കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി. ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവിനുമാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ വിധിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ അജ്മൽ അഹമ്മദ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഈ രണ്ട് വിവാദ ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. കേന്ദ്ര സർക്കാരിന് എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനുള്ള സാവകാശം കോടതി നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ഹർജി വീണ്ടും പരിഗണിക്കന്നത് വരെ ഈ രണ്ട് ഉത്തരവുകളിലും തുടർ നടപടികൾ ഉണ്ടാകരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ഡയറി ഫാമുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും നീക്കം തടയണമെന്നുമായിരുന്നു ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ അജ്മൽ അഹമ്മദ് ആവശ്യപ്പെട്ടിരുന്നത്. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ തീരുമാനം മൂലം സർക്കാറിന്റെ അടക്കം ഡയറി ഫാമുകളിലെ പശുക്കൾ സംരക്ഷണം ലഭിക്കാതെ ചത്തു. ഗുജറാത്തിൽ നിന്നടക്കം ചില സ്വകാര്യ കമ്പനികളെ ലക്ഷദ്വീപിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫ് അടക്കം നീക്കം ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ദ്വീപിലെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനങ്ങളിൽ നിന്ന് അഡ്മിനിസ്‌ട്രേഷൻ പിന്തിരിയണമെന്നും കോടതി ഇടപെട്ട് തീരുമാനം ഉണ്ടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

