രാജ്യദ്രോഹ കേസ് : ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും, അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണം എന്നും നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 20ന് ആയിഷ ചോദ്യം ചെയ്യലിന് ഹാജരാകണം.ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്താണ് രാജ്യദ്രോഹ കേസ് എടുത്തതെന്നും, അറസ്റ്റ് സാധ്യതയുണ്ടെന്നും ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. ബയോ വെപ്പണ്‍ എന്നവാക്ക് ഇത്ര വലിയ പ്രശ്‌നം ആണ് എന്ന് അറിയില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്നും പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു എന്നും ഐഷ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. ചാനലില്‍ ഐഷ നടത്തിയത് വിമര്‍ശനം അല്ല. ഇന്ത്യയെ ചൈനയുമായി താരതമ്യം ചെയ്തു. കേന്ദ്രം ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിച്ചു എന്ന് ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍, അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പോലും ഐഷ തെറ്റായ വ്യക്തിഗത വിവരം നല്‍കി. ഇത് ഗൗരവത്തോടെ കാണണം എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ജാമ്യ ഹര്‍ജിയില്‍ കക്ഷിചേരണം എന്നാ പ്രതീഷ് വിശ്വനാഥന്റെ ആവശ്യം അനുവദിക്കില്ല എന്ന് കോടതി പറഞ്ഞു. പക്ഷേ വാദങ്ങള്‍ കേള്‍ക്കാം എന്നും കോടതി അറിയിച്ചു.