തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച്ച നടത്തി ശശി തരൂർ എംപി. കോവിഡ് പ്രതിസന്ധികൾക്കിടെ തിങ്കളാഴ്ച്ച മുതൽ നടക്കുന്ന സർവ്വകലാശാല പരീക്ഷ നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് തരൂർ ഗവർണറെ കണ്ടത്. അനുഭാവപൂർണ്ണമായ പ്രതികരണമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തരൂർ പ്രതികരിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എതിർപ്പുകൾക്കിടയിലാണ് സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടെ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികളും അധ്യാപകരും. വാക്സിൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് വിദ്യാർത്ഥികൾ മുന്നോട്ട് വെയ്ക്കുന്നത്. അതേസമയം ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ഹാൾടിക്കറ്റ് കാണിച്ചാൽ യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികൾക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

