ ദാഹജലം നൽകുന്നതിനുള്ള 4000 ലിറ്റർ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കടകളിൽ വിൽക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷൻ സ്വീകരിക്കും.

വന്യമൃഗ ശല്യമില്ലാതെ ദർശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാൻ വനം വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവിൽ പ്രതിദിനം 80000 ഭക്തജനങ്ങളെയായിരിക്കും വിർച്വൽ ക്യൂവിലൂടെ ദർശനത്തിനനുവദിക്കുക. സന്നിധാനത്തും പമ്പയിലും എത്തുന്ന ഭക്തർക്ക് വെയിലും മഴയും ഏൽക്കാതിരിക്കുന്നതിനാവശ്യമായ മേൽക്കൂരകളുടെ നിർമാണ പ്രവർത്തനം ദേവസ്വം ബോർഡ് ഉടൻ ആരംഭിക്കും. ശബരിമലയിലെ റോപ് വേ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതവും സന്തോഷകരവുമായ മണ്ഡല മകരവിളക്ക് കാലത്തിന് എല്ലാവരുടെയും സഹായ സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിൽ കുറവുണ്ടാകുക. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും. ലോക്‌സഭ തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻറെ വലിയ പരാജയത്തിന് ഒരു കാരണമായി കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധനവാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. അത് കൊണ്ട് ആ വിഷയത്തിൽ വളരെ പെട്ടെന്നുള്ള ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്‌ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്‌ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്‌ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടതെന്നാണ് പുറത്തു വരുന്ന വിവരം. ജീവനക്കാരടക്കം 19 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്.

ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിന്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നുവെന്നാണ് സൂചന.

തിരുവനന്തപുരം: ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന പ്രയോഗം അന്വർഥമായത് കുടുംബശ്രീയുടെ വരവോടെയാണ്. പുരുഷന്മാർ മാത്രമുള്ള സദസുകളും വേദികളും എന്നത് മാറി എല്ലാ മേഖലയിലേക്കും സ്ത്രീ ശക്തി കടന്നുവന്നു. സാമൂഹികമായ ഉന്നമനത്തിനൊപ്പം വരുമാനത്തിലൂടെ സാമ്പത്തിക ശാക്തീകരണവും നടന്നു. തെരഞ്ഞെടുപ്പിലും ജനപ്രതിനിധികളെന്ന നിലയിലും കുടുംബശ്രീ അംഗങ്ങൾക്ക് അംഗീകാരം ലഭിച്ചപ്പോൾ അത് സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റമായി മാറി. ഇന്ന് ഉത്പാദന, വിപണന, സേവന മേഖലകളിലടക്കം പുതു ബ്രാൻഡുകൾ സൃഷ്ടിക്കാൻ കഴിയുന്നതലത്തിലേക്ക് കുടുംബശ്രീ ഉയർന്നു. ഇതിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കേരളത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായുള്ള ഓണക്കനി 2024 പദ്ധതിയും കുടുംബശ്രീ കർഷക സംഘങ്ങളുടെ പൂകൃഷി ചെയ്യുന്ന നിറപ്പൊലിമ പദ്ധതിയും. പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകൾക്ക് മാന്യമായ വരുമാന മാർഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 1250 ഏക്കറിൽ 3350 വനിതകൾ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്. ഒരേക്കർ കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് റിവോൾവിങ് ഫണ്ട് ഇനത്തിൽ നൽകുന്നത്. പൂവിനായി ഏറെയും മറ്റു സംസ്ഥാനത്തെയാണ് നാം ആശ്രയിക്കുന്നത്. ഇതൊഴിവാക്കുന്നതിനും പൂവിപണിയിലൂടെ വനിതകൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് ‘നിറപ്പൊലിമ’ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ കുടുംബശ്രീയുടെ കീഴിൽ കേരളമൊട്ടാകെ 84327 കർഷക സംഘങ്ങളിലായി 3,92,682 വനിതകൾ ഇന്ന് കാർഷിക മേഖലയിൽ സജീവമാണ്. 17635 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെൻറിൽ കൂടുതൽ കൃഷി ചെയ്യുന്ന കർഷകർക്ക് ബാങ്ക് വായ്പയും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്സിഡിയും ഇൻസെന്റീവും ലഭിക്കും. 2023-24 സാമ്പത്തിക വർഷം മാത്രം 4.43 കോടി രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്സിഡി ഇനത്തിലും നൽകി. പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളിൽ പോഷക ഉദ്യാനങ്ങളൊരുക്കാൻ കഴിഞ്ഞു. വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ‘നേച്ചേഴ്സ് ഫ്രഷ്’ ഔട്ട്ലെറ്റുകൾ സംസ്ഥാനത്ത് 88 ബ്ളോക്കുകളിൽ പ്രവർത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഫാം ലൈവ്ലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ ആർ സുനിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാനക്കോട് ബാബാരോജ് എന്നിവർ സംബന്ധിച്ചു.

തിരുവനന്തപുരം: ചൊവ്വാഴ്ച്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ രാജൻ. കേരളം ഇന്ത്യയിൽ അല്ല എന്ന പോലെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപോകും. രണ്ട് കേന്ദ്ര സഹമന്ത്രിമാർ കേരളത്തിൽ ഉണ്ടായിട്ടു കൂടി കേരളത്തിന് വേണ്ടി ഇടപെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയിംസ് അടക്കം കേരളം പ്രതീക്ഷ പുലർത്തിയ പല പദ്ധതികളും ഉണ്ടായിരുന്നെങ്കിലും ഒരു പരിഗണനയും നൽകാത്ത ഈ ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണം. വിനോദ സഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നൽകുന്ന സംസ്ഥാനമായിട്ടു പോലും ഒരു കേന്ദ്ര ടൂറിസം സഹ മന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയിൽ പോലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് ഏറെ പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ധന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്. അർഹതപ്പെട്ട വിഹിതമെങ്കിലും കേരളത്തിന് ലഭിക്കാനായി കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാർ ഇടപെടണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.