General (Page 1,515)

കൊച്ചി: കൊടകര കുഴൽപണ കേസിൽ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസിൽ പ്രാഥമിക അന്വേഷണമാരംഭിക്കാൻ എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചത്.

കളളപ്പണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും കേസിൽ എൻഫോഴ്സ്മെന്റ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെ കോടതി എൻഫോഴ്‌സ്‌മെന്റിനോട് റിപ്പോർട്ട് തേടിയിരുന്നു. ജസ്റ്റീസ് മേരി ജോസഫാണ് ഹർജി പരിഗണിച്ചത്.

ആദായ നികുതി വകുപ്പിന്റെ കീഴിൽ വരുന്ന കേസാണിതെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ഇതുവരെ എൻഫോഴ്‌സ്‌മെന്റ് നൽകിയിരുന്ന വിശദീകരണം. എന്നാൽ കോടതി ഇടപെട്ടതോടെ എൻഫോഴ്‌സ്‌മെന്റിന് കേസിൽ പത്ത് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങൾ തങ്ങളുടെ പരിധിയിൽ വരുമോയെന്ന കാര്യത്തെ കുറിച്ചുള്ള പരിശോധനയിലാണ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കോഴിക്കോട്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിലെ സാധനങ്ങളിൽ തട്ടിപ്പ് നടത്തി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. സാധനങ്ങളിലെ തൂക്കം കുറച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നത്. പയർ, പഞ്ചസാര, കടല എന്നിങ്ങനെ മിക്ക പായ്ക്കറ്റുകളിലും 50 ഗ്രാം മുതൽ 150 ഗ്രാം വരെ കുറവുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

കിറ്റിൽ തൂക്കം കുറവാണെന്ന് ഉപഭോക്താക്കൾ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിക്കോട് പയ്യാനക്കൽ, തെക്കേപ്പുറം ഭാഗങ്ങളിലെ റേഷൻകടകളിൽ നിന്നുള്ള കിറ്റിൽ തൂക്കം കുറവുണ്ടെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതോടെ വിഷയത്തിൽ ഡി വൈ എഫ് ഐ പയ്യാനക്കൽ മേഖലാ കമ്മിറ്റി ഇടപെട്ടു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തന്നെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സാധനങ്ങൾ തൂക്കി നോക്കിയപ്പോഴാണ് തൂക്കക്കുറവ് കണ്ടെത്തിയത്.

കിറ്റ് തയ്യാറാക്കുന്ന കേന്ദ്രത്തിന് മുന്നിലെത്തി ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധവും നടത്തി. സംഭവത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും കിറ്റ് പായ്ക്ക് ചെയ്യുന്നതിന് നേതൃത്വം നൽകിയ മുഴുവൻ ജോലിക്കാരെയും ഇതിൽ നിന്നും മാറ്റുമെന്നും ഉറപ്പ് കിട്ടിയതിന് ശേഷമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ കേന്ദ്രത്തിന് മുന്നിൽ നിന്നും പിരിഞ്ഞു പോകാൻ തയ്യാറായത്.

rent

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മാതൃകാ വാടക നിയമത്തിന്(മോഡല്‍ ടെനന്‍സി ആക്ട്) അംഗീകാരം നല്‍കി.ഈ നിയമം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലുള്ള വാടക നിയമങ്ങള്‍ ഉചിതമായ രീതിയില്‍ ഭേദഗതി ചെയ്യുകയോ പുതിയ നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യാം. നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമ പ്രകാരം ഇനി മുന്‍കൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാന്‍ പാടുള്ളു. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങള്‍ക്ക് ആറ് മാസത്തെ വാടക വരെ ഈടാക്കാമെന്നും നിയമത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാന്‍ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.ഈ നിയമം എല്ലാ വരുമാനക്കാര്‍ക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപകാരപ്പെടും. കൂടാതെ, വാടക ഭവന ആവശ്യങ്ങള്‍ക്കായി ഒഴിഞ്ഞ വീടുകള്‍ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം ഉപകാരപ്പെടുമെന്നും പറയുന്നു. വന്‍തോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

water metro

കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാവും ഉണ്ടാവുക. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്‌യും കൊച്ചി മെട്രോ എം. ഡി കെ. ആർ. ജ്യോതിലാലുമാണ് ധാരണാപത്രം ഒപ്പുവച്ചത്. കൊച്ചി വാട്ടർ മെട്രോയുടെ ഡയറക്ടർ ബോർഡിൽ എട്ട് അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ അഞ്ച് പേർ സർക്കാർ നിർദ്ദേശിക്കുന്നവരായിരിക്കും. മെട്രോ സ്‌റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ബോട്ടു ജെട്ടികൾ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക. വാട്ടർ മെട്രോയ്ക്ക് 38 ജെട്ടികളുണ്ടാവും. കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചു കൊണ്ട് 78 ബോട്ടുകൾ സർവീസ് നടത്തും. 23 എ. സി ഇലക്ട്രിക് ബോട്ടുകളുടെ നിർമാണം കൊച്ചിൻ ഷിപ്പ്‌യാർഡിൽ പുരോഗമിക്കുകയാണ്. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ജർമൻ ഫണ്ടിംഗ് ഏജൻസിയായ കെ. എഫ്. ഡബ്‌ള്യു ആണ് പദ്ധതിക്കാവശ്യമായ തുക നൽകുന്നത്. വാട്ടർ മെട്രോയുടെ വൈറ്റിലയിലും കാക്കനാടുമുള്ള ടെർമിനലുകൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു.

