ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണം; ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയുമാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്ന് അധികൃതർ

ശ്രീനഗർ: ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യൻ വിമാനങ്ങളേയും ഹെലികോപ്ടറുകളേയുമാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലക്ഷ്യം തെറ്റി സ്‌ഫോടക വസ്തു വീണ് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപറ്റുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു.

തുറസായ സ്ഥലത്താണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൽ രണ്ടു പേർക്ക് ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തുവെന്ന് വ്യോമസേന വ്യക്തമാക്കി. വിമാനത്താവളത്തിലെ ഉപകരങ്ങൾക്കൊന്നും കേടുപാടുകൾ പറ്റിയിട്ടില്ല.

ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യോമസേന സ്റ്റേഷന് സമീപമുള്ള സത്വാരി പ്രദേശത്തു നിന്നാണ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലാണ് ആക്രമണം നടന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി സൈനിക ഉദ്യോഗസ്ഥർ മേഖലയിലെത്തി. ആക്രമണത്തെത്തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. മേഖലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.