മലപ്പുറത്ത് വ്യക്തി വിവരങ്ങൾ ചോർന്നു; പുറത്തായത് 2000 ത്തിലേറെ പേരുടെ വിവരങ്ങൾ

മലപ്പുറം: മലപ്പുറത്ത് ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ ചോർന്നു. പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തി വിവരങ്ങളാണ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്ന വിധം ഓൺലൈനിൽ പരസ്യമായത്. പെരിന്തൽമണ്ണ താലൂക്കിൽ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പേര്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി. കോഡ് തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്.

സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പടെ വലിയ രീതിയിൽ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ സഹായം സ്വീകരിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അതിൽ മൊബൈൽ, നമ്പറോ ബാങ്ക് വിവരങ്ങളോ ഇല്ല. എന്നാൽ ഈ വിവരങ്ങളെല്ലാം അടങ്ങിയ ഡേറ്റയാണ് ചോർന്നിരിക്കുന്നത്. 2019 ഡിസംബറിൽ 10,000 രൂപ ബാങ്ക് അക്കൗണ്ടിൽ കൈപറ്റിയവരുടെ വിവരങ്ങളാണിത്. ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ആളുകളുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് വലിയ തട്ടിപ്പുകൾ നടത്താൻ വരെ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധ സംഘം പറയുന്നത്.