General (Page 1,499)

aisha

കൊച്ചി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന തനിക്കെതിരായ ആരോപണം നുണക്കഥയാണെന്ന് സിനിമാ പ്രവർത്തക ഐഷാ സുൽത്താന. തനിക്കെതിരെ ഇപ്പോൾ തുടരുന്ന നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്നും ഐഷാ സുൽത്താന പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും ഐഷാ സുൽത്താന വ്യക്തമാക്കി. ലക്ഷദ്വീപിൽ നിന്നും തിരിച്ചെത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഐഷാ സുൽത്താന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ഐഷാ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്തത്. ഐഷയുടെ ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളുടെ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഐഷയുടെ രാജ്യാന്തര ബന്ധങ്ങളെ കുറിച്ച് അറിയാനാണ് സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ചത്. ഇവരുടെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. കവരത്തി സിഐയുടെ നേതൃത്യത്തിൽ 15 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ബുധനാഴ്ച ഏഴര മണിക്കൂറാണ് ഐഷയെ ചോദ്യം ചെയ്തത്.

ചാൽ ചർച്ചക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിനാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കൊച്ചി: സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തിൽ എതിർപ്പുമായി എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റി. നിർദ്ദേശത്തിനെതിരെ വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് ഫിനാൻസ് കമ്മിറ്റിയുടെ തീരുമാനം. വർഷങ്ങളായി എറണാകുളം അങ്കമാലി അതിരൂപതയിൽ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്.

കർദ്ദിനാളിനെ സ്ഥാനത്തു നിന്ന് മാറ്റണമെന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് അതിരൂപത സാക്ഷ്യം വഹിച്ചിരുന്നു. പിന്നീട് ഭൂമി ഇടപാടിൽ അന്വേഷണം നടത്താനായി വിവിധ അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ചിരുന്നു. ഭൂമി ഇടപാടിൽ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഈ അന്വഷണ റിപ്പോർട്ടുകൾ ഉൾപ്പെടെ പരിശോധിച്ചുകൊണ്ടാണ് ഭൂമി വിൽക്കുന്ന വിഷയത്തിൽ വത്തിക്കാൻ അതിരൂപതയ്ക്ക് അന്തിമ നിർദ്ദേശം നൽകിയത്. നഷ്ടം നികത്തേണ്ടതാണെന്നും പക്ഷേ അതിന്റെ പേരിൽ പരസ്യമായി ഇനി ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വൈദികരോ സഭയോ പോകാൻ പാടില്ലെന്നുമാണ് വത്തിക്കാൻ പറയുന്നത്. കോട്ടപ്പടിയിലുള്ള ഭൂമി സിനഡ് പറയുന്ന വ്യക്തിക്ക് , അവർ പറയുന്ന വിലയ്ക്ക് വിൽക്കാനും ആ തുക ഉപയോഗിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ നഷ്ടം നികത്താനുമാണ് വത്തിക്കാൻ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഇങ്ങനെ ഭൂമി വിറ്റ് നഷ്ടം നികത്തേണ്ടതില്ല എന്നാണ് വൈദികരുടെ നിലപാട്.

കൊച്ചി: 52 വീടുകൾ ചേർന്ന ഒരു ജൈവ കൂട്ടായ്മ. മൂഴിക്കുളം ശാലയെന്ന് പേരുള്ള ഈ ജൈവക്കൂട്ടായ്മയ്ക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഇവിടുത്തെ വീടുകൾക്കിടയിൽ മതിലുകളില്ല. ശാലയ്ക്ക് മുന്നിലെ ഗേറ്റും ഇവിടെ അടയ്ക്കാറില്ല.

ജീവിത രീതികളിലൂടെ കോവിഡ് വൈറസ് എന്ന മഹാമാരിയെ പോലും മാറ്റിനിർത്താൻ ഇവർക്ക് കഴിഞ്ഞു. 30 കുടുംബങ്ങളിലായി 70 പേർ നിലവിൽ ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഇതുവരെ ഒരു കുടുംബത്തിന് മാത്രമാണ് കോവിഡ് പോസിറ്റീവായത്. നാട്ടറവികളുടെയും മണ്ണറിവുകളുടെയും പരിസ്ഥിതിയറിവുകളുടെയും പ്രചാരണം എന്ന ലക്ഷ്യം വച്ച് 2003 മാർച്ച് 19 നാണ് എറണാകുളത്ത് മൂഴിക്കുളംശാല ആരംഭിക്കുന്നത്. നാലുകെട്ട് മാതൃകയിലുള്ള 23 വീടുകളും 29 ഒറ്റമുറി വീടുകളുമാണ് ജൈവശാലയിലുള്ളത്. ഓരോ നിലകൾ മാത്രമുള്ള ഈ വീടുകൾക്കൊന്നും മതിലുകളില്ല.

