General (Page 1,498)

ന്യൂഡൽഹി: ആയുധങ്ങൾ കടത്തുന്നതിനും മയക്കുമരുന്ന് കടത്തുന്നതിനും പുറമെ ആക്രമണങ്ങൾ നടത്താനും ഡ്രോൺ ഉപയോഗിച്ച് പാക് ഭീകരർ. ജമ്മു കശ്മീരിലെ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. ജമ്മു കശ്മീരിൽ നടന്ന ആക്രമണത്തിലൂടെ സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കാൻ ശേഷിയുള്ള ഡ്രോണുകൾ പാക് ഭീകരരുടെ കൈവശമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരർ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക ആയുധങ്ങൾ, വെടിമരുന്ന്, മയക്കുമരുന്ന് എന്നിവ ഇന്ത്യൻ പ്രദേശത്തേക്ക് കടത്താനായിരുന്നു ഭീകരർ ഡ്രോൺ ഉപയോഗിച്ചിരുന്നത്. ചൈനയിൽ നിന്നാണ് പാകിസ്താൻ ഡ്രോൺ ഇറക്കുമതി ചെയ്തിരുന്നത്. പാകിസ്താൻ സർക്കാരിന്റെ പിന്തുണയോടെയാണ് ഭീകരർ ഡ്രോൺ ഉപയോഗിക്കുന്നത്. ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ട സാഹചര്യം വന്നെത്തിയിരിക്കുന്നുവെന്നാണ് ജമ്മു കശ്മീരിലെ ആക്രമണത്തിൽ നിന്നും വ്യക്തമായിരിക്കുന്നത്.

അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള വ്യോമസേന കേന്ദ്രത്തിലാണ് ഡ്രോൺ ആക്രമണം നടന്നിരിക്കുന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ച് കൃത്യമായ സ്ഥലത്തെത്താൻ ഒരുപരിധി വരെ ഈ ഡ്രോണുൾക്ക് സാധിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കുറഞ്ഞ വിലയ്ക്ക് പോലും ലഭിക്കുന്ന, കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ചൈനീസ് ഡ്രോണുകൾ ലഭ്യമാണ്. ഈ ഡ്രോണുകളെല്ലാം താഴെ നിന്ന് നിയന്ത്രിക്കാനും സാധിക്കും. ഇത്തരം ഡ്രോണുകൾക്ക് മാരകശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ വഹിച്ച് സഞ്ചരിക്കാനും ആക്രമണം നടത്താനും കഴിയും. ഇതൊക്കെയാണ് ഡ്രോൺ ആക്രമണങ്ങളെ നേരിടാനുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നത്.

മിക്ക ഡ്രോണുകളും താഴ്ന്ന് പറക്കുന്നതിനാൽ അതിർത്തിപ്രദേശങ്ങളിലെ റഡാറുകളിൽ ഡ്രോണുകൾ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. ഭാവിയിൽ ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിന് അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ആവശ്യമുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ തുറക്കാൻ തീരുമാനം. ബിയറും വൈനും മാത്രമായിരിക്കും ബാറുകളിൽ വിൽക്കുന്നത്. വിദേശ മദ്യം വിൽക്കേണ്ടതില്ലെന്നാണ് നിലവിൽ ബാറുടമകൾ തീരുമാനിച്ചിരിക്കുന്നത്. ബിവറേജസ് കോർപ്പറേഷൻ വെയർഹൗസ് ചാർജ് കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബാറുകൾ അടച്ചിട്ടത്.

ബാറുകളുടെ വെയർ ഹൗസ് മാർജിൻ 25 ശതമാനമാക്കിയാണ് ഉയർത്തിയത്. കൺസ്യൂമർ ഫെഡിന്റേത് 20 ശതമാനമായും ഉയർത്തിയിട്ടുണ്ട്. ബെവ്കോയിൽ നിന്നും മദ്യം വാങ്ങുമ്പോഴുള്ള വെയർ ഹൗസ് മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതാണ് കൺസ്യൂമർ ഫെഡിനെയും ബാറുകളെയും പ്രതിസന്ധിയിലാക്കുന്നത്. ബെവ്കോ നടപടിയിൽ പ്രതിഷേധിച്ച് ഒരാഴ്ചയായി സംസ്ഥാനത്തെ ബാറുകൾ അടഞ്ഞു കിടക്കുകയായിരുന്നു.

ഇപ്പോഴത്തെ മാർജിനിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ബാർ ഉടമകൾ പറയുന്നത്. നിലവിൽ സ്റ്റോക്കുള്ള ബിയറിന്റെ കാലാവധി കഴിഞ്ഞാൽ വിൽക്കാനാവില്ല. ഇക്കാരണത്താലാണ് ബാറുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്.

