തൃശൂർ: കൊടകര കേസിൽ വഴിത്തിരിവ്. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും തങ്ങളുടേതാണെന്ന് പരാതിക്കാരനായ ധർമരാജൻ വ്യക്തമാക്കി. പോലീസ് കണ്ടെടുത്ത പണവും വാഹനവും തിരികെ നൽകാൻ ധർമരാജനും സുനിൽ നയിക്കും ഷംസീറും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കവർച്ചക്കാരിൽ നിന്നും കണ്ടെടുത്ത പണം തിരികെ നൽകണമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ബിസിനസ് ഇടപാടിലൂടെ ലഭിച്ച തുകയാണ് ഇതെന്നാണ് ഹർജിയിൽ പറയുന്നത്. ഡൽഹിയിലുള്ള ഗോവിന്ദ് എന്ന മാർവാഡി ബിസിനസ് ഇടപാടിന്റെ ഭാഗമായി കൊടുത്തു വിട്ട പണം കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വമെന്നും ഇതിന് എനിക്ക് കമ്മീഷൻ ലഭിക്കുമെന്നും ധർമരാജൻ വിശദീകരിക്കുന്നു.
വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ കൊടകര കേസിൽ അപ്രതീക്ഷിതമായ വഴിത്തിരിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിജെപിയും പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനും വരെ സംശയത്തിന്റെ നിഴലിലാണ്. എന്നാൽ വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധർമരാജന്റേത്.

