കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നു; മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമാകുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വിദ്യാഭ്യാസമുള്ളവരെപ്പോലും വർഗീയ വത്കരിക്കുകയാണ് ഭീകര സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണ്. വ്യക്തികളെ ഭീകര സംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലമായി ഇപ്പോൾ ആശങ്കകൾ കുറഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ലീപ്പർ സെല്ലുകളില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം വിശദമാക്കി.

കഴിഞ്ഞ സർക്കാറിന്റെ കാലത്തെ മാവോയിസ്റ്റ് വേട്ടയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാവോയിസ്റ്റ് വേട്ടയിൽ ഖേദമില്ല. ചെയ്തത് ജോലിമാത്രമാണ്. നിരുപാധികം കീഴടങ്ങാൻ അവർക്ക് അവസരം നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പവൻഹാൻസുമായുളള ഹെലികോപ്ടർ കരാറിനെ കുറിച്ചു ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. പവൻഹാൻസുമായുള്ള കരാർ അവസാനിപ്പിച്ചു. ഇനി കരാറിനായി ആഗോള ടെണ്ടർ വിളിക്കും.

സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്രാ മാതൃകയിൽ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. വിസ്മയ കേസ് കേരള മനസാക്ഷിയെ ഉലച്ചു നിയമങ്ങൾകൊണ്ട് മാത്രം സ്ത്രീധനം തടയാനാവില്ല. കേരളീയ സമൂഹം ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്നും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ബോധവത്കരണം ഉണ്ടാകണമെന്നും ബെഹ്‌റ ആവശ്യപ്പെട്ടു.

അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തിന്നില്ല. പോലീസ് എന്തുചെയ്തുവെന്ന് ജനം വിലയിരുത്തട്ടെ. കേരള പോലീസിനെ രാജ്യത്തെ മികച്ച സേനകളിൽ ഒന്നാക്കിയെന്നും വിരമിക്കൽ സംതൃപ്തിയോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.