General (Page 1,497)

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെയുള്ള എംസി റോഡ് ദേശീയപാത നിലവാരത്തിലാക്കാനൊരുങ്ങി സർക്കാർ. ഇതിനായി 6794 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. കേന്ദ്രവും സംസ്ഥാന സർക്കാരും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

എംസി റോഡ് വീതികൂട്ടി നാലുവരി പാതയാക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കും. കിഫ്ബിയിൽ നിന്നായിരിക്കും സംസ്ഥാന വിഹിതം അനുവദിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ തുക മാറ്റിവയ്ക്കുന്നത്.

എംസി റോഡ് ദേശീയപാതയാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മുൻപ് സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. ലോകബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ കെഎസ്ടിപി മൂന്ന് വർഷങ്ങൾക്ക് മുൻപ് എംസി റോഡിന്റെ നവീകരണം പൂർത്തിയാക്കിയിരുന്നു. ഈ നവീകരണം കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.

എംസി റോഡ് ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ ഗതാഗതമേഖലയിൽ വലിയ നേട്ടം ഉണ്ടാകുമെന്നാണ് പറയെപ്പെടുന്നത്. കൂടുതൽ ഭൂമി ഏറ്റെടുക്കാതെ റോഡിന്റെ ഇരുവശങ്ങളിലുള്ള ഭൂമി ഉപയോഗിച്ച് തന്നെ പാത വികസിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അപകടങ്ങൾ കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

ലക്‌നൗ: കൃത്യമായി നികുതി അടയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ പ്രതിമാസവരുമാനത്തിന്റെ അൻപത് ശതമാനത്തിലധികവും നികുതിയായി അടയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നികുതി നൽകിയതിനുശേഷം തനിക്ക് മിച്ചം പിടിക്കാൻ കഴിയുന്നതിലും അധികം തുക നികുതി നൽകിയതിനുശേഷം മറ്റ് ഉദ്യോഗസ്ഥർ സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിൻജാക്കിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

രാജ്യത്തിന്റെ വികസനത്തിനായി ജനങ്ങൾ കൃത്യമായി നികുതി അടയ്ക്കണം. ഒരു ട്രെയിൻ ഏതെങ്കിലും സ്റ്റേഷനിൽ നിർത്തിയില്ലെന്ന് പറഞ്ഞാൾ ചിലപ്പോൾ ദേഷ്യത്തിൽ നമ്മൾ അത് ബലംപ്രയോഗിച്ച് നിർത്താൻ ശ്രമിക്കും. ചിലപ്പോൾ ട്രെയിനിന് തീയിടും. അങ്ങനെ ചെയ്താൽ ആർക്കാണ് നഷ്ടംമെന്ന് രാഷ്ട്രപതി ചോദിച്ചു. ആളുകൾ പറയും അത് സർക്കാരിന്റെ സ്വത്താണെന്ന്. എന്നാൽ അത് നികുതിദായകന്റെ പണമാണെന്ന് അദ്ദേഹം വിശദമാക്കി. രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളമുളള വ്യക്തിയാണ് രാഷ്ട്രപതി. രാഷ്ട്രപതിയും നികുതി അടയ്ക്കുന്നുണ്ട്. താൻ ഓരോ മാസവും 2.75 ലക്ഷം രൂപയാണ് നികുതിയായി നൽകുന്നത്. തനിക്ക് അഞ്ച് ലക്ഷം രൂപ മാസ ശമ്പളമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, നികുതിയും ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കോവിഡ് രോഗബാധിതരായി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്റെയ്‌നിൽ കഴിയുന്നവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറി. ഇ-മെയിലിലൂടെയാണ് ഉത്തരവ് നൽകിയത്.

പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുമുള്ള മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളേജുകൾ ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സർവകലാശാലകൾക്കുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം കോളേജുകൾക്കാണ്. സർവ്വകലാശാലകൾക്കാണ് ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ സ്വീകരിച്ച നടപടികൾ ജൂലൈ 12 നകം രേഖാമൂലം അറിയിക്കണമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.

pinarayi

തിരുവനന്തപുരം: സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സ്‌കൂൾ അധ്യാപകരായി നിയമനം ലഭിച്ചവർക്ക് സ്‌കൂൾ തുറന്നാലെ ജോലിയിൽ പ്രവേശിക്കാൻ കഴിയൂവെന്നായിരുന്നു ആദ്യം സർക്കാരിന്റെ നിലപാട്. എന്നാൽ ഈ തീരുമാനം പുന:പരിശോധിക്കുമെന്ന് പിന്നീട് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