നൂറ്റിയമ്പതിലധികം വ്യത്യസ്ത സസ്യങ്ങൾ ഈ ജൈവശാലയിലുണ്ട്. കാർബൺ ന്യൂട്രൺ അടുക്കളയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. ജൈവക്യാംപസിനോടു ചേർന്നുള്ള 50 സെന്റിലുള്ള ജൈവ പാഠശാലയിൽ ജൈവക്കൃഷി ചെയ്യുന്നു. ക്യാംപസിൽ വീഴുന്ന കരിയിലകൾ വളമായി മാറ്റി ഇവിടെ ഉപയോഗിക്കുന്നു. പ്രകൃതിയുടെയും ആരോഗ്യത്തിന്റെയും രാഷ്ട്രീയം പങ്കുവയ്ക്കുകയാണു കാർബൺ ന്യൂട്രൽ അടുക്കള.

നാട്ടുഗന്ധമുള്ള, നാട്ടുരുചിയുള്ള, വേവിക്കാത്ത, നാട്ടുഭക്ഷണമാണ് ഈ അടുക്കളയുടെ പ്രത്യേകത. വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ പഴച്ചാറുകൾ, ഉണക്കിയ പഴങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണ വിഭവങ്ങൾ. കലാ, സാംസ്‌കാരിക പരിപാടികൾ നടത്താനായി ഒരു കലാശാലയും ഇവിടെയുണ്ട്. എറണാകുളം ജില്ലയിലാണ് മൂഴിക്കുളം ശാല സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന്റെ രാജിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, ചാനലിൽ ഫോൺ ഇൻ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാർത്ഥ തെറ്റെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പറഞ്ഞിട്ടു ഫലമില്ലെന്നും ഇനി അനുഭവിക്കെന്നും അദ്ദേഹം പറഞ്ഞു.

വാമൊഴി വഴക്കം വിനയായി, വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ കസേര തെറിച്ചു എന്ന തലക്കെട്ടോടെയാണ് ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ചാനൽ പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കൊടുവിലാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈന് രാജിവെയ്‌ക്കേണ്ടി വന്നത്. 8 മാസം കാലാവധി കൂടി നിലനിൽക്കെയാണ് ജോസഫൈൻ രാജിവെച്ചത്.

തനിക്ക് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ യുവതിയോട് എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താൻ ആരോടും പറഞ്ഞില്ലായെന്നായിരുന്നു യുവതിയുടെ മറുപടി. ഇതുകേട്ട് പെട്ടെന്ന് ക്ഷുഭിതയായി ‘എങ്കിൽ അനുഭവിച്ചോളൂ’ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. ഇത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധിതർക്ക് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയവർക്ക് ആദായ നികുതിയിൽ ഇളവ് നൽകാൻ തീരുമാനം. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വൈറസിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളിയുടെ കോവിഡ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയ തൊഴിലുടമയ്ക്കും വ്യക്തികളെ കോവിഡ് ചികിത്സയ്ക്ക് സാമ്പത്തികമായി സഹായിച്ചവർക്കും നികുതിയിളവ് ലഭിക്കും.

