മന്ത്രിമാര്‍ രാജിവെച്ചെങ്കിലും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഇനി ആജീവനാന്തം പെന്‍ഷന്‍ ലഭിക്കും

തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സണൽ സ്റ്റാഫുകൾക്ക് പെൻഷൻ ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 37 പേർക്കും ഇനി ആജീവനാന്ത പെൻഷൻ ലഭിക്കും. അഹമ്മദ് ദേവർകോവിലും ആന്റണി രാജുവുമാണ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചത്. പുതിയ മന്ത്രിമാരുടെ സ്റ്റാഫിൽ പുതുതായി എത്തുന്ന സ്റ്റാഫുകൾക്കും പെൻഷൻ രണ്ടരവർഷം കഴിഞ്ഞു നൽകേണ്ടിവരും. 3450 രൂപ മുതൽ ആറായിരം രൂപ വരെയാണ് പെൻഷൻ ലഭിക്കുക. പുറമെ ഡിഎ അടക്കം മറ്റ് ആനുകൂല്യങ്ങളുമുണ്ട്.

21 പേരായിരുന്നു ആന്റണി രാജുവിന്റെ സ്റ്റാഫിൽ ആകെയുണ്ടായിരുന്നത്. ഇതിൽ 19 ഉം രാഷ്ട്രീയ നിയമനം. രണ്ട് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, ഒരു അഡീഷനൽ പി എ, ഒരു അസിസ്റ്റന്റ്, നാല് ക്ലർക്ക്, നാല് ഓഫീസ് അസിസ്റ്റന്റ്, രണ്ട് ഡ്രൈവർമാർ, ഒരു പാചകക്കാരൻ എന്നിങ്ങനെയായിരുന്നു ആന്റണി രാജുവിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നത്. 25 പേരായിരുന്നു അഹമ്മദ് ദേവർ കോവിലിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത്.