arif

കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഓരോ പെൺകുട്ടിയും തന്റെ മകളാണ്. വിസ്മയയും തന്റെ മകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘സന്നദ്ധ പ്രവർത്തകർ സ്ത്രീധനത്തിനെതിരെ ശക്തമായി രംഗത്തുവരണം. സ്ത്രീധനം വാങ്ങുന്ന, കൊടുക്കുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. സ്ത്രീധനം ചോദിച്ചാൽ ആ ചെറുക്കനെ വേണ്ടെന്ന് പറയാൻ പെൺകുട്ടികൾ തയാറാകണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയകാലത്ത് സന്നദ്ധ പ്രവർത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സർക്കാർ പറഞ്ഞപ്പോൾ വെറും 24 മണിക്കൂറിനുള്ളിൽ 73,000 യുവജനങ്ങളാണ് എന്തിനും സജ്ജമായി മുന്നോട്ടുവന്നത്. എനിക്ക് കേരളത്തിലെ ജനങ്ങളെ സംശയമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടക്കുന്നതായി പരാതി. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പ്രവീൺ ബാലചന്ദ്രൻ എന്നയാളാണ് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത്. ഇക്കാര്യം വ്യക്തമാക്കി സ്പീക്കറുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി.

തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ ഫോണിൽ ബന്ധപ്പെട്ട് കാര്യം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ നിരവധി പേരിൽ നിന്നും ഇത്തരത്തിൽ പണം കൈപ്പറ്റുന്നതായി അറിയാൻ കഴിഞ്ഞുവെന്നും സർക്കാർ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേർ തട്ടിപ്പിനിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നൽകി.

കൊച്ചി: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിമർശനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്ന പ്രസ്താവനയിൽ ലോക്നാഥ് ബെഹ്റ വ്യക്തത വരുത്തണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്ന് പറയുന്ന ഡിജിപി ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുകയാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.

വിദ്യാസമ്പന്നർ ഭീകരവാദികളുടെ വലയിലാണെന്നാണ് ഡിജിപി പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ അന്വേഷിച്ച് കണ്ടെത്തി വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ഡിജിപിയ്ക്കുണ്ട്. അത്തരക്കാരെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടേണ്ടത് പോലിസ് മേധാവിയാണ്. എന്നാൽ ഇതൊന്നും പറയാതെ ഒരു സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തുന്ന പരാമർശം നടത്തിയല്ല സംസ്ഥാനത്തിന്റെ പോലിസ് മേധാവി പടിയിറങ്ങേണ്ടത്. സമാനമായ പ്രസ്താവനകൾ നടത്തിയ മുൻ ഡിജിപി ടി പി സെൻകുമാർ അധികാരക്കസേരയിൽ നിന്നിറങ്ങി ആർഎസ്എസിനൊപ്പം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ പേക്കൂത്തുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അത്തരത്തിലേക്ക് ലോക്നാഥ് ബെഹ്റയും അധ:പതിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാലങ്ങൾക്ക് മുമ്പുതന്നെ സംഘപരിവാർ ബന്ധം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥനായതിനാൽ തന്നെ ലോക്നാഥ് ബെഹ്റയുടെ പരാമർശം ദുരൂഹമാണ്. ഗുജറാത്തിൽ 2004 ലെ മലയാളിയായ പ്രണേഷ്‌കുമാർ- ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് നൽകി രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് ബെഹ്റ. കേരളാ പോലിസിൽ സംഘപരിവാരത്തിന് സ്വാധീനമേറിയതും ബെഹ്റയുടെ കാലത്താണ്. അദ്ദേഹത്തിന്റെ വായിൽ നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത് സംശയത്തോടെ മാത്രമേ നോക്കിക്കാണാനാവൂവെന്ന് അബ്ദുൽ സത്താർ ആരോപിച്ചു.

രാജ്യത്തിന്റെ കെട്ടുറപ്പിനേയും സമാധാനത്തേയും തകർക്കുന്ന വിധത്തിൽ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രചാരകരായ സംഘപരിവാർ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ ഉദ്ദേശിച്ചാണോ ഡിജിപി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് വിശദീകരിക്കണം. ആർഎസ്എസിനൊപ്പം നാടിന്റെ കെട്ടുറപ്പിനെ തകർക്കുന്ന ദുഷ്ടശക്തികൾ ഇനിയുമുണ്ടെങ്കിൽ അവരെ തുറന്നുകാട്ടാനുള്ള ആർജവം ഡിജിപി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിപിയുടെ വിവാദ പരാമർശം പലരും ഏറ്റുപിടിച്ചതിലൂടെ ഇസ്ലാം വിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയക്കും കാരണമായിട്ടുണ്ട്. എവിടെനിന്നും എത്രപേരെ ഭീകരസംഘങ്ങൾ റിക്രൂട്ട്മെന്റ് നടത്തിയിട്ടുള്ളതെന്ന് ഡിജിപി വ്യക്തമാക്കണം. വിദ്യാസമ്പന്നരായ എത്രപേരാണ് ഇവരുടെ വലയിലായതെന്നും സമൂഹത്തോട് പറയണം. അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റേയും ആഭ്യന്തരവകുപ്പിന്റേയും വീഴ്ചയാണ്. അതിനെ ജനങ്ങളുടെ മേൽ കെട്ടിവയ്ക്കുന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ മറച്ചുവയ്ക്കുന്നതിനാണെന്നും ഡിജിപി ഉന്നയിച്ച കാര്യങ്ങൾക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അബ്ദുൽ സത്താർ കൂട്ടിച്ചേർത്തു.

