സിം ബ്ലോക്ക് ആക്കുമെന്ന് സന്ദേശം അയച്ച് തട്ടിപ്പ്; ബിഎസ്എൻഎൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കോട്ടയം: സിം കാർഡ് ബ്ലോക്ക് ആകുമെന്ന തരത്തിൽ സന്ദേശങ്ങൾ അയച്ച് പുതിയ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാകുന്നു. കെവൈസി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ മൊബൈൽ നമ്പർ ഉടൻ സസ്‌പെൻഡ് ആകുമെന്ന് പറഞ്ഞ് ഫോണിൽ സന്ദേശങ്ങൾ അയച്ച് പണം ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

ബിഎസ്എൻഎൽ നമ്പറുകളെ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ സന്ദേശമെത്തുന്നത്. സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും, ഉടൻ തന്നെ താഴെ തന്നിരിക്കുന്ന കസ്റ്റമർ കെയർ നമ്പറുമായി ബന്ധപ്പെടുക എന്ന തരത്തിലുള്ള സന്ദേശങ്ങളായിരിക്കും ലഭിക്കുക. ഈ നമ്പറിൽ ബന്ധപ്പെടുമ്പോൾ ഹിന്ദി കലർന്ന ഇംഗ്ലിഷിൽ ആയിരിക്കും സംസാരിക്കുക. ആദ്യം ആധാർ നമ്പർ അടക്കമുള്ളവയാണ് ഇവർ ആവശ്യപ്പെടുന്നത്. നേരിൽ വരേണ്ടതില്ലെന്നും ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മതിയെന്നും പിന്നീട് അറിയിക്കും.

ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്‌സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാർക്ക് കാണാൻ സാധിക്കും. അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും. ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്‌സസ് ആപ്പു വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽ നിന്ന് തുക തട്ടിയെടുക്കും. ഫോണിന്റെ പ്ലാൻ അവസാനിക്കും എന്നു പറഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.