കാഠ്മണ്ഡു : ആത്മവിശ്വാസവും ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ എന്തും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 46 വയസുകാരനായ ചൈനീസ് പൗരന്‍ സാങ് ഹോങ്. അന്ധനായ സാങ് ഹോങ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് പര്‍വതം കീഴടക്കി പുതിയ റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.നിങ്ങള്‍ ഭിന്നശേഷിക്കാരനാണോ അല്ലയോ, നിങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ കൈയോ കാലോ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നതിനൊന്നും ഒരു പരിധിയ്ക്കപ്പുറം പ്രാധാന്യമില്ല. ഒരു ശക്തമായ ഒരു മനസ് ഉള്ളിടത്തോളം നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് മറ്റുള്ളവര്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്തു കാണിക്കാന്‍ നിങ്ങള്‍ക്ക് കഴിയും തികഞ്ഞ ആത്മവിശ്വാസത്തോടെ സാങ് പ്രതികരിച്ചു.

ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്ക്വിങില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് 1976-ല്‍ സാങ് ഹോങ് ജനിച്ചത്. കോളേജ് പഠനത്തിന് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാതെ പോയ സാങ് 1990കളില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യാന്‍ ആരംഭിച്ചു. ഗ്ലൗക്കോമ കാരണം ഇരുപത്തിയൊന്നാം വയസില്‍ അദ്ദേഹത്തിന് കാഴ്ച നഷ്ടപ്പെട്ടു. തുടര്‍ന്ന് ടിബറ്റ് ഫോകിന്‍ഡ് ആശുപത്രിയില്‍ കുറഞ്ഞ വരുമാനത്തില്‍ അദ്ദേഹം ജോലി ചെയ്യാന്‍ ആരംഭിച്ചു.2001-ല്‍ എവറസ്റ്റ് കീഴടക്കിയ അന്ധനായ എറിക് വെയ്ഹന്‍മെയറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ് ഹോങ് പര്‍വതാരോഹണത്തിനായി പരിശീലനം ആരംഭിച്ചത്.കഴിഞ്ഞ വര്‍ഷം കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് പ്രവേശനം നിഷേധിച്ചിരുന്ന എവറസ്റ്റ് കൊടുമുടി ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് വിദേശികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി ഇന്ത്യ പോസ്റ്റ്. ആധാര്‍ വഴിയുള്ള പേയ്മെന്റ് സംവിധാനത്തിലൂടെ (എഇപിഎസ്) ഇന്ത്യ പോസ്റ്റ് ആളുകള്‍ക്ക് വീട്ടുപടിക്കല്‍ പണം എത്തിച്ച് നല്‍കും. ട്വിറ്ററിലൂടെയാണ് ഇന്ത്യ പോസ്റ്റ് ഈ വിവരം ഉപഭോക്താക്കളെ അറിയിച്ചത്. എഇപിഎസ് സേവനമുള്ള ബാങ്കില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) സംവിധാനമുള്ളവര്‍ക്കും ഈ സേവനം ലഭിക്കും. ബാലന്‍സ് പരിശോധന, ആധാര്‍ ഫണ്ട് ട്രാന്‍സ്ഫര്‍, പണം പിന്‍വലിക്കല്‍, മിനി സ്റ്റേറ്റ്‌മെന്റ് എന്നീ സേവനങ്ങളും എഇപിഎസില്‍ ലഭിക്കും. ഇതിനായി അക്കൗണ്ട് ഉടമയുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. ആധാര്‍ കാര്‍ഡ് ഉടമയുടെ ബയോമെട്രിക് പ്രാമാണീകരണം ഉപയോഗിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്.

