General (Page 158)

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ കെ-സ്മാർട്ട് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ കൊല്ലം കരുകോൺ സ്വദേശികളായ നൗഫൽ-ഷബ്‌ന ദമ്പതികൾക്ക് ജനിച്ച ആൺകുട്ടിയുടെ ജനനമാണ് കെ-സ്മാർട്ട് മുഖാന്തിരം രജിസ്റ്റർ ചെയ്തത്. ജനന സർട്ടിഫിക്കറ്റ് മേയർ ആര്യാ രാജേന്ദ്രൻ ബന്ധുക്കൾക്ക് കൈമാറിയാണ് കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. കുഞ്ഞ് ജനിച്ച് പത്ത് മിനിറ്റിനുള്ളിലാണ് സർട്ടിഫിക്കറ്റ് തയ്യാറായത്.

ജനനം നടന്ന് അൽപ്പ സമയത്തിനകം തന്നെ ആശുപത്രി കിയോസ്‌ക് മുഖേന ഓൺലൈൻ റിപ്പോർട്ട് കെ-സ്മാർട്ട് പോർട്ടലിൽ രേഖപ്പെടുത്തി. റിപ്പോർട്ട് ലഭിച്ച് 10 മിനിറ്റിനകം തന്നെ പരിശോധിച്ച് ജനനം രജിസ്റ്റർ ചെയ്തു. കുട്ടിക്ക് സഹാൻ ഐബക്ക് ബിൻ നൗഫൽ എന്ന പേര് ചേർത്ത ജനന സർട്ടിഫിക്കറ്റ് ആശുപത്രിയിൽ എത്തി മാതാപിതാക്കൾക്ക് കൈമാറി. ജനന സർട്ടിഫിക്കറ്റ് കൈമാറുന്ന ചിത്രം മേയർ ആര്യ രാജേന്ദ്രൻ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം സംബന്ധിച്ച വാർത്തകളും അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളും ലോകശ്രദ്ധ നേടിയിരുന്നു. ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും ആസ്വദിക്കുന്ന മോദിയുടെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ലക്ഷദ്വീപിന്റെ ടൂറിസ്റ്റ് സാധ്യതകളെ കുറിച്ചാണ് ചർച്ച നടക്കുന്നത്. ഇതിനിടെ വിവാദ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മാലദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മജീദ്. തങ്ങളുടെ റിസോർട്ട് അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ബീച്ച് ടൂറിസത്തിൽ ഇന്ത്യ കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നായിരുന്നു മാലദ്വീപ് മന്ത്രിയുടെ പോസ്റ്റ്. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്താണ് മന്ത്രി പോസ്റ്റിട്ടിരിക്കുന്നത്. ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് എല്ലാ വിജയവും ആശംസിച്ചെങ്കിലും മാലദ്വീപിനെ ഇങ്ങനെ വ്യക്തമായി ലക്ഷ്യമിടുന്നത് നയതന്ത്രപരമല്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലദ്വീപിന് പകരമായി ലക്ഷദ്വീപിനെ സോഷ്യൽ മീഡിയയിൽ പലരും ഉയർത്തിക്കാട്ടിയിരുന്നു. ഇതായിരിക്കും മന്ത്രിയെ ഇത്തരമൊരു പരാമർശം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

അതേസമയം, ലക്ഷദ്വീപിനെ ഉയർത്തിക്കാട്ടി അമിത് ഷായും രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിന് ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറാനുള്ള വലിയ സാധ്യതകളുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ലക്ഷദ്വീപിനെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് നന്ദി, ഇത് തീർച്ചയായും വിനോദസഞ്ചാരത്തെയും സമ്പദ് വ്വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും അതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന് അദ്ദേഹം എക്‌സ് മാദ്ധ്യമത്തിൽ കുറിച്ചു.

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മുൻ നിരകളിൽ ഒന്നായിരുന്ന സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൈഗര്‍ 3. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്പൈ ത്രില്ലറില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു.

