കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കെപിസിസി അംഗം നൗഷാദലി നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഭരണ പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എൽപി ഭാട്യ അദ്ധ്യക്ഷത വഹിച്ച ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഭരണപരിഷ്‌കരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇക്കാര്യം അനുവദിച്ചില്ല. പകരം കേന്ദ്രത്തിനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും വിശദീകരണം ആവശ്യപ്പെട്ട് കോടതി കത്തയച്ചു.
പരിഷ്‌കാരങ്ങൾ ഏർപ്പെടുന്നത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.