കോവിഡ് രോഗിയ്ക്ക് തൊഴിലുടമയിൽ നിന്നും ലഭിക്കുന്ന തുകയ്ക്ക് പരിധിയില്ലാതെ പൂർണ്ണമായും നികുതി ഇളവ് ലഭിക്കും. ഏതെങ്കിലും വ്യക്തിയിൽ നിന്നും ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള സഹായത്തിനാണ് ഇളവ് ലഭിക്കുക. 2019-20 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള സാമ്പത്തിക വർഷത്തിലേക്കുമാണ് കേന്ദ്ര സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ആദ്യമായി വീടിന് വേണ്ടി നിക്ഷേപം നടത്തുന്നവർക്കുള്ള നികുതിയിളവ് ലഭിക്കാനുള്ള സമയപരിധി സെപ്തംബർ മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. നികുതി തർക്ക പരിഹാര പദ്ധതിയുടെ തുക അടക്കേണ്ട തിയതിയും ആധാറും പാൻ കാർഡും ബന്ധിപ്പിക്കുവാനുള്ള തീയതിയും ഫോം 16 ൽ സമർപ്പിക്കേണ്ട ടിഡിഎസിന്റെ സമയപരിധിയും കേന്ദ്രം നീട്ടിയിട്ടുണ്ട്. നികുതി തർക്ക പരിഹാര പദ്ധതിയുടെ തുക അടക്കേണ്ട തിയതി ഓഗസ്റ്റ് 31 വരെയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട തീയതി സെപ്തംബർ 30 വരെയുമാണ് നീട്ടിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിർമിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എൽപിജി പൈപ്പ് ലൈൻ സംവിധാനം നിർബന്ധമാക്കും. തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള കെട്ടിടങ്ങൾ മൂന്നു വർഷത്തിനുള്ളിൽ ഈ സംവിധാനം ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിൽ ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായതിനാൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കൂടുതൽ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങൾക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല യാഥാർത്ഥ്യമായാൽ സുരക്ഷിതമായ രീതിയിൽ ചെലവ് കുറഞ്ഞ പാചകവാതകം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ വഴി സാധിക്കും. എൽപിജി സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങൾക്ക് ആവശ്യമായ വഴിയുടെ വീതി നിലവിൽ ഏഴു മീറ്ററാണ്. ഇത് കുറയ്ക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. വഴിയുടെ വീതി ആറു മീറ്ററാക്കി കുറയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ ഐ.എ.സി.1-ന്റെ നിർമാണ പുരോഗതി വിലയിരുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നിലവിൽ ഐ.എ.സി.-1 എന്നാണ് കപ്പലിന് പേരിട്ടിരിക്കുന്നത്. കമ്മിഷനിംഗിന് ശേഷം ഐ.എൻ.എസ്. വിക്രാന്ത് എന്നാകും കപ്പൽ അറിയപ്പെടുക. ഡീകമ്മീഷൻ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേര് നിലനിർത്താനായി ഐഎസി-1നും അതേ പേര് തന്നെയാകും നൽകുക.

ഇരുപത് ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്ടറും ഉൾപ്പെടെ മുപ്പത് എയർക്രാഫ്റ്റുകളെ വഹിക്കാൻ ഐഎസി-1 ന് കഴിവുണ്ട്. 2300 കമ്പാർട്ട്‌മെന്റുകളുള്ള കപ്പലിൽ ഉപയോഗിച്ചിരിക്കുന്ന കേബിളുകൾ നീട്ടിയിട്ടാൽ അതിനു 2100 കിലോ മീറ്റർ നീളമുണ്ടാകും. 262 മീറ്റർ നീളമുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാനും കഴിയും. 1500-ലേറെ നാവികരെ കപ്പലിൽ ഉൾക്കൊള്ളിക്കാൻ കഴിയും. മിഗ്-29കെ, നാവിക സേനയുടെ എൽ.സി.എ. എയർക്രാഫ്റ്റ് എന്നിവയ്ക്കുള്ള സൗകര്യവും ഐ.എ.സി.-1നുണ്ടാകും. രണ്ട് റൺവേകളും എസ്.ടി.ഒ.ബി.എ.ആർ.(short take off but arrested recovery) സംവിധാനവും കപ്പലിലുണ്ടാകും.

ഐ.എ.സി.1-ന്റെ നിർമാണം 2022-ഓടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. 3,500 കോടിയോളം രൂപയാണ് ഐ.എ.സി.-1 ന്റെ നിർമ്മാണ ചെലവ്. 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിമാനവാഹിനിക്കപ്പൽ കടലിലേക്കിറങ്ങുന്നത്. 2009-ൽ നിർമാണ ജോലികൾ തുടങ്ങിയ കപ്പൽ 2013-ലാണ് ഔദ്യോഗിക ലോഞ്ചിംഗ് നടത്തിയത്. 2020 നവംബറിൽ ബേസിൻ ട്രയൽ നടത്തിയ ശേഷമാണ് ഇപ്പോൾ കടൽ പരീക്ഷണത്തിനു കടക്കുന്നത്.

covid

ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലൂടെ നടക്കാൻ രാജ്യത്തെ ജനങ്ങൾക്ക് ഇസ്രായേൽ അനുവാദം നൽകിയിരുന്നു. എന്നാൽ ഇവിടുത്ത് ജനങ്ങൾ മാസ്‌ക് ധരിക്കൽ എന്ന ശീലത്തിലേക്ക് മടങ്ങുകയാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ഡെൽറ്റാ വകഭേദം മൂലമാണ് വീണ്ടും മാസ്‌ക് ധരിക്കലിലേക്ക് മടങ്ങാൻ ഇസ്രായേൽ ജനത സ്വീകരിച്ചത്.

