കൊച്ചി: കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന തനിക്കെതിരായ ആരോപണം നുണക്കഥയാണെന്ന് സിനിമാ പ്രവർത്തക ഐഷാ സുൽത്താന. തനിക്കെതിരെ ഇപ്പോൾ തുടരുന്ന നിയമ നടപടികൾ അജണ്ടയുടെ ഭാഗമാണെന്നും ഐഷാ സുൽത്താന പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും ഐഷാ സുൽത്താന വ്യക്തമാക്കി. ലക്ഷദ്വീപിൽ നിന്നും തിരിച്ചെത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഐഷാ സുൽത്താന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് ഐഷാ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്തത്. ഐഷയുടെ ബാങ്ക് ഇടപാടുകളും സോഷ്യൽ മീഡിയയിലെ അക്കൗണ്ടുകളുടെ വിവരങ്ങളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഐഷയുടെ രാജ്യാന്തര ബന്ധങ്ങളെ കുറിച്ച് അറിയാനാണ് സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ പരിശോധിച്ചത്. ഇവരുടെ ബന്ധുക്കളുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. കവരത്തി സിഐയുടെ നേതൃത്യത്തിൽ 15 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ബുധനാഴ്ച ഏഴര മണിക്കൂറാണ് ഐഷയെ ചോദ്യം ചെയ്തത്.
ചാൽ ചർച്ചക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിനാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

