General (Page 1,503)

മുംബൈ: നഗരത്തിലെ മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ സർജനെ നിയമിച്ച് മുംബൈ. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ റോഡരികിലും മറ്റുമായി വളർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങളുടെ സംരക്ഷിക്കുന്നതിനും അവയുടെ മൂല്യനിർണയം നടത്തുന്നതിനുമാണ് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ട്രീ സർജന്മാരെ നിയമിച്ചത്. ആർബോറിസ്റ്റ് അല്ലെങ്കിൽ ആർബോരികൾച്ചറിസ്റ്റ് എന്നീ പേരുകളിലാണ് ട്രീസർജന്മാർ അറിയപ്പെടുക.

അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ മരങ്ങളുടെ ശിഖരങ്ങളും മറ്റും വെട്ടിമാറ്റുന്നതിന് നേതൃത്വം നൽകുക, മരങ്ങളെ പരിപാലിക്കുക, മരങ്ങളെ കുറിച്ച് പഠിക്കുക എന്നിവയാണ് ട്രീ സർജന്മാരുടെ ചുമതല. പദ്ധതിയുടെ ഭാഗമായി ബിഎംസിയുടെ കീഴിലുള്ള ഡി വാർഡിൽ ആർബോറിസ്റ്റായ വൈഭവ് രാജെയെ നിയമിച്ചു. ഇതിന്റെ ഫലപ്രാപ്തി അനുസരിച്ചായിരിക്കും മുംബൈ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപിക്കുക. മുംബൈ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ മലബാർ ഹിൽ, ടാർഡിയോ, പെഡ്ഡാർ റോഡ് എന്നിവ ഉൾപ്പെട്ടതാണ് ഡി വാർഡ്.

പ്രദേശത്തുള്ള 100 മുതൽ 150 മരങ്ങളെ അവയുടെ അപകട സാധ്യത ഒഴിവാക്കി എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ആർബോറിസ്റ്റ് വൈഭവ് രാജെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വെള്ളപ്പൊക്കം, കനത്ത മഴ, കാറ്റ് എന്നിവയെല്ലാം മരങ്ങൾ കടപുഴകി വീഴുന്നതിനും ശിഖരങ്ങൾ ഒടിയുന്നതിനുമൊക്കെ കാരണമാകാറുണ്ട്. ഫംഗൽ ഇൻഫെക്ഷൻ, വേരുകൾ ഇളകുന്നതുമെല്ലാം മരങ്ങൾ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നുണ്ട്. ഇത് പുറമെ നിന്നും നോക്കിയാൽ മാത്രം മനസിലാകില്ല.

മരം വീണ് അപകടം ഉണ്ടാകുന്നത് മുൻകൂട്ടി മനസ്സിലാക്കാനും അത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും പഠനത്തിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മരങ്ങളുടെ ഭൗതികമായ പ്രത്യേകതകൾ രേഖപ്പെടുത്തുകയും പിന്നീട് മരത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങൾ, ദ്രവിച്ച ഭാഗങ്ങൾ, മരങ്ങൾക്ക് എന്തെങ്കിലും രോഗം സംഭവിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം പഠനം നടത്തുകയും ചെയ്യും. മരം നിൽക്കുന്ന പ്രദേശത്തെക്കുറിച്ചും അവിടുത്തെ മണ്ണിന്റെ സ്വഭാവം, മരത്തിന്റെ വേരുകൾ എന്നിവയെ കുറിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഐസ്വാൾ: ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് സമ്മാനതുക പ്രഖ്യാപിച്ച് മിസോറാം കായിക മന്ത്രി റോബർട്ട് റൊമാവിയ. തന്റെ നിയോജക മണ്ഡലത്തിലെ ഏറ്റവും അധികം കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർ മാത്രമായിരിക്കും സമ്മാനം ലഭിക്കുക.

