General (Page 1,506)

തിരുവനന്തപുരം: വിവിധ കേസുകളിൽ പിടികൂടി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. പോലീസ് സ്റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം പുറപ്പെടുവിച്ചതായാണ് വിവരം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പോലീസ് മേധാവിയെ അറിയിച്ചുവെന്നാണ് സൂചന. തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അറിയിക്കാനാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ലെന്നും മാർഗ നിർദ്ദേശത്തിൽ വിശദമാക്കുവെന്നാണ് വിവരം. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമ പ്രകാരമുള്ള നടപടികൾക്ക് ശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. വാഹനങ്ങൾ വിട്ടുനൽകാൻ നിയമ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി ഇത്തരം വാഹനങ്ങൾ അങ്ങോട്ടു മാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പരിഗണിക്കേണ്ടതെന്ന് ട്വിറ്ററിനെ ബോധ്യപ്പെടുത്തി പാർലമെന്ററി കമ്മിറ്റി. ഇന്ത്യയുടെ നിയമങ്ങൾ കമ്പനി പിന്തുടരേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ കമ്മിറ്റി ട്വിറ്ററിനെ അറിയിച്ചു. ഇന്ത്യയ്ക്കായി എന്തുകൊണ്ട് ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ചില്ല എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ പാർലമെന്ററി കമ്മിറ്റി ട്വിറ്ററിനോട് ചോദിച്ചു. ട്വിറ്ററിന്റെ പബ്ലിക് പോളിസി മാനേജരായ ഷാഗുഫ്ത്ത കമ്രാനും ലീഗൽ കൗൺസലായ അത്സുഷി കപൂറുമാണ് പാർലമെന്ററി കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരായത്.

കമ്പനിയിലുള്ള പദവിയെന്തെന്നും ട്വിറ്ററിന്റെ നയരൂപീകരണത്തിൽ ഇവർക്ക് എത്രത്തോളം പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ എഴുതി നൽകേണ്ടതുണ്ടെന്നും കമ്മിറ്റി ഇവരോട് നിർദ്ദേശിച്ചു. മെയ് 26 ന് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഡിജിറ്റൽ നയങ്ങൾ പിന്തുടരാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ. താത്കാലികമായി ഒരു ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കുകയും അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് മുഴുവൻ സമയ ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിക്കാൻ ട്വിറ്റർ വിമുഖത കാട്ടുന്നതെന്ന് പാർലമെന്ററി കമ്മിറ്റി ചോദിച്ചു.

ട്വിറ്ററിന്റെ ഇന്ത്യൻ ഉദ്യോഗസ്ഥർ കമ്പനിയെ സംബന്ധിച്ച് എടുക്കുന്ന പല നടപടികളിലും അവ്യക്തതയുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്നും അവർ ഒഴിഞ്ഞുമാറുന്നുണ്ടെന്നും കമ്മിറ്റി വിശദദീകരിച്ചു. ആരോഗ്യകരം എന്ന് കരുത്താവുന്ന ട്വീറ്റുകൾക്കാണ് പ്രചാരം നൽകുന്നതെന്നും അനാരോഗ്യകരം എന്ന് തോന്നുന്നവ ട്വിറ്റർ പ്രോത്സാഹിപ്പിക്കാറില്ലെന്നും പ്രതിനിധികൾ പാർലമെന്ററി കമ്മിറ്റിയോട് വിശദീകരിച്ചു.

കൊളംബോ: കോവിഡ് വൈറസ് ബാധിതനായ സിംഹത്തെ ചികിത്സിക്കാൻ ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. ശ്രീലങ്കയിലെ ദെഹിവാളാ കാഴ്ചബംഗ്ലാവിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള 11 വയസ് പ്രായമായ സിംഹത്തിന്റെ ചികിത്സയ്ക്കായാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.

2013 ൽ ദക്ഷിണ കൊറിയയിലെ സീയോൾ കാഴ്ചബംഗ്ലാവിൽ നിന്ന് ദെഹിവാള കാഴ്ചബംഗ്ലാവിലേക്ക് ഒരു സമ്മാനമെന്ന നിലയിൽ കൈമാറ്റം ചെയ്യപ്പെട്ട സിംഹമാണ് കോവിഡ് ബാധിച്ച് ഗുരുതരമായി തുടരുന്നത്. മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സീയോൾ കാഴ്ചബംഗ്ലാവിൽ നിന്നും ഈ സിംഹത്തിനെ ദെഹിവാള കാഴചബംഗ്ലാവിലേക്ക് മാറ്റുന്നത്. തോർ എന്നാണ് ഈ സിംഹത്തിന്റെ പേര്. ശ്രീലങ്കയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വന്യജീവി തോർ ആണ്. സിംഹത്തിന്റെ ചികിത്സയ്ക്കായി സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധരെയാണ് ശ്രീലങ്കൻ കാഴ്ചബംഗ്ലാവ് അധികൃതർ ബന്ധപ്പെട്ടിരിക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

