തിരുവനന്തപുരം; സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ക്ലബ് ഹൗസിൽ സാന്നിദ്ധ്യം അറിയിച്ച് കേരളാ പോലീസ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അക്കൗണ്ട് എടുത്ത വിവരം കേരളാ പോലീസ് ജനങ്ങളെ അറിയിച്ചത്. വളരെ രസകരമായ രീതിയിലാണ് പോലീസ് ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചിരിക്കുന്നത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും, ഒപ്പം കൂടിക്കോ’ എന്നാണ് ക്ലബ് ഹൗസ് ലിങ്ക് സഹിതം ഷെയർ ചെയ്ത് കൊണ്ട് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ കേരളാ പൊലീസ് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
മലയാളികളുടെ പ്രിയ ഹാസ്യതാരമായ കൊച്ചിൻ ഫനീഫയുടെ ചിത്രം ഉപയോഗിച്ച് രസകരമായ ഒരു മീമിയും പോലീസ് ഒരുക്കിയിട്ടുണ്ട്. വ്യാജ ഐ.ഡികളെ നിയന്ത്രിക്കാനും ചർച്ചകൾ നിരീക്ഷിക്കാനും പോലീസിന് ക്ലബ് ഹൗസിൽ അക്കൗണ്ട് ആവശ്യമാണ്. അതിനാലാണ് ക്ലബ് ഹൗസിൽ അക്കൗണ്ട് ആരംഭിക്കാൻ പോലീസ് തീരുമാനിച്ചത്.
ക്ലബ് ഹൗസിൽ തങ്ങളുടെ വ്യാജ ഐ.ഡികൾ ഉണ്ടാക്കിയതായി പരാതിപ്പെട്ട് നിരവധി സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, നിവിൻ പോളി, ആസിഫ് അലി, സാനിയ അയ്യപ്പൻ എന്നിങ്ങനെ നിരവധി സിനിമാ താരങ്ങളാണ് ക്ലബ് ഹൗസിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയതായി അറിയിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് പോലീസ് ക്ലബ് ഹൗസിൽ അക്കൗണ്ട് തുടങ്ങിയത്.