ഫാദേഴ്‌സ് ഡേയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിജയിക്കുന്ന വ്യക്തിക്ക് ഒരു സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. എന്നാൽ മത്സരത്തിന്റെ സമ്മാനതുകയും മറ്റ് ചെലവുമെല്ലാം വഹിക്കുന്നത് മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ നിർമ്മാണ കമ്പനിയാണ്. മിസോറാമിൽ ജനസംഖ്യ നിരക്ക് വളരെ കുറവാണെന്നും അതിനാൽ തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമിന്റെ വളർച്ചാ നിരക്ക് വളരെ കുറവാണെന്നുമാണ് മന്ത്രി പറയുന്നത്. താരതമ്യേന കുറവ് അംഗങ്ങളുള്ള മിസോ വിഭാഗത്തിൽ അംഗസംഖ്യ കൂട്ടാനുള്ള മാർഗമായാണ് മന്ത്രിയുടെ തീരുമാനത്തെ ചിലർ വിലയിരുത്തുന്നത്. എന്നാൽ ഇതിനെതിരെ വിമർശനം ഉയർത്തുന്നവരുമുണ്ട്.

pinarayi

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ഉടൻ നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകി കോളേജുകൾ തുറക്കുന്നതിനുള്ള സാഹചര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 18 മുതൽ 21 വരെയുള്ളവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. ജൂലായ് ഒന്നു മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ നൽകുന്ന കാര്യം പരിഗണിക്കുന്നത്.

കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമായിത്തുടങ്ങും റിപ്പോർട്ടുകളെന്നും അവ ലഭ്യമാകുന്നതിന് അനുസരിച്ച് കാലതാമസമില്ലാതെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്‌കൂളുകളുടെ കാര്യത്തിൽ അദ്ധ്യാപകരുടെ വാക്‌സിനേഷന് മുൻഗണന നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യാത്തവരെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്തി വരികയാണെന്നും വാക്‌സിൻ വിതരണത്തിന് ആവശ്യമായ നടപടികൾ കൂടുതൽ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ പീഡനവും ജീവഹാനിയും തുടരുന്ന നാടാണ് നമ്മുടേത് എന്ന യാഥാർത്ഥ്യം അതീവ ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്. സാമൂഹ്യവിപത്തായി കണ്ട് അഭിസംബോധന ചെയ്യേണ്ട ഗൗരവതരമായ വിഷയമാണ് സ്ത്രീധനവും ഗാർഹിക പീഡനവും. സ്ത്രീ-പുരുഷ ഭേദമെന്യേ, ഭർത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ നമുക്കാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം. നൽകിയ സ്ത്രീധനത്തിന്റെ കണക്കാകരുത് കുടുംബത്തിന്റെ മഹിമയുടെ അളവുകോൽ. അങ്ങനെ ചിന്തിക്കുന്നവർ പെൺകുട്ടികളെ വിൽപ്പനചരക്കാക്കി മാറ്റുകയാണ് എന്നോർക്കണം. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്. വീടിനുള്ളിലെ ചർച്ചകൾ പോലും ഇക്കാര്യത്തിൽ വലിയ സ്വാധീനം മക്കളിൽ ചെലുത്തും എന്ന് മാതാപിതാക്കൾ തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആൺകുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭർത്താവിന്റെ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനവും സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെൺകുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കരുത്. ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിനുതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ആധുനിക സമൂഹമെന്ന നിലയ്ക്ക് ലിംഗപരമായ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ആരംഭിക്കണം. പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. യുവജന സംഘടനകൾ ഈ വിഷയം ഗൗരവപൂർവ്വം ഏറ്റെടുത്ത് ബോധവൽക്കരണങ്ങൾക്ക് നേതൃത്വം നൽകണമെന്നും ഇത്തരം അനീതികൾ തുടച്ചു നീക്കുമെന്ന് നമ്മൾ ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി. ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവിനുമാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ വിധിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കന്നത് വരെ ഈ രണ്ട് ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശിച്ചിരിക്കുന്നത്.

ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നുമായിരുന്നു ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ അജ്മൽ അഹമ്മദ് ആവശ്യപ്പെട്ടിരുന്നത്. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനം മൂലം സർക്കാറിന്റെ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫ് അടക്കം നീക്കം ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ദ്വീപിലെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനങ്ങളിൽ നിന്ന് അഡ്മിനിസ്‌ട്രേഷൻ പിന്തിരിയണമെന്നും കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പതിറ്റാണ്ടുകളായി നമ്മുടെ മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന ദുരഭിമാനം തുടച്ചു കളയാതെ ഇതിനു ശാശ്വത പരിഹാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കല്യാണം കഴിപ്പിച്ചു അയക്കാൻ വേണ്ടി വളർത്തിയെടുത്ത ഉപകരണം പോലെയാണ് പലപ്പോഴും പെൺകുട്ടികളോടുള്ള നമ്മുടെ സമീപനം. ഈ ലോകത്തിന്റെ ശരി തെറ്റുകൾ മനസ്സിലാക്കുന്നതിനു മുന്നേ, സാമ്പത്തികമായി സ്വയം പര്യാപ്തമാവുന്നതിനു മുൻപേ അപരിചിതമായ ഒരു വീട്ടിലേക്കു പോവുന്ന അവൾ പിന്നീട് അവളുടെ ജീവിതം മുഴുവൻ സഹിക്കാനും ക്ഷമിക്കാനും വിധിക്കപ്പെട്ടവളാവുന്നു. സഹിക്കാൻ കഴിയാത്ത പീഡനം അനുഭവിക്കുമ്പോഴും കുടുംബത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യതയായി ആ ദാമ്പത്യം മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അളന്നു കൊടുക്കുന്ന പൊന്നല്ല, ആവോളം കൊടുക്കേണ്ട അറിവാണ് പെണ്മക്കളോടുള്ള ഉത്തരവാദിത്വം എന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാഹം തെറ്റായ ഒരു തീരുമാനം ആയിരുന്നെങ്കിൽ അത് തിരുത്തുന്നവളോട് മുൻവിധിയില്ലാതെ ഇടപഴകുന്ന സമൂഹവും, ആത്മാഭിമാനത്തോടെ പടിയിറങ്ങാൻ സഹായിക്കുന്ന നിയമസംവിധാനവും വേണം. നമ്മൾ മാറിയില്ലെങ്കിൽ ഹാഷ്ടാഗുകളിലെ പേര് മാത്രമേ മാറുകയുള്ളുവെന്ന് മനസ്സിലാക്കണം.ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന ശരിയായ നടപടികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെയ്ജിംഗ്: 28 മണിക്കൂറിനുള്ളിൽ ഉയർന്നത് 10 നില കെട്ടിടം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്ന ഒരു വീഡിയോയിലെ ദൃശങ്ങളാണിത്. ചൈനയിലാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് 10 നില കെട്ടിടം പണിതുയർത്തിയത്. ചാങ്ഷാ നഗരത്തിലാണ് 28 മണിക്കൂറിനുള്ളിൽ പത്ത് നില കെട്ടിടം നിർമ്മിച്ചത്.

ബ്രോഡ് ഗ്രൂപ്പ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് നിർമ്മാണം നടത്തിയത്. കെട്ടിടത്തിനു വേണ്ട മുറികളും മറ്റ് കെട്ടിട മൊഡ്യൂളുകളും നേരത്തെ തന്നെ ഒരു ഫാക്ടറിയിൽ തയാറാക്കിയിരുന്നു. ഈ ഭാഗങ്ങളെല്ലാം ട്രക്കുകളിൽ സൈറ്റിലേക്ക് കൊണ്ടുപോയി യോജിപ്പിച്ചാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഓരോ കെട്ടിട മൊഡ്യൂളിനും ഷിപ്പിംഗ് കണ്ടെയ്നറിന് സമാനമായ അളവുകളായതിനാൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും വളരെ എളുപ്പമായിരുന്നു. കെട്ടിട നിർമ്മാണത്തിന് വേണ്ട ഭാഗങ്ങളെല്ലാം നേരത്തെ തന്നെ നിർമാണ സ്ഥലത്ത് എത്തിക്കുകയും പിന്നീട് യൂണിറ്റുകൾ പരസ്പരം ബന്ധിപ്പിച്ചു വയ്ക്കുകയുമായിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ബ്രോഡ് ഗ്രൂപ്പ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.

