General (Page 1,507)

ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ ശക്തമായ നടപടികൾ ആവിഷ്‌ക്കരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ ചാനലുകളെ നിരീക്ഷിക്കാനായി നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നൽകി ഉത്തരവിട്ടു. ടി.വി പരിപാടികൾ ചട്ടം ലംഘിച്ചാൽ സംപ്രേഷണം നിർത്തിവയ്ക്കാൻ ഇനി സർക്കാർ ഇടപെടും.

ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്ട്രേഷൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണ സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് ആദ്യം ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. ഇവിടെ നിന്നും പരിഹാരം ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണ സമിതിയെ അറിയിക്കാം. സമിതിക്ക് നിയമപരിക്ഷ നൽകുമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

modi

ന്യൂഡൽഹി: ആഴക്കടൽ ദൗത്യം സംബന്ധിച്ച ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിസഭാ സമിതിയാണ് നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. വിഭവങ്ങൾക്കായി ആഴക്കടൽ പര്യവേക്ഷണം ചെയ്യാനും സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആഴക്കടൽ ദൗത്യം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സമുദ്ര സമ്പദ്ഘടനാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദൗത്യമായാണ് ആഴക്കടൽ ദൗത്യം രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ചുവർഷത്തേക്ക് 4077 കോടി രൂപയാണ് പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള ചെലവായി കണക്കാക്കപ്പെടുന്നത്. 2823.4 കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവാകുന്നത്.

ആറുഘടകങ്ങളാണ് ആഴക്കടൽ ദൗത്യത്തിനുള്ളത്. ആഴക്കടൽ ഖനനത്തിനായുള്ള സാങ്കേതികവിദ്യകളുടെ വികസനമാണ് ആദ്യത്തേത്. മൂന്ന് പേരെ സമുദ്രത്തിൽ 6000 മീറ്റർ താഴ്ചയിലേക്ക് കൊണ്ടു പോകാൻ കഴിയുന്ന ഒരു മനുഷ്യ മുങ്ങിക്കപ്പൽ വികസിപ്പിക്കും. മധ്യ ഇന്ത്യൻ മഹാസമുദ്രത്തിലെ 6000 മീറ്റർ ആഴത്തിൽ ഖനനം ചെയ്യുന്നതിനായി ഒരു സംയോജിത ഖനന സംവിധാനവും ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിക്കും.

സമുദ്ര കാലാവസ്ഥാ വ്യതിയാന ഉപദേശക സേവനങ്ങളുടെ വികസനമാണ് രണ്ടാമത്തെ ഘടകം. ആശയ ഘടകത്തിന്റെ ഈ തെളിവ് പ്രകാരം ഓരോ സീസണിലേക്കു മുതൽ പതിറ്റാണ്ടുകലിലേക്കു വരെ വരെയുള്ള പ്രധാനപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാവി പ്രവചനങ്ങൾ മനസിലാക്കുന്നതിനും നൽകുന്നതിനുമായി നിരീക്ഷണങ്ങളുടെയും മാതൃകകളുടെയും ഒരു ഘടന വികസിപ്പിക്കും. തീരദേശ ടൂറിസത്തിന്റെ സമുദ്ര സമ്പദ്ഘടനാ മുൻഗണനാ മേഖലയ്ക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദൗത്യത്തിലെ മൂന്നാം ഘടകം ആഴക്കടലിലെ ജൈവ വൈവിധ്യത്തിന്റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളാണ്. ആഴക്കടൽ സർവേയും പര്യവേഷണവുമാണ് ദൗത്യത്തിലെ നാലാമത്തെ ഘടകം. ഇന്ത്യൻ മഹാസമുദ്രത്തിലെ സമുദ്രവരമ്പുകളിലൂടെയുള്ള ബഹുലോഹ ഹൈഡ്രോതർമൽ സൾഫൈഡ് ധാതുവൽക്കരണത്തിന്റെ സാധ്യത തിരിച്ചറിയുക പര്യവേക്ഷണം ചെയ്യുക, എന്നതാണ് ഈ ഘടകം ലക്ഷ്യമിടുന്നത്.

സമുദ്രത്തിൽ നിന്നുള്ള ഊർജ്ജവും ശുദ്ധജലവുമാണ് അഞ്ചാമത്തേത്. ഓഫ്‌ഷോർ ഓഷീൻ തെർമൽ കൺവേർഷൻ (ഒടെക്) സഹായത്തോടെ കടലിൽ നിന്ന് ഉപ്പു വേർതിരിക്കുന്ന യൂണിറ്റിനായുള്ള പഠന സംവിധാനങ്ങളും വിശദമായ രൂപകൽപനയും കരട് പദ്ധതിരേഖയിലുണ്ട്. സമുദ്ര ജീവശാസ്ത്രം, എഞ്ചിനീയറിംഗ് എന്നിവയിലെ മനുഷ്യ ശേഷിയുടെയും സംരംഭത്തിന്റെയും വികസനം ലക്ഷ്യമിടുന്ന സമുദ്രജീവശാസ്ത്രത്തിന് നൂതന സങ്കേതമാണ് ദൗത്യത്തിന്റെ ആറാം ഘടകം.

