മുംബൈ: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകൾ നടത്താനായി ഓൺലൈൻ, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് എഫ്‌ഐഎസ് പറയുന്നത്.
ഉപഭോക്താക്കൾ ഓൺലൈൻ സേവനങ്ങൾ നടത്തുന്നതിനൊപ്പം സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായാണ് എഫ്‌ഐഎസ് വിശദീകരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എഫ്ഐഎസ്, എപിഎംഇഎ ചീഫ് റിസ്‌ക് ഓഫീസർ ഭരത് പഞ്ചാൽ വ്യക്തമാക്കി. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ നടത്താൻ നിലവിൽ ബാങ്കിംഗ് മേഖലയും പര്യാപ്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

