സുഹൃത്തിനെ ബലാത്സംഗം ചെയ്ത പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചു; എം സി ജോസഫൈനെതിരെ ഗുരുതര ആരോപണങ്ങളുമായി മയൂഖ ജോണി

തൃശൂർ: മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി. തന്റെ സുഹൃത്ത് മുൻപൊരിക്കൽ ബലാത്സംഗത്തിന് ഇരയായെന്നും പോലീസിൽ നിന്നും നീതി ലഭിച്ചില്ലെന്നും മയൂഖ ജോണി വ്യക്തമാക്കി. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസണാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.

ഇക്കാര്യം വ്യക്തമാക്കി എസ്പി. പൂങ്കുഴലിക്ക് പരാതി നൽകിയിരുന്നു. എന്നാൽ മോശമായ സമീപനമാണ് പോലീസിൽ നിന്ന് ഉണ്ടായത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരുന്ന എം.സി.ജോസഫൈൻ പ്രതിക്കായി ഇടപെട്ടുവെന്നും മയൂഖ ആരോപിക്കുന്നു. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മയൂഖയുടെ വെളിപ്പെടുത്തൽ.

പ്രതി പെൺകുട്ടിയെ ഇപ്പോഴും മാനസികമായി പീഡിപ്പിക്കുന്നുണ്ട്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും നഗ്നവീഡിയോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി സാമ്പത്തിക-രാഷ്ട്രീയ പിൻബലമുള്ള വ്യക്തിയാണെന്നും ഇയാളുടെ സ്വാധീനം ഉപയോഗിച്ച് നടപടികൾ വൈകിപ്പിക്കുകയാണെന്നും മയൂഖ പറയുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്കൊപ്പം എത്തിയാണ് മയൂഖ വെളിപ്പെടുത്തൽ നടത്തിയത്.

2016 ലായിരുന്നു സംഭവം. അന്ന് പെൺകുട്ടി പരാതി നൽകിയിരുന്നില്ല. 2018 ൽ പെൺകുട്ടി വിവാഹിതയായി. ഇതിന് ശേഷം ഭർത്താവിന്റെ പിന്തുണയോടെയാണ് പെൺകുട്ടി നിയമത്തിന്റെ സഹായം തേടിയത്. ആളൂർ പോലീസിലാണ് ചുങ്കത്ത് ജോൺസണിനെതിരെ പരാതി നൽകിയത്. ആദ്യം ജെനുവിൻ കേസാണെന്ന് പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി. നിങ്ങളുടെ ഫോണിൽ തെളിവുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും അല്ലാതെ പ്രതിയുടെ ഫോൺ പിടിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നുമാണ് പോലീസ് പറഞ്ഞത്. പിന്നീട് റൂറൽ എസ് പിയായിരുന്ന പൂങ്കുഴലിക്കും പരാതി നൽകി. എന്നാൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് മയൂഖയുടെ ആരോപണം.