സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം; സെപ്തംബർ മാസത്തിൽ പരീക്ഷ നടത്താൻ സുപ്രീം കോടതിയുടെ അനുവാദം തേടി

ന്യൂഡൽഹി: കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ ഇക്കാര്യം വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്നും അതിന് അനുമതി നൽകണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

സിബിഎസ്ഇ പ്ലസ് 2 പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേറ്റ് സിലബസ് പരീക്ഷകൾ കൂടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്.

കോവിഡ് വൈറസ് ബാധിച്ചവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പരീക്ഷ എഴുതുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും ആരോഗ്യ വകുപ്പിന്റെ കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചാകും പരീക്ഷ നടത്തുകയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ റദ്ദാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളത്തോട് സുപ്രീംകോടതി നിലപാട് തേടിയത്.