തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് 2, വിഎച്ച്എസ്‌സി പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 22 ന് ആരംഭിക്കും. കോവിഡ് അതിതീവ്ര വ്യാപനം കാരണം നേരത്തെ മാറ്റിവച്ചിരുന്ന പരീക്ഷകളാണ് 22 ന് ആരംഭിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പരീക്ഷ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്‌കൂളുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു സമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക. വിദ്യാർത്ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുക. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്കുള്ള പരീക്ഷ പിന്നീട് നടത്തുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും. പരീക്ഷ ഉപകരണങ്ങളെല്ലാം പരീക്ഷയ്ക്കു മുമ്പും ശേഷവും സാനിറ്റൈസ് ചെയ്യും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

