General (Page 1,484)

തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച്ച രാവിലെ എട്ടുമണിക്ക് രാജ്ഭവനിൽ ആരംഭിച്ച ഉപവാസ സമരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ഗാന്ധിഭവനിൽ നാരങ്ങാ നീര് കുടിച്ചാണ് ഗവർണർ അവസാനിപ്പിച്ചത്. ഒന്നരമണിക്കൂറിലേറെ ന്രെ ഗാന്ധിഭവനിലും ഗവർണർ സത്യാഗ്രഹം തുടർന്നു. സ്ത്രീധനത്തിനെതിരെയുള്ള സമരത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഗവർണർ അറിയിച്ചു. ഉപവാസ സമരത്തിന്റെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സത്യാഗ്രഹത്തിന്റെ കാര്യം മുഖ്യമന്ത്രിയോട് നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്തുണ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി പോരാടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ നല്ല പിന്തുണയാണ് ലഭിച്ചത്. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം വാങ്ങുന്നവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കണമെന്ന് സർവകലാശാലാ ചാൻസലർമാരോട് ഗവർണർ ആവശ്യപ്പെട്ടു. സ്ത്രീധന വിവാഹങ്ങളിൽ പങ്കെടുക്കാതിരിക്കാനുള്ള ധൈര്യം ജനപ്രതിനിധികൾ കാട്ടണം. വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്‌കാരികമായും മുൻപന്തിയിൽ നിൽക്കുന്ന കേരള സമൂഹത്തിന് വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങൾ ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരികമായും ഭരണഘടനാപരമായും നിയമപരമായും സ്ത്രീധനം വാങ്ങുന്നത് തെറ്റാണ്. മൂല്യങ്ങളുടെ അധഃപതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ നൽകുന്ന വേളയിൽ തന്നെ വിദ്യാർഥികളിൽ നിന്ന് തങ്ങൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വാങ്ങണം. ഇത് പാലിക്കാത്തവരുടെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്തയക്കുമെന്നും ഗവർണർ വിശദമാക്കി. വിദ്യകൊണ്ട് നേടേണ്ടത് വിദ്യാഭ്യാസമാണ്. യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിവാഹ കമ്പോളത്തിൽ മൂല്യം ഉയർത്താനല്ല ഉപയോഗിക്കേണ്ടതെന്നും ഗവർണർ അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആ വിവാഹത്തിൽ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് ജനപ്രതിനിധികൾ പരിശോധിക്കണം. അങ്ങനെ ചെയ്യുന്നുണ്ടെന്നു കണ്ടാൽ അവർ അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അത്തരം വിവാഹങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയും വേണം. അതിനുള്ള ധൈര്യം ജനപ്രതിനിധികൾ കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെൺകുട്ടികൾ സ്ത്രീധനത്തിനെതിരെ ശക്തമായി മുന്നോട്ടുവരണം. സ്ത്രീധനം ആവശ്യപ്പടുന്ന വിവാഹം വേണ്ടെന്നു പറയാൻ പെൺകുട്ടികൾ തയാറാകണം. അമ്മമാർ മക്കളെ സ്ത്രീധനം വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കണം. സമൂഹത്തിൽ ബോധവത്കരണമുണ്ടാകണം. അതിനായി ജനങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

covid

ജക്കാർത്ത: ഇന്തോനേഷ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രതിദിന രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ എത്തിയതോടെ ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യ. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് ഇന്തോനേഷ്യയിൽ പുതുതായി രോഗബാധ പോസിറ്റീവാകുന്നവരിൽ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.

രോഗികളുടെ എണ്ണം വർധിച്ചതോടെ ഇന്തോനേഷ്യയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്‌സിജന്റെ ആവശ്യകതയും വർധിച്ചതോടെ വിദേശരാജ്യങ്ങളിൽ നിന്ന് ലിക്വിഡ് ഓക്‌സിജനും കോൺസൺട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇൻഡൊനീഷ്യൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്തോനേഷ്യയിലെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ച് 453 രോഗികളാണ് ചികിത്സ ലഭിക്കാതെ വീടുകളിൽ മരണപ്പെട്ടത്.

ജക്കാർത്ത, പശ്ചിമ ജാവ ഉൾപ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളിൽ 80 ശതമാനത്തിലധികം കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ നൽകുമെന്നും യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 40,000 ടൺ ലിക്വിഡ് ഓക്‌സിജനും 40,000 കോൺസെൺട്രേറ്ററുകളും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓക്‌സിജന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്‌സിജൻ പൂർണമായും മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. അതേസമയം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ ആളുകൾക്ക് രാജ്യത്ത് കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്താൻ തീരുമാനിച്ചത്. 17 ശതമാനത്തിൽ നിന്നും 28 ശതമാനമായാണ് ഡിഎ ഉയർത്തിയത്.