ന്യൂഡൽഹി: എടിഎം വഴിയുള്ള പണം പിൻവലിക്കലിന് ചാർജ് വർധിപ്പിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകിയിട്ടും ഉപഭോക്താക്കൾക്ക് സൗജന്യമായി പിരിധിയില്ലാത്ത സേവനങ്ങൾ നൽകാൻ തയ്യാറായി ബാങ്കുകൾ. ഐഡിബിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് സൗജന്യ എടിഎം സേവനങ്ങൾ നൽകാൻ തയ്യാറായിരിക്കുന്നത്.

എടിഎം വഴിയുളള പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമുളള ചാർജ് വർദ്ധിപ്പിക്കാൻ അടുത്തിടെയാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. സേവനങ്ങളുടെ ചാർജ് 21 രൂപയായാണ് റിസർവ്വ് ബാങ്ക് വർധിപ്പിച്ചത്. അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് ഇത് നിലവിൽ വരിക. നിലവിൽ അഞ്ച് ഇടപാടുകളാണ് മിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളും സ്വന്തം എടിഎമ്മുകൾ വഴി പരമാവാധി സൗജന്യമായി അനുവദിക്കുക. അതിന് ശേഷമുളള ഓരോ സേവനങ്ങൾക്കും ചെറിയൊരു തുക ബാങ്കുകൾ ചാർജായി ഈടാക്കും.

ഐഡിബിഐ ബാങ്ക് അഞ്ച് ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ മൂന്ന് ഇടപാടുകളും സൗജന്യമായി അനുവദിക്കും. ചില തെരഞ്ഞെടുത്ത സേവനങ്ങൾ തികച്ചും സൗജന്യമായി അനുവദിക്കാനാണ് തീരുമാനമെന്ന് ഐഡിബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർടി ചാക്കോ അറിയിച്ചു.

ഏത് ഏടിഎമ്മിലും സൗജന്യ സേവനം അനുവദിക്കാനാണ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ തീരുമാനം. നിലവിൽ സിറ്റി ബാങ്കിൽ ഈ സേവനം ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസായി ഒരു ലക്ഷത്തിലധികമുളളവർക്ക് സ്വന്തം എടിഎമ്മിലും മറ്റ് എടിഎമ്മിലും പരിധികളില്ലാതെ സൗജന്യ സേവനത്തിന് അനുമതിയുണ്ട്.

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

സിബിഎസ്ഇ പ്ലസ് 2 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബസ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്.

കോവിഡ് വൈറസ് ബാധിച്ചവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാകും പരീക്ഷ നടത്തുകയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്.

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റം, അഭയാർത്ഥി പ്രശ്നം, അതിർത്തി സുരക്ഷിതത്വം എന്നീ വിഷയങ്ങൾ പഠിച്ചു പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ചുമതലകളിൽ നിന്നും വൈസ് പ്രസിഡന്റ് കമലാ ഹരിസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു എസ് ഹൗസ് റിപ്പബ്ലിക്കൻ അംഗങ്ങൾ. ഇക്കാര്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുഎസ് റിപ്പബ്ലിക്കൻ അംഗങ്ങൾ കത്തയച്ചുവെന്നാണ് റിപ്പോർട്ട്.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് തീർത്തും പരാജയമാണെന്നാണ് കത്തിൽ ആരോപിക്കുന്നത്. കഴിഞ്ഞ 85 ദിവസമായി തന്നിൽ അർപ്പിതമായ ചുമതലകൾ ഒന്നും തന്നെ ഇവർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. അതിർത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോർഡർ പെട്രോൾ ഏജന്റിനെ സന്ദർശിച്ചു കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനു പോലും കമല ഹാരിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മേയ് മാസം മാത്രം 180,000 കുടിയേറ്റക്കാരാണു അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സതേൺ ബോർഡറിലൂടെ പ്രവേശിച്ചവരിൽ റഷ്യ, ബ്രസീൽ, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അതിർത്തി പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്സസ് – മെക്സിക്കോ അതിർത്തിയിലെ പ്രശ്നങ്ങളെ കുറിച്ചു നാളിതുവരെ കമലാ ഹാരിസ് താനുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ടും പരാതിപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബൈഡൻ ഭരണകൂടം തീർത്തും പരാജയമാണെന്നും റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോപിക്കുന്നു.