പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച്ച പറ്റിയെങ്കിലും ധൂർത്തിന് കുറവൊന്നുമില്ല: രണ്ടു മാസത്തിനിടെ വനിതാ കമ്മീഷന് സർക്കാർ അനുവദിച്ചത് കോടികൾ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനിൽ കോടികളുടെ ധൂർത്ത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പ്രവർത്തനങ്ങൾക്കായി കോടികളാണ് സർക്കാർ കഴിഞ്ഞ രണ്ടു മാസങ്ങളിലായി കമ്മീഷന് വേണ്ടി അനുവദിച്ചത്.

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് മുന്നിലെത്തിയ പരാതികൾ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ വനിത കമ്മീഷന് സർക്കാരിനോട് പണം ചോദിക്കുന്നതിൽ കമ്മീഷന് വീഴ്ച്ചയുണ്ടായില്ലെന്നാണ് കണക്കുകളിൽ വ്യക്തമാക്കുന്നത്. സ്ത്രീകളോടുള്ള വിവേചനം തടയുന്നതിനും തുല്യത ഉറപ്പാക്കാനും നിയമ ശിൽപശാലയും 238 സെമിനാറും നടത്താൻ 1.57 കോടി രൂപയാണ് വനിത കമ്മീഷൻ മെയ് മാസം സർക്കാരിനോട് ആവശ്യപ്പെട്ടത്. 75 ലക്ഷം രൂപയാണ് സാമൂഹ്യനീതി വകുപ്പ് വനിതാ കമ്മീഷന് അനുവദിച്ചത്. ഈ പരിപാടികൾ നടത്താൻ ഇത്രയധികം തുക ആവശ്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ തീരുമാനം.

കൗൺസിലിംഗിനായി 120 ജാഗ്രത സമിതികൾ രൂപീകരിക്കാൻ 60 ലക്ഷം രൂപയും ഫാമിലി കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് രണ്ട് പാർട്ട്ടൈം സൈക്കോളജിസ്റ്റിനെ നിയമിക്കാൻ 10.8 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. കമ്മീഷന്റെ പ്രസിദ്ധീകരണം പുറത്തിറക്കാൻ ആറ് ലക്ഷം രൂപയും സർക്കാർ നൽകിയിരുന്നു.