ടൈഗര്‍ 3 ആമസോണ്‍ പ്രൈമില്‍ ഉടൻ തന്നെ എത്തും എന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് എന്നായിരിക്കും എന്ന് സൂചനയില്ല. എന്തായാലും ചിത്രം ആദ്യത്തെ ആഴ്ച റെന്‍റല്‍ അടിസ്ഥാനത്തിലായിരിക്കുമോ എന്നതിലും വ്യക്തതയില്ല. എന്നാല്‍ ജനുവരി അവസാനം റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചോ, അല്ലെങ്കില്‍ അതിന് മുന്‍പോ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് വിവരം.

വൈ.എസ്.ആർ.സി.പി വിടുകയാണെന്ന് പ്രഖ്യാപിച്ച് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. സോഷ്യൽ മീഡിയയിലൂടെയാണ് രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുന്നതായി താരം അറിയിച്ചത്. പാർട്ടിയിൽ ചേർന്ന് വെറും എട്ട് ദിവസം പിന്നിടുമ്പോഴാണ് റായിഡുവിൻ്റെ യു-ടേണ്‍.

\അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് 2023 ജൂണിൽ വിരമിക്കൽ പ്രഖ്യാപിച്ച റായിഡു രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ഒരാഴ്ച മുമ്പ് വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാണ് അമ്പാട്ടി റായിഡു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

‘വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ച കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇനി കുറച്ചുനാള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കാനാണ് തീരുമാനം. മറ്റു തീരുമാനങ്ങള്‍ ക്രമേണ അറിയിക്കുന്നതാണ്’- അമ്പാട്ടി റായിഡു ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്ത് എത്തിയതിലാണ് രാഷ്ട്രപതി ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്.

ഐഎസ്ആർഒ ദൗത്യങ്ങളിലെ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം ഉയർന്നു വരുന്നത് സ്ത്രീശാക്തീകരണത്തിന്റെ തെളിവാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.

ഐഎസ്ആർഒയുടെ മറ്റൊരു മഹത്തായ നേട്ടം! ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്റ് 1-ൽ നിന്നും ലക്ഷ്യസ്ഥാനത്തിൽ എത്തി. ഈ മഹത്തായ നേട്ടത്തിന് നേതൃത്വം വഹിച്ച എല്ലാ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ദൗത്യം സൂര്യ- ഭൗമ വ്യവസ്ഥയെ കുറിച്ചുള്ള നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുകയും മാനവരാശിക്ക് കൂടുതൽ പ്രയോജനപ്പെടുകയും ചെയ്യുമെന്ന് ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

ശനിയാഴ്ച്ചയാണ് ആദിത്യ എൽ 1 ലക്ഷ്യ സ്ഥാനത്തെത്തിയത്. വൈകിട്ട് 4:30- ഓടെയാണ് ആദിത്യ ഹാലോ ഓർബിറ്റിൽ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയായി മാറിയെന്ന നേട്ടവും ഐഎസ്ആർഒയ്ക്ക് സ്വന്തമായി.

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപണം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റൊരു അഭിമാനനേട്ടം കരസ്ഥമാക്കിയ സന്തോഷത്തിലാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കേരളത്തിൽ നിന്നുള്ള നാല് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ആദിത്യ എൽ1 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, എസ്.ഐ.എഫ്.എൽ, ടി.സി.സി, കെ.എ.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ആദിത്യ എൽ1 ദൗത്യത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