തൃശൂർ: മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി. തന്റെ സുഹൃത്ത് മുൻപൊരിക്കൽ ബലാത്സംഗത്തിന് ഇരയായെന്നും പോലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നും മയൂഖ ജോണി വ്യക്തമാക്കി. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസണാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.

ഇക്കാര്യം വ്യക്തമാക്കി എസ്പി. പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്ന് ഉണ്ടായത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിക്കുന്നു. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മയൂഖയുടെ വെളിപ്പെടുത്തൽ.

പ്രതി പെൺകുട്ടിയെ ഇപ്പോഴും മാനസികമായി പീഡിപ്പിക്കുന്നുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണെന്നും ഇയാളുടെ സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ പറയുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്കൊപ്പം എത്തിയാണ് മയൂഖ വെളിപ്പെടുത്തൽ നടത്തിയത്.

2016 ലായിരുന്നു സംഭവം. അന്ന് പെൺകുട്ടി പരാതി നൽകിയിരുന്നില്ല. 2018 ൽ പെൺകുട്ടി വിവാഹിതയായി. ഇതിന് ശേഷം ഭർത്താവിന്റെ പിന്തുണയോടെയാണ് പെൺകുട്ടി നിയമത്തിന്റെ സഹായം തേടിയത്. ആളൂർ പോലീസിലാണ് ചുങ്കത്ത് ജോൺസണിനെതിരെ പരാതി നൽകിയത്. ആദ്യം ജെനുവിൻ കേസാണെന്ന് പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി. നിങ്ങളുടെ ഫോണിൽ തെളിവുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും അല്ലാതെ പ്രതിയുടെ ഫോൺ പിടിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നുമാണ് പോലീസ് പറഞ്ഞത്. പിന്നീട് റൂറൽ എസ് പിയായിരുന്ന പൂങ്കുഴലിക്കും പരാതി നൽകി. എന്നാൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മയൂഖയുടെ ആരോപണം.

ന്യൂഡൽഹി: ട്വിറ്റർ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ രാജിവെച്ചു. പുതിയ ഐടി നിയമപ്രകാരം ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ച ധർമേന്ദ്ര ചാതൂറാണ് രാജിവെച്ചത്. ധർമേന്ദ്ര ചാതുറിന്റെ രാജിയുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് വിവരം.

രാജ്യത്ത് പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നത് മെയ് 25 മുതലാണ്. ഉപഭോക്താക്കളിൽ നിന്നോ മറ്റോ ലഭിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് ഒരു സംവിധാനം വേണമെന്ന് സാമൂഹിക മാദ്ധ്യമ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കുന്നതാണ് പുതിയ ഐടി നിയമം. രാജ്യത്ത് പ്രാബല്യത്തിൽ വന്ന പുതിയ ഐടി നിയമപ്രകാരം 50 ലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള എല്ലാ സുപ്രധാന സാമൂഹിക കമ്പനികളും അത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പങ്കിടുന്നതിന് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നായിരുന്നു പുതിയ നിയമത്തിൽ നിർദ്ദേശിച്ചിരുന്നത്. ഇത്തരം