ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മുഖ്യമന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് സർക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകൾ പരിഹരിച്ച്, മകരവിളക്ക് തീർത്ഥാടനത്തിന് എല്ലാ ഭക്തർക്കും സുഗമായ ദർശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തർക്ക് ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു.

എന്നാൽ ആ കടമയിൽ നിന്ന് സർക്കാർ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയിൽ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രത്തിലാദ്യമായി ഭക്തർ പാതിവഴിയിൽ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ അയ്യപ്പഭക്തന്മാർ സഞ്ചരിക്കുന്ന വാഹനങ്ങൾ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡിൽ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം. ശബരിമലയിൽ പോലീസിന്റെ പ്രവർത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാൻ സർക്കാർ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.