PSLV സി 57 ആദിത്യ എൽ1 മിഷന്റെ ഭാഗമായി PSLV റോക്കറ്റിനു വേണ്ടി കെൽട്രോണിൽ നിർമിച്ചിട്ടുള്ള 38 ഇലക്ട്രോണിക്‌സ് മൊഡ്യൂളുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ ദൗത്യത്തിനാവശ്യമായ വിവിധ തരം ഇലക്ട്രോണിക്‌സ് മോഡലുകളുടെ ടെസ്റ്റിംഗ് സപ്പോർട്ടും കെൽട്രോൺ നൽകിയിട്ടുണ്ട്. ആദിത്യ എൽ1 വിക്ഷേപണ വാഹനമായ PSLVയുടെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ എസ്.ഐ.എഫ്.എൽ തദ്ദേശീയമായി വികസിപ്പിച്ചു നൽകിയിട്ടുള്ളതാണ്. പ്രൊപ്പല്ലർ ടാങ്കിനാവശ്യമായ ടൈറ്റാനിയം അലോയ് ഫോർജിംഗ്സ്, 15CDV6 ഡോം ഫോർജിംഗ്സ് എന്നിവക്കൊപ്പം വികാസ് എഞ്ചിന്റെ പ്രധാന ഘടകമായ കൺവെർജെന്റ് ഡൈവേർജെന്റ് ഫോർജിംഗുകളും മറ്റു ഘടകങ്ങളായ പ്രിൻസിപ്പിൾ ഷാഫ്റ്റ്, ഇക്വിലിബിറിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്വിലിബ്രിയം റെഗുലേറ്റർ ബോഡി എന്നിവയും എസ്.ഐ.എഫ്.എൽ. തദ്ദേശീയമായി വികസിപ്പിച്ചതാണെന്ന് അദ്ദേഹം അറിയിച്ചു.

പദ്ധതിക്കാവശ്യമായ 150 മെട്രിക് ടൺ സോഡിയം ക്ലോറേറ്റ് ക്രിസ്റ്റലുകൾ ടി.സി.സിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിനു ആവശ്യമായ വിവിധതരം ഘടകങ്ങൾ വിതരണം ചെയ്തിരിക്കുന്നതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

ഭോപ്പാൽ: അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഗുജറാത്ത്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 26 പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാതായ അനാഥാലയത്തിന് രജിസ്‌ട്രേഷനില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ മാനേജരായ അനിൽ മാത്യുവിനെതിരെയും അനാഥാലയം നടത്തിപ്പുകാർക്കെതിരെയും പൊലീസ് കേസെടുത്തു.

കാണാതായ പെൺകുട്ടികൾ ഇപ്പോൾ എവിടെയാണെന്ന വിവരം അജ്ഞാതമാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രേഖകളിൽ 68 പെൺകുട്ടികളുടെ പേര് സൂചിപ്പിച്ചിരുന്നുവെങ്കിലും അതിൽ 26 പേരെ കാണാതായെന്ന് കണ്ടെത്തി.

ആറു വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അനാഥാലയത്തിൽ ഉണ്ടായിരുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ല ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്നതെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വിഷയത്തിൽ ഇടപെട്ടു.

ഗൂഡല്ലൂർ: മൂന്ന് വയസുകാരിയെ പുലി കടിച്ചു കൊന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് പന്തല്ലൂരിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് നാടുകാണിച്ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.

ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് മൂന്നുവയസുകാരിയെ പുലി കടിച്ചു കൊന്നത്. ജാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റെയും മിലൻ ദേവിയുടെയും മകൾ നാൻസിയ്ക്കാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത്. അങ്കണവാടിയിൽ നിന്ന് വരുന്നതിനിടെയാണ് സംഭവം നട്ന്നത്.

അതേസമയം വയനാട് വീണ്ടും കടുവയുടെ ആക്രമണം നടന്നു. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലിയിലാണ് കടുവയുടെ ആക്രമണ മുണ്ടായത്. പ്രദേശത്തെ പന്നി ഫാം കടുവ ആക്രമിച്ചു. ഏകദേശം അമ്പത് കിലോ തൂക്കമുള്ള 20 പന്നികളെ കടുവ കൊന്നു. ഫാമിൽ നിന്നും ഏകദേശം അമ്പത് മീറ്റർ മാറി വനാതിർത്തിയിലെ കുറ്റിക്കാട്ടിൽ പന്നികളുടെ ജഡം കൂട്ടത്തോടെ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