രാജ്യത്തെ 61 ശതമാനം ജനങ്ങളും വാക്സിൻ സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇസ്രായേലിൽ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ നടക്കാൻ ജനങ്ങൾക്ക് അനുമതി നൽകിയത്. ഡെൽറ്റാ വകഭേദം വ്യാപിച്ചതോടെ വാക്സിൻ ഡോസ് പൂർത്തിയാക്കിയവരിലുൾപ്പടെ കൊവിഡ് വീണ്ടും പടർന്നുപിടിക്കുകയാണ് ഇസ്രയേലിൽ. ഇത്തരത്തിൽ എത്ര പേർക്കാണ് കൊവിഡ് വന്നതെന്ന് പരിശോധിച്ച് വരികയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. വാക്സിൻ കുത്തിവയ്പ്പിനെ തുടർന്ന് താഴ്ന്ന നിലയിലായിരുന്ന കോവിഡ് നിരക്ക് ഡെൽറ്റാ വകഭേദം കണ്ടെത്തിയതോടെ വീണ്ടും കണ്ടുതുടങ്ങി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് കഴിഞ്ഞ ദിവസം രാജ്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

മുൻപ് രോഗം വന്നവരോ, വാക്സിൻ സ്വീകരിച്ചതോ ആയ ആളിന് ഗുരുതര വ്യാപനശേഷിയുളള ഡെൽറ്റാ വകഭേദമുണ്ടെന്ന് സംശയിച്ചാൽ അവരെ 14 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഇടുക്കി: മാസ്‌ക് ധരിക്കാത്തതു ചോദ്യം ചെയ്തതിന് യുവാവ് ആക്രമിച്ച സിവിൽ പൊലീസ് ഓഫിസർ അജീഷ് പോൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. 24 ദിവസം നീണ്ട ആശുപത്രിവാസത്തിനു ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. മറയൂർ കോവിൽക്കടവിൽ വെച്ചാണ് അജീഷ് പോളിന് നേരെ ആക്രമണം ഉണ്ടായത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത അജീഷ് പോളിനെ യുവാവ് കല്ലുകൊണ്ടു തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷ് ഏറെ നാളെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നു സംസാര ശേഷിയും വലതു കൈകാലുകളുടെ ചലനശേഷിയും പൂർണമായി നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥന ഫലമായും ചികിത്സാ മികവ് മൂലവും സംസാരശേഷിയും ചലന ശേഷിയും ഭാഗികമായി വീണ്ടെടുക്കാൻ അജീഷിന് കഴിഞ്ഞു.

6 മാസം കൂടി സ്പീച്ച് തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ തുടർന്നാൽ മാത്രമെ അജീഷിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയൂ. അജീഷിന് ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അദ്ദേഹത്തിന്റെ ഓർമ്മശക്തി പൂർണ്ണമായും തിരിച്ച് കിട്ടിയിട്ടില്ല. എന്നാൽ മറയൂരിലെ ജോലിക്കാര്യങ്ങളെ കുറിച്ചും ആക്രമണം ഉണ്ടായ സംഭവത്തെ കുറിച്ചും ഇടയ്ക്കിടെ പറയുന്നുണ്ട്.

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കാനായി ആദിവാസി മേഖലകളിലേക്ക് കംപ്യൂട്ടറും ലാപ്‌ടോപ്പും എത്തിക്കും. സ്‌കൂളുകളിലുള്ള ഒരു ലക്ഷം കംപ്യൂട്ടറുകൾ തിരിച്ചെടുത്ത് നൽകാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹൈടെക് പദ്ധതി പ്രകാരം നൽകിയ കംപ്യൂട്ടറുകളാണ് ആദിവാസി മേഖലയിൽ വിതരണം ചെയ്യുന്നത്. ആദിവാസി മേഖലകളിലുള്ള വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠന സൗകര്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താനായാണ് സർക്കാരിന്റെ നടപടി.

കോവിഡ് വൈറസ് വ്യാപനത്തോടെ സംസ്ഥാനത്ത് ഓൺലൈൻ വിദ്യാഭ്യാസമാണ് നടക്കുന്നത്. എന്നാൽ ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഇതിനുള്ള സൗകര്യം ലഭിക്കുന്നില്ലെന്ന വസ്തുത പലപ്പോഴും വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിച്ചത്.

പൊതുഇടങ്ങളിലായിരിക്കും കംപ്യൂട്ടർ സ്ഥാപിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ സൗകര്യത്തിന്റെ അഭാവം മൂലം ആദിവാസി ഊരുകളിൽ പല കുട്ടികളും പഠനം ഉപേക്ഷിച്ച നിലയിലാണ്.