തിരുവനന്തപുരം മുതൽ കാസർകോട് വരെ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നിറവേറുന്നു. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകി. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാനും തീരുമാനിച്ചു.

തിരുവനന്തപുരത്ത് വാക്‌സിൻ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുന്നത്. ഇതിനായുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ചേർത്തല മുനിസിപ്പാലിറ്റിയിൽ സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവിൽ നടപ്പാക്കുന്നതിന് മന്ത്രസഭ തത്വത്തിൽ അംഗീകാരം നൽകി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാൻ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയിൽ നിന്ന് 53.55 കോടി രൂപയായി പുതുക്കാനും തീരുമാനമായി.

ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിംഗ് ലിമിറ്റഡ് കമ്പനിയെ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 27 താൽക്കാലിക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മിജിസ്ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാൻ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകളായിരിക്കും അനുവദിക്കുക.