തിരുവനന്തപുരം: ആർ.സി.സിയിൽ ലിഫ്റ്റ് തകർന്ന് വീണു മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ ആശുപത്രി അധികൃതർ അനാസ്ഥ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി നദീറയയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഇന്ന് പുലർച്ചെയാണ് കൊല്ലം പത്തനാപുരം സ്വദേശിനിയായ നദീറ മരണപ്പെടുന്നത്. മെയ് 15 ന് ആർസിസിയിലെ ലിഫ്റ്റ് തകർന്ന് ഗുരുതരമായി പരിക്കേറ്റ നദീറ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അതേസമയം നദീറയ്ക്ക് കോവിഡ് ബാധിച്ചിരുന്നതായി പരിശോധനാ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നുവെന്നും ആര്‍സിസി ആ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ അംഗമായ ഷാഹിദ കമാല്‍ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണം എന്നും നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 20ന് ആയിഷ ചോദ്യം ചെയ്യലിന് ഹാജരാകണം.ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും, അറസ്റ്റ് സാധ്യതയുണ്ടെന്നും ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ബയോ വെപ്പണ്‍ എന്നവാക്ക് ഇത്ര വലിയ പ്രശ്‌നം ആണ് എന്ന് അറിയില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്നും പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ചാനലില്‍ ഐഷ നടത്തിയത് വിമര്‍ശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍, അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നല്‍കി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ജാമ്യ ഹര്‍ജിയില്‍ കക്ഷിചേരണം എന്നാ പ്രതീഷ് വിശ്വനാഥന്റെ ആവശ്യം അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു. പക്ഷേ വാദങ്ങള്‍ കേള്‍ക്കാം എന്നും കോടതി അറിയിച്ചു.

:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സർവ്വീസ് നടത്താൻ കഴിയൂവെന്നാണ് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണം.

വെള്ളിയാഴ്ച്ച ഒറ്റയക്ക ബസുകൾ സർവ്വീസ് നടത്തണമെന്നാണ് നിർദ്ദേശം. അടുത്ത തിങ്കളാഴ്ച ( 21-06-21), ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവ്വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടതെന്നും മാർഗ നിർദ്ദേശത്തിൽ വിശദീകരിക്കുന്നു.

ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിക്കില്ല. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിൽ ഉള്ളതെന്നും അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങൾ വച്ച് ബസുകൾ മാറി മാറി സർവ്വീസ് നടത്തണമെന്ന നിബന്ധന വെച്ചതെന്നും ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സ്വകാര്യ ബസ് ഉടമകൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം തീരമാനത്തിൽ എതിർപ്പുന്നയിച്ച് ബസ് ഓണേഴ്‌സ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇവർ വ്യക്തമാക്കുന്നു.

കോഴിക്കോട്: സംസ്ഥാനത്തുടനീളം സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ വന്‍ മരംകൊള്ള നടന്നതായി കണ്ടെത്തല്‍. സര്‍ക്കാരിന്റെ പുറംപോക്ക് ഭൂമിയിലും വനഭൂമിയിലും വ്യാപക മരംമുറി നടന്നുവെന്നാണ് ഉന്നതതല അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കുന്ന ഉന്നതതല അന്വേഷണസംഘമാണ് കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ജില്ലകളില്‍ നിന്ന് മുറിച്ച് കടത്തിയിരിക്കുന്നത്. ഈ മാസം 15-നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്.ഐ.ആറില്‍ ഇല്ല.

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് എൽപി ഭാട്യ അദ്ധ്യക്ഷത വഹിച്ച ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇക്കാര്യം അനുവദിച്ചില്ല. പകരം കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും വിശദീകരണം ആവശ്യപ്പെട്ട് കോടതി കത്തയച്ചു.

പരിഷ്‌കാരങ്ങൾ ഏർപ്പെടുന്നത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് 2, വിഎച്ച്എസ്‌സി പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 22 ന് ആരംഭിക്കും. കോവിഡ് അതിതീവ്ര വ്യാപനം കാരണം നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകളാണ് 22 ന് ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്‌കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു സമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക. വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുക. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ പിന്നീട് നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും. പരീക്ഷ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുമ്പും ശേഷവും സാനിറ്റൈസ് ചെയ്യും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

മുംബൈ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകൾ നടത്താനായി ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് എഫ്‌ഐഎസ് പറയുന്നത്.

ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായാണ് എഫ്‌ഐഎസ് വിശദീകരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എഫ്ഐഎസ്, എപിഎംഇഎ ചീഫ് റിസ്‌ക് ഓഫീസർ ഭരത് പഞ്ചാൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ നടത്താൻ നിലവിൽ ബാങ്കിംഗ് മേഖലയും പര്യാപ്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനികൾക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. സാധാരണ കാർഗോയെ നയതന്ത്ര കാർഗോ ആക്കിയത് വിമാന കമ്പനികളാണെന്നാണ് കസ്റ്റംസ് പറയുന്നത്.

കോൺസൽ ജനറലിന്റെ കത്തോടു കൂടി വിമാനത്താവളത്തിലെത്തിച്ച ബാഗേജിലാണ് സ്വർണം കടത്തിയിരുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിമാനത്താവളത്തിൽ വരുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാർഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോൺസൽ ജനറലിന്റെ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ കാർഗോകളെ നയതന്ത്ര കാർഗോകളാക്കി മാറ്റിയത് വിമാന കമ്പനികളാണെന്നാണ് കസ്റ്റംസ് പറയുന്നത്.

ആറാംതവണ സ്വർണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാർഗോ പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജൻസികളോട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്നതിന് പകരം സ്വർണം കൊണ്ടു വന്നയാൾക്ക് വിമാനകമ്പനികൾ ഇത് തിരികെ നൽകുകയായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.