ഡിഎ ഉയർത്തിയതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് ഉണ്ടാകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞ വർഷമാണ് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുള്ളത്. 2020 ജനുവരി ഒന്നു മുതൽ 2020 ജൂൺ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നു മുതൽ 2020 ഡിസംബർ ഒന്നു വരെയുള്ള നാല് ശതമാനവും 2021 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള നാലു ശതമാനവുമാണ് ഇനി നൽകാനുള്ളത്.

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തു. ഒന്നര മണിക്കൂറോളം നേരമാണ് പോലീസ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തത്. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കേസുമായി ബിജെപിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ചോദ്യം ചെയ്യലിന് ഹാജരായത്. പോലീസ് കുറേ കാര്യങ്ങൾ ചോദിച്ചു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പരാതിക്കാരന്റെ കോൾ ലിസ്റ്റൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചുവെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുവെന്നും സുരേന്ദ്രൻ വിശദമാക്കി. അന്വേഷണത്തെക്കുറിച്ച് പൊലീസിന് തന്നെ വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ ഒരു തരത്തിലും ബിജെപിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാന്മാർ ഇതൊക്കെ ചെയ്യിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലതരത്തിൽ പ്രതിക്കൂട്ടിലായ സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ സർക്കാർ ബിജെപിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബിജെപി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിച്ച് പാകിസ്താൻ ഹാക്കർമാർ. രാജ്യത്തുള്ള ഒന്നിലേറെ വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർമാർ ഹാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലൂമൻ ടെക്‌നോളജീസിന്റെ സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന വിഭാഗമായ ബ്ലാക്ക് ലോട്ടസ് ലാബ് ആണ് ഇതുസംബന്ധിച്ച കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലാക്ക് ലോട്ടസിന്റെ വൈസ് പ്രസിഡന്റായ മൈക്കൽ ബെഞ്ചമിനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ട്രോജൻ വൈറസിനെ ഹാക്കർമാർ ഈ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് കടത്തിയിട്ടുണ്ടെന്നബ്ലാക്ക് ലോട്ടസിന്റെ കണ്ടെത്തൽ. രാജ്യത്തിനു വെളിയിൽ ഇരുന്നു കൊണ്ട് ഒരു കമ്പ്യൂട്ടറിനെ നിയന്ത്രിക്കുവാൻ ഇത്തരം വൈറസുകളിലൂടെ സാധിക്കുമെന്നാണ് ഗൗരവമേറിയ കാര്യം. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വെബ്‌സൈറ്റുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ട്രോജൻ വൈറസിനെ കമ്പനി വെബ്‌സൈറ്റുകളിലേക്ക് കടത്തിവിട്ടതെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാകിസ്താൻ ഹാക്കർമാർക്ക് ചൈനയുടെ സഹായം ലഭിച്ചിരിക്കാൻ സാദ്ധ്യതയുള്ളതായും സംശയിക്കപ്പെടുന്നുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നതിനായി ഉപയോഗിച്ച പാകിസ്ഥാൻ നെറ്റ്വർക്കായ സോങ്ങ് 4 ജി, ചൈനയിലെ മൊബൈൽ നെറ്റ്‌വർക്കായ ചൈന മൊബൈൽ കമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വസ്തുതയാണ് ചൈനയുടെ പങ്കിനെ കുറിച്ച് സംശയിക്കാനുള്ള പ്രധാന കാരണം.

കൊച്ചി: കേരള ഹൈക്കോടതി ഇന്ന് ഒരു അത്യപൂർവ്വ വാദത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കാനൊരുങ്ങുകയാണ്. സിസ്റ്റർ ലൂസി കളപ്പുരയാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വയം വാദം നടത്തുന്നത്. കോൺവന്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്‌ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിൽ ഹാജരാകേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായെന്ന് ലൂസി കളപ്പുര വ്യക്തമാക്കി. നിസഹായരായി സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ലൂസി കളപ്പുര പറഞ്ഞു. തന്റെ കേസടക്കം അതിന് ഉദാഹരണമാണെന്നും ലൂസി കളപ്പുര പറയുന്നു.

കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാ നേതൃത്വം തന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തന്റെ നിലപാട് പറയുകയും ചെയ്യുകയാണ്. തന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായെന്നും ലൂസി കളപ്പുര ആരോപിച്ചു.

pinarayi

കോഴിക്കോട്: വ്യാപാരികളുമായി ചർച്ച നടത്തി സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധം കനത്തതോടെയാണ് സർക്കാർ ചർച്ച നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് കളക്ടറേറ്റിൽ വെച്ചായിരുന്നു ചർച്ച.

കോഴിക്കോട് ജില്ലാ കളക്ടർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായതെന്നാണ് വിവരം. മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സമരം നടന്നുവരികയാണ്.

