അനധികൃത കുടിയേറ്റ വിഷയം: കമലാ ഹാരിസിനെ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് റിപ്പബ്ലിക്കൻ അംഗങ്ങൾ

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റം, അഭയാർത്ഥി പ്രശ്നം, അതിർത്തി സുരക്ഷിതത്വം എന്നീ വിഷയങ്ങൾ പഠിച്ചു പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ചുമതലകളിൽ നിന്നും വൈസ് പ്രസിഡന്റ് കമലാ ഹരിസിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു എസ് ഹൗസ് റിപ്പബ്ലിക്കൻ അംഗങ്ങൾ. ഇക്കാര്യം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന് യുഎസ് റിപ്പബ്ലിക്കൻ അംഗങ്ങൾ കത്തയച്ചുവെന്നാണ് റിപ്പോർട്ട്.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് തീർത്തും പരാജയമാണെന്നാണ് കത്തിൽ ആരോപിക്കുന്നത്. കഴിഞ്ഞ 85 ദിവസമായി തന്നിൽ അർപ്പിതമായ ചുമതലകൾ ഒന്നും തന്നെ ഇവർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിർത്തി പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്നത്. അതിർത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോർഡർ പെട്രോൾ ഏജന്റിനെ സന്ദർശിച്ചു കാര്യങ്ങൾ അന്വേഷിച്ചറിയുന്നതിനു പോലും കമല ഹാരിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മേയ് മാസം മാത്രം 180,000 കുടിയേറ്റക്കാരാണു അമേരിക്കയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സതേൺ ബോർഡറിലൂടെ പ്രവേശിച്ചവരിൽ റഷ്യ, ബ്രസീൽ, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. അതിർത്തി പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്സസ് – മെക്സിക്കോ അതിർത്തിയിലെ പ്രശ്നങ്ങളെ കുറിച്ചു നാളിതുവരെ കമലാ ഹാരിസ് താനുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ഏബട്ടും പരാതിപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബൈഡൻ ഭരണകൂടം തീർത്തും പരാജയമാണെന്നും റിപ്പബ്ലിക്കൻ അംഗങ്ങൾ ആരോപിക്കുന്നു.