നിലവിൽ സിംഹത്തിന് കടുത്ത ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. സിംഹം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ സഹായം തേടിയതെന്ന് നാഷണൽ സുവോളജിക്കൽ ഗാർഡൻസ്’ വകുപ്പ് ഡയറക്ടർ ജനറൽ ഇഷിനി വക്രമസിംഗെ അറിയിച്ചു.

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,98,23,546 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 1,647 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 3,85,137 പേർക്കാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

3,85,137 പേർ ഇതുവരെ രോഗമുക്തി നേടി. 7,60,019 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 96.16 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത് കേരളമാണ്. 11,361 പേർക്കാണ് ഇന്നലെ കേരളത്തിൽ കോവിഡ് സ്ഥരീകരിച്ചത്. 9798 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. 8633 കേസുകളുമായി തമിഴ്നാട് മൂന്നാമതും 6341 കേസുകളുമായി ആന്ധ്രാ പ്രദേശ് നാലാമതും 5783 കേസുകളുമായി കർണാടക അഞ്ചാമതുമുണ്ട്.

രാജ്യത്ത് ഇതുവരെ 27,23,88,783 പേർക്ക് വാക്‌സിൻ നൽകിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പാലക്കാട്: ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ് ശുപാർശ നൽകി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.പി.മോഹൻദാസ് തിരുവനന്തപുരത്തെ ആർട് ആൻഡ് ഹെറിറ്റേജ് കമ്മിഷനും പാലക്കാട് കളക്ടർക്കും ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു.

സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള കെട്ടിടമാണിത്. ക്ഷയിച്ചുതുടങ്ങിയ കെട്ടിടം പൊളിച്ച് 23.35 കോടി ചെലവിൽ ഏഴു നിലകളുള്ള കോടതി സമുച്ചയം നിർമ്മിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം പഴയ കോടതി കെട്ടിടം പൊളിക്കരുതെന്ന് വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. നൂറു വർഷമോ അതിൽ അധികമോ പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണമെന്നാണ് പുരാവസ്തു സംരക്ഷണ നിയമത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

1921 ഏപ്രിൽ 23 ന് ആദ്യ കെ.പി.സി.സി സമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തത് ഒറ്റപ്പാലത്തെ കോടതിയിലായിരുന്നു. അയ്യായിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ആദ്യ കെ.പി.സി.സി സമ്മേളനത്തിന്റെ നൂറാം വാർഷികവേളയിൽ തന്നെ കോടതി സമുച്ചയം പൊളിക്കുന്നതിനെതിരെ വിമർശനം ശക്തമാണ്.

1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഒറ്റപ്പാലം ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് കമ്പനിക്ക് കീഴിലായതിന് ശേഷം ബ്രിട്ടീഷുകാർ ചെർപ്പുളശ്ശേരി ആസ്ഥാനമാക്കി കോടതി ആരംഭിക്കുകയും ചെയ്തു. ജസ്റ്റിസ് മാധവൻ നായർ, എഴുത്തുകാരനായിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോൻ, ജസ്റ്റിസുമാരായ ഫാത്തിമ ബീവി, പി.ജാനകി അമ്മ, എ.ഹരിപ്രസാദ് തുടങ്ങി പ്രമുഖ ന്യായാധിപന്മാരും അഭിഭാഷകരും ഇവിടെ പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചി: അമ്മയുടെ ഫോൺ വാങ്ങി ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് അക്കൗണ്ടിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ. മൂന്നു ലക്ഷത്തോളം രൂപയാണ് വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. ആലുവയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ‘ഫ്രീ ഫയർ’ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് വിദ്യാർത്ഥി ഗെയിം കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം വരെ വിദ്യാർത്ഥി ഇത്തരത്തിൽ ചാർജ് ചെയ്തിട്ടുമുണ്ട്. ഇങ്ങനെയാണ് മൂന്ന് ലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്ന് പോയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇവർ പോലീസിൽ പരാതി നൽകിയത്.

liquer

തിരുവനന്തപുരം: അടച്ചിട്ടിരുന്ന മദ്യശാലകള്‍ തുറന്ന ദിവസം മാത്രം വിറ്റത് 59 കോടിയുടെ മദ്യം. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശിയില്‍ ഇന്നലെ വിറ്റത്.ആകെ 265 ഓട്ട്‌ലെറ്റുകളില്‍ 225 എണ്ണമാണ് ആദ്യ ദിവസം പ്രവര്‍ത്തിച്ചത്.

ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളില്‍ ശരാശരി 30 കോടി മുതല്‍ 40 കോടി വരെയാണ് വില്‍പ്പന ഉണ്ടാകുക.തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു. സംസ്ഥാനത്താകെ കണ്‍സ്യൂമര്‍ഫെഡിന്റെ 32 ഔട്ട്‌ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകള്‍ കിട്ടിയിട്ടില്ല.

തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന് തീരുമാനിച്ചത്.

ഇടുക്കി: ഇടുക്കി പാക്കേജിനായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഇടുക്കിയിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയുടെ മന്ത്രിയെന്ന നിലയിൽ ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം. ഭൂപതിവ് വിഷയത്തിലും പട്ടയ പ്രശ്‌നങ്ങളിലും ഇടത് സർക്കാർ ഉടൻ തീരുമാനം ഉണ്ടാക്കും. ജില്ലയിൽ നിരവധി വികസനം കൊണ്ടുവന്ന എംഎം മണിയുടെ പാത പിന്തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ച 12000 കോടിയുടെ ഇടുക്കി പാക്കേജ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൃഷി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി ആറ് മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ഇടുക്കി പാക്കേജ്. ഇടുക്കിയുടെ സമഗ്ര വികസനവും സമ്പൽസമൃദ്ധിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പാക്കേജെന്നാണ് പദ്ധതി പ്രഖ്യാപന വേളയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നത്. കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സ്ഥായിയായ രീതികളിലൂടെ കൃഷിയുയുടേയും മൃഗപരിപാലനത്തിന്റേയും ഉത്പാദനക്ഷമത ഉയർത്തുക, ദാരിദ്ര്യം തുടച്ചുനീക്കുക, സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

adani

ന്യൂഡല്‍ഹി: രണ്ടാം തരംഗം മൂലമുണ്ടായ തടസ്സങ്ങള്‍ കാരണം അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത് വൈകും. 2021 ജനുവരി 19 ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ആറ് മാസത്തിനുള്ളില്‍ തിരുവനന്തപുരം, ജയ്പൂര്‍, ഗുവഹാത്തി വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കണം എന്നായിരുന്നു വ്യവസ്ഥ. സമയപരിധി ഈ മാസം അവസാനിക്കാനിരിക്കേയാണ് അദാനി കത്ത് നല്‍കിയത്.

കോവിഡ് കാരണം വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകള്‍ക്ക് തടസ്സം നേരിട്ടതോടെ വ്യോമയാനമേഖല ഭീമമായ നഷ്ടത്തിലാണ്. 50 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും കൈമാറിക്കൊണ്ടാണ് അദാനി എയര്‍പോര്‍ട്ട് ലിമിറ്റഡും എയര്‍ പോര്‍ട്ട് അതോറിറ്റിയും തമ്മിലുള്ള കരാര്‍.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇക്കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു.വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണന്നുമുള്ള കേന്ദ്ര നിലപാട് കോടതി അംഗീകരിച്ചു. ലേല നടപടികള്‍ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

പെരിന്തൽമണ്ണ: ഏലംകുളം കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന വനിതാ കമ്മീഷൻ. പ്രണയാഭ്യർഥന നടത്തി തുടർച്ചയായി ശല്യം ചെയ്യുന്നവരെ താക്കീതിൽ ഒതുക്കരുതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ വ്യക്തമാക്കി. പെരിന്തൽമണ്ണയിലെ ഏലംകുളത്ത് കടയ്ക്ക് തീയിടുകയും കടയുടമയുടെ മകളെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ജോസഫൈൻ പോലീസിനെതിരെ വിമർശനം ഉന്നയിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ വനിതാ കമ്മിഷൻ ഗൗരവത്തോടെ കാണുന്നു. പ്രണയാഭ്യർഥന നിരസിക്കുന്നതിന്റെ പേരിൽ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പോലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് ജോസഫൈൻ ആരോപിച്ചു.

പെൺകുട്ടികളുടെ രക്ഷിതാക്കൾ ആവർത്തിച്ച് നൽകുന്ന പരാതികളിൽ, പ്രത്യേകിച്ചും പ്രതികൾ ലഹരിവസ്തുക്കൾക്ക് അടിമയും ക്രിമിനിൽ പശ്ചാത്തലമുള്ളവരുമാകുമ്പോൾ, അവരെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിശദീകരിച്ചു.