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് വി കെ സി മമ്മദ് കോയ വ്യക്തമാക്കി. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്. കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു. ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി നാസ. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നുമാണ് നാസ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഒൻപത് വർഷങ്ങൾക്കു ശേഷം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനു പിന്നാലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുന്നതെന്നുമാണ് നാസയുടെ പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നും സമുദ്രത്തോട് അടുത്തു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നും പഠനം നടത്തിയ ഗവേഷകർ പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ വേലിയേറ്റം സംഭവിക്കുന്നത് സാധാരണയാണ്. എന്നാൽ, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠനത്തിൽ പറയുന്നു. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുൻകൂട്ടി കണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും.

ചന്ദ്രൻ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് ഭൂമിയിൽ വൻ മാറ്റങ്ങൾ സംഭവിക്കുന്നത്. ഇത് ഇപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങൾ സംഭവിക്കുന്നതെല്ലാം ചന്ദ്രൻ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാൽ, നിലവിൽ ഈ പ്രതിഭാസം കാരണം വൻ പ്രളയങ്ങളൊന്നും സംഭവിക്കാറില്ല. പക്ഷെ വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തിൽ 10 മുതൽ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാൽ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നും ഗവേഷകർ വിശദമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം 2019 ൽ യുഎസിൽ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാൻ പോകുന്നതെന്നും ഗവേഷകർ പറഞ്ഞു.

ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫിൽ തോംസനും സംഘവുമാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18.6 വർഷം എടുക്കുമെന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് തോംസൺ വിശദീകരിക്കുന്നത്. ചന്ദ്രന്റെ ചലനം എല്ലായ്‌പ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ ഇത് അപകടകരമാക്കുന്നത് ഗ്രഹത്തിന്റെ താപനം മൂലം ഉയരുന്ന സമുദ്രനിരപ്പുകളുമായി സംയോജിപ്പിക്കുമ്പോഴാണെന്ന് അദ്ദേഹം വ്യക്തമാക്കി.

pinarayi

ന്യൂഡൽഹി: വ്യാഴാഴ്ച്ച കടകൾ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്നും പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും സർക്കാർ അവരുടെ ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ വ്യാപാരികൾ മറ്റൊരു രീതിയിലേക്ക് പോകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അങ്ങനെയൊരു നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകുന്നത്. സർക്കാർ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനിൽക്കില്ലെന്നും വ്യാഴാഴ്ച കടകൾ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകൾ സർക്കാർ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവിൽ പ്രവർത്തിക്കാൻ അനുമതിയുള്ള കടകൾക്ക് എട്ട് മണി വരെ പ്രവർത്തനാനുമതി നൽകുമെന്നും ഇലക്ട്രോണിക്‌സ് കടകൾ കൂടുതൽ ദിവസങ്ങളിൽ തുറക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. നിയന്ത്രണം ഏർപ്പെടുത്തേണ്ട സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് അനുമതി നൽകാൻ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. രണ്ടരലക്ഷം സാമ്പിൾ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അബുദാബി: പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന സൗജന്യ വൈഫൈ കരുതലോടെ ഉപയോഗിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി ഡിജിറ്റൽ അതോറിറ്റി. സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിൽ സ്വന്തം ഡേറ്റ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുന്നതാണ് സുരക്ഷിതമെന്ന് അബുദാബി ഡിജിറ്റൽ അതോറിറ്റി അറിയിച്ചു. വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

എയർപോർട്ട്, ഷോപ്പിങ് മാൾ, റസ്റ്ററന്റ്, ജിംനേഷ്യം, ഹോട്ടൽ, കോഫിഷോപ്പ്, ലൈബ്രറി, പബ്ലിക് ട്രാൻസ്‌പോർട്ട് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ലഭ്യമാകുന്ന വൈഫൈ ഒരേസമയം ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ ഉപയോഗിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്. യൂസർ നെയിമും പാസ് വേർഡും ഉള്ള പൊതു വൈഫൈ സേവനവും പൂർണ സുരക്ഷിതമല്ല. രഹസ്യ കോഡുകളില്ലാത്ത വൈഫൈ ശൃംഖലകളിലെത്തുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് അവരറിയാതെ ഇടപാട് നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.

ഇത്തരത്തിൽ പൊതു ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്നവർ സ്വയം സുരക്ഷ ഉറപ്പാക്കണമെന്നാണ് നിർദ്ദേശം. പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ അപരിചിത ഇമെയിലും എസ്എംഎസ് സന്ദേശങ്ങളും തുറക്കരുതെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വ്യക്തമാക്കി. ലാപ്‌ടോപ്പിലെയും മൊബൈലിലെയും സോഫ്റ്റ്‌വെയറുകൾ യഥാസമയം അപ്‌ഡേറ്റ് ചെയ്യണമെന്നും ആന്റിവൈറസ് ഇൻസ്റ്റാൾ ചെയ്യണമെന്നും അബുദാബി ഡിജിറ്റൽ അതോറിറ്റി വിശദമാക്കുന്നു.