ന്യൂഡൽഹി : ടെലിവിഷൻ ചാനലുകളിലെ പരിപാടികൾ നിരീക്ഷിക്കാൻ ശക്തമായ നടപടികൾ ആവിഷ്ക്കരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാർ ചാനലുകളെ നിരീക്ഷിക്കാനായി നിയോഗിച്ച സമിതിക്ക് നിയമപരിക്ഷ നൽകി ഉത്തരവിട്ടു. ടി.വി പരിപാടികൾ ചട്ടം ലംഘിച്ചാൽ സംപ്രേഷണം നിർത്തിവയ്ക്കാൻ ഇനി സർക്കാർ ഇടപെടും.
ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ രജിസ്ട്രേഷൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണ സംവിധാനം വേണമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.
ടിവി ചാനലുകളുടെ പരിപാടിയിൽ പരാതി ഉള്ളവർക്ക് ആദ്യം ചാനലുകൾക്ക് പരാതി എഴുതി നൽകാം. അവിടെ പരിഹാരമായില്ലെങ്കിൽ മാദ്ധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. ഇവിടെ നിന്നും പരിഹാരം ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണ സമിതിയെ അറിയിക്കാം. സമിതിക്ക് നിയമപരിക്ഷ നൽകുമെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

