General (Page 1,504)

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ തിരിച്ചടി നേരിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി.

അക്രമ സംഭവങ്ങളിലെ പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജൂൺ 18 നാണ് കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

അന്വേഷണം നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്‌സനോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. പ്രശ്‌നബാധിത മേഖലകൾ സന്ദർശിക്കാനും നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു നിർദേശം. അന്വേഷണ സമിതിക്കുള്ള എല്ലാ സഹായങ്ങളും ബംഗാൾ സർക്കാർ ഒരുക്കി നൽകണമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി സർക്കാരിനെ അറിയിച്ചിരുന്നു. ഭീഷണി, ആക്രമണം, കൊള്ള, പീഡനം, സ്ഥലം പിടിച്ചെടുക്കൽ തുടങ്ങി 3243 പരാതികളാണ് വെസ്റ്റ് ബംഗാൾ ലീഗൽ സർവീസ് അതോറിറ്റിക്ക് ജൂൺ പത്ത് വരെ ലഭിച്ചത്. ജീവന് ഭീഷണിയുള്ളതിനാൽ 200 -ൽ അധികം പ്രവർത്തകർക്ക് സ്വന്തം വീടുകളിലെത്താൻ സാധിക്കുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാളിന്റെ ആരോപണം.

ഈ പരാതികളിൽ നടപടി സ്വീകരിക്കാത്തതിന് പശ്ചിമ ബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം മുടങ്ങി. മാസം പകുതിയിലധികം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ പെൻഷൻ വിതരണം ആരംഭിച്ചിട്ടില്ല. സഹകരണ സംഘങ്ങൾ വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം നടത്തുന്നത്. പുതിയ സർക്കാർ മേൽ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പെൻഷൻ മുടങ്ങിയിരിക്കുന്നത്.

സർക്കാരും സഹകരണ സംഘങ്ങളും തമ്മിലുള്ള എം.ഒ.യു ഇതുവരെ പുതുക്കിയിട്ടില്ല. മാർച്ചിൽ എം.ഒ.യു കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു മാസത്തേയും പെൻഷൻ തുക സഹകരണ സംഘങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ഇനിയുള്ള പെൻഷൻ വിതരണത്തിനായുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

എല്ലാം ആദ്യം മുതൽ ആരംഭിച്ചാൽ മാത്രമെ പെൻഷൻ വിതരണം നടത്താൻ കഴിയൂ. പെൻഷൻ ഫയൽ ഗതാഗത വകുപ്പ് ധന വകുപ്പിന് അയച്ചിരിക്കുകയാണ്. അവിടെ നിന്ന് സഹകരണ വകുപ്പിലും പിന്നീട് കേരള ബാങ്കിലും പോകണം. അവിടെ പുതിയ കരാറുണ്ടാക്കാനുള്ള വ്യവസ്ഥകൾ ചർച്ച ചെയ്തു തീരുമാനിക്കണം. പിന്നീട് മൂന്നു വകുപ്പുകളും കൂടിയാലോചിച്ച് വേണം അന്തിമ തീരുമാനമെടുക്കാൻ. ഇതെല്ലാം അവസാനിച്ച് പെൻഷൻ വിതരണം ആരംഭിക്കാൻ ഒരാഴ്ച്ചയിലധികം എടുത്തേക്കുമെന്നാണ് വിവരം. കോവിഡ് കാലത്ത് മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടിലാണെന്നാണ് പെൻഷൻകാരുടെ പരാതി. വളരെയേറെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇവർ പരാതി പറയുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ചു. വനിത ശിശുവികസന വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കൾ രണ്ട് പേരും മരണപ്പെട്ട കുട്ടികൾക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയും ശേഷിച്ച ആൾ ഇപ്പോൾ കോവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കൾ പൂർണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കുമാണ് സർക്കാർ സഹായം അനുവദിക്കുന്നതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നത് വരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരിൽ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കൂടാതെ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കുന്നതാണ്. ഈ ധനസഹായങ്ങൾക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പാണ് അനുവദിക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെടുകയും കുട്ടികൾ അനാഥരാകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുന്നതിനാൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട 74 കുട്ടികളാണ് സംസ്ഥാനത്തുള്ളത്. ഈ കുട്ടികളെ ബാലനീതി നിയമത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തിൽ ഉൾപ്പെടുത്തി പരിഗണന നൽകേണ്ടതും ഈ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവ മുൻനിർത്തി അടിയന്തര സഹായം നൽകേണ്ടതും ആവശ്യമാണ്. സർക്കാർ ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

tree

കോഴിക്കോട്: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിൽ തർക്കം മുറുകുന്നു. റവന്യൂ വകുപ്പിന്റെ പിഴവുകളിൽ വനം വകുപ്പ് ജീവനക്കാർക്കെതിരെ അന്വേഷണം വേണ്ടെന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നിലപാടിനെതിരെ എതിർപ്പുമായി ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ രംഗത്തെത്തി.