കൊല്ലം: കൊല്ലത്ത് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തെ സന്ദർശിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. നീതിക്കായി വിസ്മയയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി വളരെ വൈകിയാണ് അറിഞ്ഞത്. തന്റെ ഫോൺ നമ്പർ തരുമോയെന്നു ചോദിച്ച് മാദ്ധ്യമപ്രവർത്തകർക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നു. വിസ്മയ ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാൽ, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പ്രധാനമന്ത്രിയെ ഉൾപ്പെടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. കേരളത്തിൽ ആവർത്തിക്കുന്ന ഇത്തരം സ്ത്രീപീഡന വിഷയങ്ങളിൽ പരിഹാരം കാണാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുള്ള റിപ്പോർട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

വിസ്മയയ്ക്ക് സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ പെൺമക്കളുള്ള കുടുംബങ്ങൾ വലിയ അങ്കലാപ്പിലാണ്. ഇവ ആവർത്തിക്കരുതെന്ന് പറയുന്നത് കൊണ്ട് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണം. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും വീഴ്ച്ച. ഇന്ത്യയുടെ പൂർണ്ണമല്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചു കൊണ്ടാണ് ട്വിറ്റർ വീണ്ടും വിവാദങ്ങളിൽ ഇടം നേടിയത്. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റർ തങ്ങളുടെ വെബ്സൈറ്റിലെ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇക്കാര്യവുമായി ബന്ധപ്പെട്ട് ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തിന്റെ വികലമായ മാപ്പ് നൽകിയതിൽ ട്വിറ്ററിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ട്വിറ്ററിന്റെ ‘ട്വീപ് ലൈഫ്’ വിഭാഗത്തിൽ ദൃശ്യമാകുന്ന മാപ്പിലാണ് ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്താണെന്നാണ് കാണിച്ചിരിക്കുന്നത്. പുതിയ ഐടി നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും ട്വിറ്ററുമായി തർക്കം തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.

നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനിൽ ചൈനയുടെ ഭാഗമായിട്ടായിരുന്നു ട്വിറ്റർ കാണിച്ചിരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ ട്വിറ്ററിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കൊച്ചി: ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകുന്ന ടൂറിസം പദ്ധതിക്ക് അംഗീകാരം നൽകി. കേന്ദ്ര സർക്കാരാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകിയത്. മാലിദ്വീപ് മാതൃകയിൽ മൂന്നു ദ്വീപുകളിലായി വമ്പൻ കടൽതീര വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. 806 കോടി രൂപ ചെലവിലാണ് റിസോർട്ട് നിർമ്മിക്കുന്നത്. വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു കൊണ്ടാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്.

15 ഹെക്ടറോളം ഭൂമി 75 വർഷത്തേക്ക് സ്വകാര്യ കമ്പനിയ്ക്ക് വിട്ടു നൽകും. മൂന്ന് വർഷം കൊണ്ടായിരിക്കും റിസോർട്ടിന്റെ നിർമാണം പൂർത്തിയാക്കുക. പദ്ധതിയിൽ ദ്വീപ് വാസികൾക്ക് നിശ്ചിത ശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥ നീക്കം ചെയ്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ലക്ഷദ്വീപ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ് എന്ന ആക്ഷേപം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രം പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്. വലിയ ടൂറിസം പദ്ധതികൾ കൊണ്ട് ദ്വീപിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കഴിയുമെന്നും കൂടുതൽ ദ്വീപ് നിവാസികൾക്ക് തൊഴിൽ ലഭിക്കുമെന്നുമാണ് ലക്ഷദ്വീപ് ഭരണകൂടം പറയുന്നത്.

അതേസമയം കടൽ തീരത്ത് നിന്നും 20 മീറ്ററിനുള്ളിലുള്ള വീടുകളും ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പൊളിക്കണമെന്ന ഡെപ്യൂട്ടി കലക്ടറുടെ നിർദേശം പുറത്തിറങ്ങി. 2015 ഒക്ടോബറിൽ നടപ്പിലാക്കിയ ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്‌മെന്റ് പ്ലാൻ 2016 ഓഗസ്റ്റിലാണ് വിജ്ഞാപനം ചെയ്തത്. ഇത് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കവരത്തി സുഹലി ദ്വീപുകളിലെ സ്ഥലം ഉടമകൾക്കാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നൽകിയത്. ഈ മാസം 30നുള്ളിൽ നിർമാണങ്ങൾ പൊളിച്ചുനീക്കണം എന്നാണ് നോട്ടീസിലെ നിർദേശം.