ഉദ്യോഗസ്ഥർ ഇന്ത്യയിൽ താമസിക്കുന്നവരാകണമെന്നും പുതിയ നിയമത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ചീഫ് കംപ്ലയിൻസ് ഓഫീസർ, നോഡൽ കോൺടാക്റ്റ് ഓഫീസർ, റസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിക്കാൻ കമ്പനികൾ നിർബന്ധിതരായി. ഇതിന്റെ ഭാഗമായാണ് ട്വിറ്റർ ധർമേന്ദ്ര ചാതുറിനെ ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിച്ചത്. ധർമേന്ദ്ര ചാതുറിന്റെ യുഎസിലെ മേൽവിലാസമാണ് ട്വിറ്റർ നൽകിയിരുന്നത്. തുടർന്ന് കേന്ദ്രത്തിന്റെ പുതിയ ഐ.ടി. ചട്ടം പാലിക്കാൻ തയ്യാറാവാത്തതിനാൽ ട്വിറ്ററിന് നിയമപരമായ പരിരക്ഷ നഷ്ടമായിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം ആരെങ്കിലും പോസ്റ്റ് ചെയ്താൽ ട്വിറ്ററിനെതിരെ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം നടപടി സ്വീകരിക്കാം.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾക്കിടെ തിങ്കളാഴ്ച്ച മുതൽ നടക്കുന്ന സർവ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് തരൂർ ഗവർണറെ കണ്ടത്. അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തരൂർ പ്രതികരിച്ചു.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എതിർപ്പുകൾക്കിടയിലാണ് സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടെ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികളും അധ്യാപകരും. വാക്സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ: പ്രതിരോധ രംഗത്ത് നിർണായക നേട്ടം കരസ്ഥമാക്കി ഇസ്രായേൽ. നഗ്‌നനേത്രങ്ങൾക്കും തെർമൽ ഇമേജിങ് സാങ്കേതികവിദ്യയ്ക്കും തിരിച്ചറിയാനാകാത്ത വിധം സൈനികരെ മറയ്ക്കുന്ന കാമഫ്ളാജ് സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഇസ്രായേലി പ്രതിരോധ വകുപ്പ്. ഇസ്രായേലിലെ പൊളാരിസ് എന്ന ടെക് കമ്പനിയുടെ സഹകരണത്തോടെയാണ് പ്രതിരോധ വകുപ്പ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. കിറ്റ് 300 എന്നാണ് ഈ സാങ്കേതിക വിദ്യയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ആധുനിക സൈന്യങ്ങളെല്ലാം യുദ്ധ സമയങ്ങളിൽ കാമഫ്ളാജ് യൂണിഫോമുകൾ അണിയാറുണ്ട്. പശ്ചാത്തലവുമായി ഇഴുകിച്ചേരുന്ന രീതിയിൽ സ്വയം മറയ്ക്കപ്പെടാനാണ് ഇത് അണിയുന്നത്. തെർമൽ ഇമേജിങ് ഗോഗിളുകൾക്കു കാമഫ്ളാജ് വേഷങ്ങൾ അണിഞ്ഞ സൈനികരെ കണ്ടെത്താൻ കഴിയും. ഈ കുറവ് പരിഹരിച്ചാണ് ഇസ്രായേൽ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ കിറ്റ് 300 ധരിച്ച സൈനികർ ഏറെകുറെ അദൃശ്യരാണെന്ന് തന്നെ പറയാം. ലോഹങ്ങൾ, മൈക്രോഫൈബർ, പോളിമർ പദാർഥങ്ങൾ എന്നിവയെല്ലാം കൂട്ടിച്ചേർത്താണ് കിറ്റ് 300 ന്റെ നിർമ്മിച്ചിരിക്കുന്നത്. ശരീരത്തിനു ചുറ്റും ഈ കിറ്റ് ആവരണം ചെയ്താൽ എതിർസൈനികർക്ക് ഒരു മരക്കുറ്റിയായോ അല്ലെങ്കിൽ പാറയായോ മാത്രമേ ഇതു ധരിക്കുന്നവരെ കാണാൻ കഴിയൂവെന്നാണ് പോളാരിസ് കമ്പനി അധികൃതർ വിശദീകരിക്കുന്നത്.