കുറ്റക്കാരായവർക്ക് രക്ഷപ്പെടുന്നതിനുള്ള അവസരമൊരുക്കാൻ വേണ്ടിയാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് സിപിഐയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിക്കുന്നത്. അസോസിയേഷന്റെ പ്രധാന ഭാരവാഹിക്കും ബന്ധുവിനും മരംകൊള്ളയിൽ പങ്കുണ്ടെന്ന ആരോപണവും ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ജീവനക്കാർക്ക് നൽകിയ വാട്‌സാപ് സന്ദേശത്തിലാണ് സ്റ്റാഫ് ഓർഗനൈസേഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

വനം വകുപ്പിലുള്ളവർക്ക് മരംമുറിയിൽ പങ്കുണ്ടെന്നും അന്വേഷണത്തിലൂടെ മാത്രമെ കുറ്റക്കാരെ പുറത്തു കൊണ്ടുവരാൻ കഴിയൂവെന്നും ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ വിശദീകരിക്കുന്നു. അന്വേഷണം അട്ടിമറിക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നതെന്നാണ് സ്റ്റാഫ് ഓർഗനൈസേഷന്റെ ആരോപണം. ക്രമക്കേടുകൾക്ക് കുടപിടിച്ചവർ തന്നെയാണ് ഇപ്പോൾ അന്വേഷണത്തിനെതിരെ രംഗത്തുവന്നരിക്കുന്നതെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഇക്കാര്യങ്ങൾ ആരോപിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ നിയമങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ നിയമങ്ങളുമെല്ലാം തെറ്റിച്ചാണ് യുഎഇ കോൺസൽ ജനറൽ കേരളത്തിൽ പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും യോഗങ്ങൾ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയിൽ വീണതായുള്ള സൂചനയും കസ്റ്റംസ് നൽകുന്നുണ്ട്. വൈ കാറ്റഗറി സുരക്ഷയാണ് സർക്കാർ കോൺസൽ ജനറലിന് നൽകിയിരുന്നത്. സുരക്ഷാ ഭീഷണി ഇല്ലാതിരുന്നിട്ടും പ്രോട്ടോക്കോൾ ഓഫീസിനെ മറികടന്നായിരുന്നു സർക്കാർ തീരുമാനം.

വിയറ്റ്നാമിൽ കോൺസൽ ജനറലായി ജോലി ചെയ്യുമ്പോൾ അവിടെയും ഇവർ കള്ളക്കടത്ത് നടത്തിയിരുന്നുവെന്നും യു.എ.ഇയിൽ നിന്നും നിരോധിത മരുന്ന്, സിഗരറ്റ് അടക്കമുള്ളവ വിയറ്റ്നാമിലേക്ക് കടത്തി ഇൻസ്റ്റാഗ്രമിലൂടെ കോൺസൽ ജനറലും കൂട്ടരും വിൽപന നടത്തിയെന്നും കസ്റ്റംസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിച്ചാണ് കോൺസൽ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തിയത്. കേരളത്തിൽ നിന്ന് കള്ളക്കടത്തിലൂടെ ലഭിക്കുന്ന പ്രതിഫലത്തിൽ കള്ളനോട്ടുണ്ടോ എന്ന് തിരിച്ചറിയാനായി കോൺസൽ ജനറലിന്റെ നിർദേശപ്രകാരം സരിത്ത് നോട്ടെണ്ണൽ യന്ത്രം വാങ്ങി നൽകിയെന്നും നോട്ടീസിൽ വിശദീകരിക്കുന്നു.