വയനാട്: സംസ്ഥാനത്തെ മുഴുവൻ പശുക്കൾക്കും സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കർഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയിൽ കൂടുതൽ പാൽ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാവുമന്ദം ലൂർദ് മാതാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനം പാൽ ഉത്പാദനത്തിൽ 90 ശതമാനം നേട്ടം കൈവരിച്ചതായും അധിക പാലായി 10 ശതമാനം ലഭിക്കേണ്ടതുണ്ട്. കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ജില്ലകളിൽ വയനാട് രണ്ടാമതാണ്. തണുത്ത കാലാവസ്ഥയിൽ കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും ക്ഷീര സംഘങ്ങളിലൂടെ ശേഖരിക്കുന്ന പാലിന്റെ കറവ സമയം മാറ്റിയ തോടെ പത്ത് ശതമാനം അധിക പാൽ ലഭ്യമാവുന്നതായും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാലിത്തീറ്റ, മറ്റ് തീറ്റ ഉത്പന്നങ്ങൾ കഴിച്ച് കന്നുകാലികൾ മരണപ്പെട്ടാൽ, മരണകാരണമായ ഭക്ഷണ ഉത്പന്നം ഇറക്കുമതി ചെയ്ത കമ്പനി കന്നുകാലിയെ വാങ്ങി നൽകണം. ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പകൾ ഉറപ്പാക്കും. സംസ്ഥാനത്തെ ഏല്ലാ ജില്ലയിലും കിടാരി പാർക്ക് ആരംഭിക്കുമെന്നും കിടാരി പാർക്കിൽ വളരുന്ന കന്നുക്കുട്ടികളെ കർഷകർക്ക് നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കർഷകരുടെ കുടുംബാഗംങ്ങൾക്ക് ചികിത്സക്കായുള്ള ക്ഷീര സാന്ത്വനം ഇൻഷൂറൻസ് പദ്ധതി പുന:സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 6000 പേരാണ് അംഗങ്ങളായിട്ടുള്ളത്. അപേക്ഷകർ ഓൺലൈനായി അപേക്ഷ നൽകണം. ക്ഷീരകർഷകങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കുന്നതിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. പശുക്കളെ കൃത്യതയോടെ പരിപാലിച്ച് പുതിയ ഇനം ബീജം കുത്തിവെച്ച് മികച്ച കിടാരികളിലൂടെ കൂടുതൽ പാൽ ഉത്പാദനത്തിനുള്ള സംവിധാനങ്ങൾ ഒരുക്കും. മൃഗസംരക്ഷണ പരിപാലനത്തിൽ കർഷകർക്ക് മികച്ച രീതിയിൽ ബോധവത്ക്കരണം നടത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ മികച്ച ക്ഷീരകർഷകൻ, വനിത ക്ഷീരകർഷക, പട്ടികജാതി -പട്ടികവർഗ്ഗ ക്ഷീരകർഷകൻ, മികച്ച യുവ ക്ഷീര കർഷകൻ എന്നിവരെ ആദരിച്ചും. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽപ്പെട്ട കർഷകർക്കുള്ള സഹായം കൈമാറി. കാവുമന്ദം ലൂർദ്മാതാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ക്ഷീരവികസന വകുപ്പ് ജോയിൻ ഡയറക്ടർ ശാലിനി ഗോപിനാഥ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ.രാംഗോപാൽ, ക്ഷീരസംഗമം കമ്മിറ്റി ചെയർമാൻ എം.ടി ജോൺ, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് ബഷീർ, എൻ.സി പ്രസാദ്, തരിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ പുഷ്പ മനോജ്, രാധ പുലിക്കോട്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി.വി.മാത്യു, കെ.എൻ ഗോപിനാഥൻ, രാധാമണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വായിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനം അടക്കമുള്ള ഭരണഘടനാ ബാധ്യതകളെല്ലാം നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപനം വായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പ്രതിഷേധത്തെതുടർന്ന് പൊലീസ് റൂട്ട് മാറ്റുന്നതും വിഷയമല്ല. എന്നാൽ, ഈ നാടകം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഗവർണർ മാദ്ധ്യമങ്ങളെ അറിയിച്ചു.

അതേസമയം, ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ ജനുവരി 9 ന് ഇടതു മുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഗവർണർ ഇടുക്കിയിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ എൽഡിഎഫ് ജനുവരി 9 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.