കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാന കമ്പനികൾക്ക് നോട്ടീസ് അയച്ച് കസ്റ്റംസ്. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനികൾക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. സാധാരണ കാർഗോയെ നയതന്ത്ര കാർഗോ ആക്കിയത് വിമാന കമ്പനികളാണെന്നാണ് കസ്റ്റംസ് പറയുന്നത്.
കോൺസൽ ജനറലിന്റെ കത്തോടു കൂടി വിമാനത്താവളത്തിലെത്തിച്ച ബാഗേജിലാണ് സ്വർണം കടത്തിയിരുന്നതെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. വിമാനത്താവളത്തിൽ വരുമ്പോൾ ഇവ ഡിപ്ലോമാറ്റിക് കാർഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോൺസൽ ജനറലിന്റെ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നില്ല. എന്നാൽ കാർഗോകളെ നയതന്ത്ര കാർഗോകളാക്കി മാറ്റിയത് വിമാന കമ്പനികളാണെന്നാണ് കസ്റ്റംസ് പറയുന്നത്.
ആറാംതവണ സ്വർണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാർഗോ പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജൻസികളോട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. റിപ്പോർട്ട് ചെയ്യുന്നതിന് പകരം സ്വർണം കൊണ്ടു വന്നയാൾക്ക് വിമാനകമ്പനികൾ ഇത് തിരികെ നൽകുകയായിരുന്നുവെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