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്. 20700 കോടിയാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണിത്. 2019 ൽ ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിൽ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

2006 ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ 2011, 2013, 2017 വർഷങ്ങളിൽ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായി. കസ്റ്റമർ നിക്ഷേപത്തിലൂടെ 4000 കോടി രൂപയുടെയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയുടെയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയുടെയും നിക്ഷേപമാണ് 2020 ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും രൂപത്തിലുമാണ് ഇവയുള്ളത്.

കസ്റ്റമർ മുഖേനയുള്ള നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019 നേക്കാൾ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ട്. 2018 മുതൽ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് സ്വിസ് ബാങ്ക് നികുതി വിഭാഗത്തിന് കണക്കുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.

aisha

കവരത്തി: സിനിമാ പ്രവർത്തക ഐഷാ സുൽത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട കേസിലാണ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷം ഐഷാ സുൽത്താനയെ പോലീസ് വിട്ടയച്ചു.

ആവശ്യമെങ്കിൽ ഐഷാ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മൂന്ന് ദിവസം ലക്ഷദ്വീപിൽ തുടരണമെന്നും പോലീസ് ഐഷാ സുൽത്താനയോട് നിർദ്ദേശിച്ചു.

ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനോടെപ്പമാണ് ഐഷാ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിന്റെ പേരിലാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷനാണ് ഐഷയ്‌ക്കെതിരെ പരാതി നൽകിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വ്വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സി.ഹരികുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും.

കെ എസ് ആര്‍ ടി സി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂണിയന്‍ നേതാക്കളായ വി. ശാന്തകുമാര്‍ , ആര്‍. ശശിധരന്‍, കെ.എല്‍ രാജേഷ്, സൗത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടക്കത്തില്‍ രണ്ടു എസി ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്.ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.

നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. അടുത്തിടെയായി ഒട്ടനവധി പരിഷ്‌ക്കാരങ്ങളാണ് കെഎസ്ആര്‍ടിയിസിയില്‍ വരുത്തുന്നത്. തിരുവനന്തപുരം സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങള്‍ക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്.

ന്യൂഡൽഹി: പുതിയ ഐടി ചട്ടങ്ങൾ രൂപീകരിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിലെ സാധാരണ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎൻ) നൽകിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പുതിയ ഐടി ചട്ടങ്ങൾ മനുഷ്യാവകാശ ലംഘനമല്ലെന്നും ഇന്ത്യ വ്യക്തമാക്കി.

രാജ്യത്തെ ഐടി ചട്ടങ്ങളിൽ യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് മറുപടി നൽകിയത്. അഭിപ്രായ സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന ചട്ടങ്ങളിൽ ഇന്ത്യ മാറ്റം വരുത്തണെന്ന് അഭ്യർഥിച്ച് യുഎന്നിലെ പ്രത്യേക സമിതി കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്ത്യയുടെ വിശദീകരണം.

വിശാലമായ ചർച്ചകൾക്ക് ശേഷമാണ് പുതിയ ഐടി ചട്ടങ്ങൾ കൊണ്ടുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകൾക്ക് പരാതി നൽകാൻ ഒരിടം വേണം. പൊതുജനങ്ങളിൽ നിന്ന് ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങൾ തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി. ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാദ്ധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും ഇന്ത്യ അറിയിച്ചു.

ടെഹ്‌റാൻ: ഇറാന്റെ പ്രഡിഡന്റായി ഇബ്രാഹിം റെയ്‌സി തെരഞ്ഞെടുക്കപ്പെട്ടു. 90 ശതമാനം വോട്ടുകൾ നേടിയാണ് റെയ്‌സിയുടെ വിജയം. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ വിശ്വസ്തനാണ് ഇബ്രാഹിം റെയ്‌സി. ആയത്തുള്ള ഖമേനിയുടെ പിന്തുണയോടെയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചത്.

ഇറാൻ പ്രസിഡന്റായിരുന്ന ഹസൻ റുഹാനിയുടെ പക്ഷക്കാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനാൽ ഇബ്രാഹിം റെയ്‌സി വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. മനുഷ്യവകാശ ലംഘനങ്ങളുടെ പേരിൽ അമേരിക്കയുടെ ഉപരോധം നേരിടുന്നയാളാണ് റെയ്സി. ഇറാനിലെ ജുഡീഷ്യറിയുടെ മേധാവി കൂടിയാണ് റെയ്സി. 1980 കളിൽ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്ക് വിധിച്ചെന്ന ആരോപണമാണ് റെയ്സിക്കെതിരെയുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.