എന്റെ മരം എന്റെ സ്വപ്നം പദ്ധതിയ്ക്ക് തുടക്കം; ഭാര്യാപിതാവിന്റെ പേരിൽ മരംനട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എന്റെ മരം എന്റെ സ്വപ്നം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഫല വൃക്ഷ തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്വന്തം വസതിയിൽ മരം നട്ടായിരുന്നു മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. മന്ത്രിയുടെ ഭാര്യാപിതാവ് യശ:ശരീരനായ പി ഗോവിന്ദപിള്ളയുടെ നാമത്തിലാണ് അദ്ദേഹം മരം നട്ടത്. ചാമ്പക്കയാണ് അദ്ദേഹം നട്ടത്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചത്. സ്റ്റുഡൻറ് പോലീസ് കേഡറ്റ് തിരുവനന്തപുരം സിറ്റിയാണ് പദ്ധതി സംഘടിപ്പിച്ചത്. എസ് പി സി കേഡറ്റുകളും സിറ്റി നോഡൽ ഓഫീസിലെ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരുകോടി ഫല വൃക്ഷതൈകൾ കേരളമെമ്പാടും നട്ടു പിടിപ്പിച്ചു പരിപാലിക്കുമെന്ന് ചടങ്ങിൽ കേഡറ്റുകൾ പ്രതിജ്ഞ ചെയ്തു. പദ്ധതിയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.