ഈ ഷീറ്റുകൾ കൂട്ടമായി കെട്ടി ടെന്റ് പോലെ സ്ഥാപിച്ച് അതിനകത്ത് സൈനികർക്ക് താമസിക്കുകയും ചെയ്യാം. യുദ്ധത്തിനിടയിൽ പരുക്കേറ്റ് വീഴുന്ന ഈ ഷീറ്റിനുള്ളിൽ പൊതിഞ്ഞു സുരക്ഷിതമായി ആരുമറിയാതെ മേഖലയിൽ നിന്നും മാറ്റാനും കഴിയും. തണുപ്പു കൂടിയ ഘട്ടങ്ങളിൽ സൈനികർക്കു സംരക്ഷണത്തിനായും ഈ ഷീറ്റ് പ്രയോജനപ്പെടുത്താം. കാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെ സേനകൾക്ക് കിറ്റ് 300 നൽകാനാണ് അധികൃതർ പദ്ധതിയിടുന്നത്.

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയുമാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യം തെറ്റി സ്‌ഫോടക വസ്തു വീണ് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപറ്റുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

തുറസായ സ്ഥലത്താണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് വ്യോമസേന വ്യക്തമാക്കി. വിമാനത്താവളത്തിലെ ഉപകരങ്ങൾക്കൊന്നും കേടുപാടുകൾ പറ്റിയിട്ടില്ല.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യോമസേന സ്റ്റേഷന് സമീപമുള്ള സത്വാരി പ്രദേശത്തു നിന്നാണ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലാണ് ആക്രമണം നടന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി സൈനിക ഉദ്യോഗസ്ഥർ മേഖലയിലെത്തി. ആക്രമണത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. മേഖലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഓൺലൈൻ ആയി പിഴ ഈടാക്കുന്ന ഇ-ചെലാൻ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-ചെലാൻ സംവിധാനം നിലവിൽ വന്നു. എ.ഡി.ജി.പി മനോജ് എബ്രഹാം, ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി ഐ.ജി ജി.ലക്ഷ്മൺ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ജനറലും സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസറുമായ പി.വി മോഹൻ കൃഷ്ണൻ, ട്രഷറി വകുപ്പ് ഐ.റ്റി വിഭാഗം മേധാവി രഘുനാഥൻ ഉണ്ണിത്താൻ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ് തലവനുമായ ജിതേഷ്.പി.വി, പൈൻലാബ്സിന്റെ ഗവൺമെന്റ് ആന്റ് എമർജിംഗ് ബിസിനസ് വിഭാഗം അസിസ്റ്റന്റ് സെയിൽസ് മാനേജർ വിനായക്.എം.ബി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വാഹന പരിശോധനയും പിഴ അടയ്ക്കലും എളുപപ്പമാക്കുന്ന സംവിധാനമാണ് ഇ-ചെലാൻ. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഈ സംവിധാനം നേരത്തെ നിലവിൽ വന്നിട്ടുണ്ട്. 11 മാസത്തിനിടെ ഇവിടെ നിന്നും 17 കോടിയിലധികം രൂപയാണ് ഇ-ചെലാൻ വഴി പിഴയായി ലഭിച്ചത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെ നമ്പരോ ഡ്രൈവിംഗ് ലൈസൻസ് നമ്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാമെന്നതാണ് ഇ-ചെലാൻ സംവിധാനത്തിന്റെ പ്രത്യേകത. വാഹനപരിശോധനയ്ക്കിടെ രേഖകൾ നേരിട്ട് പരിശോധിക്കുന്നത് മൂലമുളള സമയനഷ്ടം പരിഹരിക്കാൻ ഇൃ-ചെലാൻ പദ്ധതിയിലൂടെ കഴിയും. പിഴ അടയ്ക്കാനുളളവർക്ക് ഓൺലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കം. ഇത്തരം സംവിധാനങ്ങൾ കൈവശം ഇല്ലാത്തവർക്ക് പിഴ അടയ്ക്കാൻ പ്രത്യേകം സൗകര്യവും ഏർപ്പെടുത്തും.

നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് പദ്ധതിയ്ക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കിയത്. ഡിജിറ്റൽ സംവിധാനമായതിനാൽ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല.

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനിൽ കോടികളുടെ ധൂർത്ത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾക്കായി കോടികളാണ് സർക്കാർ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കമ്മീഷന് വേണ്ടി അനുവദിച്ചത്.

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വനിത കമ്മീഷന് സർക്കാരിനോട് പണം ചോദിക്കുന്നതിൽ കമ്മീഷന് വീഴ്ച്ചയുണ്ടായില്ലെന്നാണ് കണക്കുകളിൽ വ്യക്തമാക്കുന്നത്. സ്ത്രീകളോടുള്ള വിവേചനം തടയുന്നതിനും തുല്യത ഉറപ്പാക്കാനും നിയമ ശിൽപശാലയും 238 സെമിനാറും നടത്താൻ 1.57 കോടി രൂപയാണ് വനിത കമ്മീഷൻ മെയ് മാസം സർക്കാരിനോട് ആവശ്യപ്പെട്ടത്. 75 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് വനിതാ കമ്മീഷന് അനുവദിച്ചത്. ഈ പരിപാടികൾ നടത്താൻ ഇത്രയധികം തുക ആവശ്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ തീരുമാനം.

കൗൺസിലിംഗിനായി 120 ജാഗ്രത സമിതികൾ രൂപീകരിക്കാൻ 60 ലക്ഷം രൂപയും ഫാമിലി കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് രണ്ട് പാർട്ട്ടൈം സൈക്കോളജിസ്റ്റിനെ നിയമിക്കാൻ 10.8 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. കമ്മീഷന്റെ പ്രസിദ്ധീകരണം പുറത്തിറക്കാൻ ആറ് ലക്ഷം രൂപയും സർക്കാർ നൽകിയിരുന്നു.

തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളെ ഭീകര സംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.

കഴിഞ്ഞ സർക്കാറിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല. ചെയ്തത് ജോലിമാത്രമാണ്. നിരുപാധികം കീഴടങ്ങാൻ അവർക്ക് അവസരം നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പവൻഹാൻസുമായുളള ഹെലികോപ്ടർ കരാറിനെ കുറിച്ചു ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. പവൻഹാൻസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇനി കരാറിനായി ആഗോള ടെണ്ടർ വിളിക്കും.

സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്രാ മാതൃകയിൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. വിസ്മയ കേസ് കേരള മനസാക്ഷിയെ ഉലച്ചു നിയമങ്ങൾകൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ല. കേരളീയ സമൂഹം ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബോധവത്കരണം ഉണ്ടാകണമെന്നും ബെഹ്‌റ ആവശ്യപ്പെട്ടു.

അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തിന്നില്ല. പോലീസ് എന്തുചെയ്തുവെന്ന് ജനം വിലയിരുത്തട്ടെ. കേരള പോലീസിനെ രാജ്യത്തെ മികച്ച സേനകളിൽ ഒന്നാക്കിയെന്നും വിരമിക്കൽ സംതൃപ്തിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.