ഇതിനായി ചെയ്യേണ്ടത്-
155299 എന്ന നമ്പറില്‍ വിളിച്ച് ബാങ്ക് ഉപഭോക്താക്കള്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പ്രതിനിധികള്‍ വീട്ടിലെത്തുകയും വിശദാംശങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യും.ഇതിനായി അക്കൗണ്ട് നമ്പറോ മൊബൈല്‍ നമ്പറോ നല്‍കണം. അല്ലെങ്കില്‍ ക്യുആര്‍ കോഡ് കാണിച്ചാലും മതി.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ കൂടി റദ്ദാക്കി. കോഴിക്കോട്-തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി സ്‌പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. നേരത്തെ റദ്ദാക്കിയവയുടെ തീയതി ദീര്‍ഘിപ്പിക്കുകയും ചെയ്തു. മംഗളൂരു-തിരു. മലബാര്‍ സ്‌പെഷ്യല്‍ ജൂണ്‍ ഒന്നുമുതല്‍ 15വരെ, തിരു.-മംഗളൂരു സ്‌പെഷ്യല്‍ രണ്ടുമുതല്‍ 16വരെ, തിരു.-കണ്ണൂര്‍ ജനശതാബ്ദി സ്‌പെഷ്യല്‍ രണ്ടുമുതല്‍ 14വരെ, കണ്ണൂര്‍-തിരു. ജനശതാബ്ദി മൂന്നു മുതല്‍ 15വരെ, ചെന്നൈ-ആലപ്പുഴ പ്രതിദിന സ്‌പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15വരെ, ആലപ്പുഴ-ചെന്നൈ സ്‌പെഷ്യല്‍ രണ്ടു മുതല്‍ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി.

ഡൽഹി : രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബ്യലത്തിൽ വരും. ദില്ലി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റ് നിരക്ക് കുറഞ്ഞ തുക 8700 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമായി ഉയര്‍ന്നു. ദില്ലി നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാണ്.കൊച്ചി– പുനെ, തിരുവനന്തപുരം –മുംബൈ വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാണ്.

കൊച്ചി–ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപ മാണ്. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബെംഗളൂരു– കോഴിക്കോട്, തിരുവനന്തപുരം– ബെംഗളൂരു, തിരു– ചെന്നൈ, കൊച്ചി–ഗോവ റൂട്ടുകളില്‍ 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

തിരുവനന്തപുരം: ദേശീയ തല പരിഷ്‌കരണ നടപടികളുടെ ഭാഗമായി പ്രതിമാസ കറണ്ട് ബില്‍ തുക ആയിരം രൂപ കടന്നാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കാനും, 8500 കവിഞ്ഞാല്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനും കെ.എസ്.ഇ.ബി തീരുമാനം. ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വാര്‍ഷിക കറണ്ട് ബില്‍ അടയ്ക്കുന്നവരുടെ പേരാണ് ഇന്‍കംടാക്‌സിലേക്ക് പോകുക. ബില്ലിംഗ് സോഫ്ട് വെയറില്‍ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളില്‍ ആയിരത്തില്‍ കൂടിയ തുകയ്ക്ക് കൗണ്ടര്‍ റസീപ്റ്റ് നല്‍കാനാവില്ല. കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്.

കൊല്ലം: ഐക്യകേരളം രൂപപ്പെട്ടശേഷം സംസ്ഥാനം സ്വന്തമായി നിർമ്മിച്ച ആദ്യ സെൻട്രൽ ജയിൽ മലപ്പുറത്തെ തവനൂരിൽ അടുത്തമാസം പ്രവർത്തനം തുടങ്ങും. ജൂൺ 25ന് മുമ്പ് ഉദ്ഘാടനം ചെയ്യാനാണ് ജയിൽ വകുപ്പ് ആലോചിക്കുന്നത്.സി.സി ടി.വി കാമറകളുൾപ്പെടെ ഹൈടെക് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 2013 ഡിസംബറിൽ തുടങ്ങിയ നിർമ്മാണം ഘട്ടങ്ങളായാണ് പുരോഗമിച്ചത്. ഇടയ്ക്ക് ചില തടസ്സങ്ങൾ ഉണ്ടായെങ്കിലും രാജ്യത്തെ മറ്ര് ജയിലുകൾ നിർമ്മിക്കാനെടുത്തതിനേക്കാൾ കുറച്ച് സമയം കൊണ്ടാണ് തവനൂരിലെ ജയിൽ നിർമ്മാണം പൂത്തീകരിക്കുന്നതെന്ന് അധികൃതർ പറയുന്നു.

ജയിൽ നിർമ്മാണ ശില്പകലയായ ‘പനോക്ടിക്കോൺ’ മാതൃകയിലാണ് മറ്റ് മൂന്ന് സെൻട്രൽ ജയിലുകളും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ തവനൂരിലേത് മൂന്ന് നിലകളിലായി ‘യു’ ആകൃതിയിലാണ്. തടവുകാരെ വേഗത്തിൽ നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്. ഇതിനൊപ്പം തടവുകാർക്കായി ചെരുപ്പ്, ഫർണിച്ചർ, മാസ്ക്, സാനിറ്റൈസർ തൊഴിൽ യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള മറ്റ് മൂന്ന് സെൻട്രൽ ജയിലുകളും സ്വാതന്ത്ര്യലബ്‌ധിക്ക് മുമ്പ് സ്ഥാപിച്ചവയാണ്.മറ്റ് മൂന്ന് ജയിലുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമ്മാണം. സെൻട്രൽ വാച്ച് ടവറിന് പകരം വശങ്ങളിലാണ് ടവർ സജ്ജമാക്കിയിട്ടുള്ളത്.