റെയ്ഡിനിടെ പിടികൂടിയ സ്പിരിറ്റ് സാനിറ്റൈസറാക്കി: ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി വിതരണം ചെയ്ത് മാതൃകയായി എക്സൈസ് ഉദ്യോഗസ്ഥർ

തൃശ്ശൂർ: റെയ്ഡിനിടെ പിടിച്ചെടുത്ത സ്പിരിറ്റ് സാനിറ്റൈസറാക്കി ആശുപത്രികൾക്ക് വിതരണം ചെയ്ത് എക്സൈസ് ഉദ്യോഗസ്ഥർ. എക്‌സൈസ് സംഘം പരിശോധനക്കിടെ പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റാണ് 1240 ലിറ്റർ സാനിറ്റൈസറാക്കി ആരോഗ്യ കേന്ദ്രങ്ങൾക്കും പ്രധാന ആശപത്രികൾക്കും വിതരണം ചെയ്തത്. തൃശൂർ എക്‌സൈസ് ഓഫീസാണ് ഇത്തരമൊരു മാതൃകാ പ്രവർത്തനം നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ സ്പിരിറ്റാണ് സാനിറ്റൈസറാക്കി വിതരണം ചെയ്തത്.

പിടിച്ചെടുത്ത് സ്പിരിറ്റ് കോടതി നടപടികൾക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശം നൽകുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റ് സാനിറ്റെസറാക്കി മാറ്റിയത്.

തൃശൂരിലെ 2 ജനറൽ ആശുപത്രികളിലും 2 ജില്ലാ ആശുപത്രികളിലും 6 താലൂക്ക് ആശുപത്രികളിലും 25 സി.എച്ച്.സികളിലും 79 പി.എച്ച്.സികളിലും ജില്ലയിലെ സി.എഫ്.എൽ.ടി.സികൾക്കുമാണ് എക്സൈസ് സാനിറ്റൈസർ നൽകിയത്. ഡെപ്യൂട്ടി ഡി.എം.ഒ. കെ.എൻ. സതീഷിന് ജില്ലാ കലക്ടർ എസ് ഷാനവാസാണ് സാനിറ്റൈസറുകൾ കൈമാറിയത്. അസി. എക്‌സൈസ് കമ്മീഷണർ വി.എ. സലിം, എക്‌സൈസ് വിമുക്തി കോർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.