ഗോതമ്പ് സംഭരണം; കർഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര സർക്കാർ നേരിട്ട് നൽകിയത് 76,000 കോടി രൂപ

ന്യൂഡൽഹി: കർഷകരുടെ അക്കൗണ്ടുകളിലേക്ക് 76,000 കോടി രൂപ നേരിട്ട് വിതരണം ചെയ്ത് കേന്ദ്ര സർക്കാർ. നടപ്പ് റാബി മാർക്കറ്റിംഗ് സീസണിൽ ഗോതമ്പ് സംഭരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ട് വിതരണം ചെയ്തത്.

പഞ്ചാബിലെ കർഷകർക്ക് മാത്രം 26,000 കോടിയിലധികം രൂപയാണ് ലഭിച്ചത്. ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 രൂപയും എത്തി. പഞ്ചാബിലും ഹരിയാനയിലും ആദ്യമായാണ് ഇത്തരത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തുന്നത്. ഓൺലൈൻ പേയ്മെന്റ് സംവിധാനം രാജ്യത്തുടനീളം സാർവ്വത്രികമായിരിക്കുകയാണ് ഇപ്പോൾ. താങ്ങുവിലയുടെ നേരിട്ടുളള കൈമാറ്റം ഏറ്റവും അവസാനം ലഭിച്ചത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്കാണ്.

44.4 ലക്ഷം കർഷകർക്കാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം നേട്ടമുണ്ടായതെന്നാണ് ഭക്ഷ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒറ്റ ദിവസം തന്നെ ധാരാളം ഇടപാടുകൾ നടക്കുന്നതിനാൽ ഈ തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുറത്തിറക്കിയതോ പ്രതിഫലം കൊടുത്തതോ ആയ തുകയിലുളള വ്യത്യാസത്തിന് ദിവസങ്ങൾക്കുളളിൽ പരിഹാരം കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു. ഈ സീസണിൽ ഗോതമ്പ് സംഭരണ ലക്ഷ്യം ആറു ലക്ഷം ടൺ കൂടി കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്. 433 ലക്ഷം ടൺ ആണ് ഇത്തവണത്തെ ഗോതമ്പ് സംഭരണം ലക്ഷ്യം.