General (Page 1,485)

തിരുവനന്തപുരം: മഹാനിഘണ്ടു എഡിറ്റർ നിയമന വിവാദവുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് വ്യവസ്ഥ ലംഘിച്ച് എഡിറ്ററെ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനനെ മഹാനിഘണ്ടു എഡിറ്ററായി നിയമിച്ചതിലാണ് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത്.

മലയാള ഭാഷയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ നേടിയ ബിരുദമാണ് ലെക്‌സിക്കൻ എഡിറ്റർ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യതയെന്നാണ് സർവകലാശാല ഓർഡിനൻസിൽ വ്യക്തമാക്കുന്നത്. എന്നാൽ നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്‌കൃതം എന്നാക്കിയെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ആക്ഷൻ കമ്മിറ്റി പരാതിയിൽ ആരോപിക്കുന്നത്.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസ തീരുമാനവുമായി സർക്കാർ. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കൾ ഗഡുക്കളായി ബില്ല് അടച്ചാലും കണക്ഷൻ കട്ട് ചെയ്യില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൈടെൻഷൻ ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ്ജിൽ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി പരമാവധി കുറക്കുന്ന പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രോസ് സബ്‌സിഡി ഒഴിവാക്കാനുള്ള കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ആരോപിച്ചു. റഗുലേറ്ററി കമ്മീഷനുമായി ഗുസ്തിക്കില്ലെന്നും അവരുടെ ചില ഉത്തരവുകൾ തിരിച്ചടിയാണെന്നും അദ്ദേഹം വിശദമാക്കി. .ഇതേക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടത്തുമെന്നും ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

arif

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിഷേധവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ ഉപവാസസമരം നടത്തും. ബുധനാഴ്ച രാവിലെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഗവർണർ ഉപവാസസമരം നടത്തുന്നത്. ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് സമരം.

കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും ചേർന്നാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 4.30 ന് തിരുവനന്തപുരം ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ- പ്രാർത്ഥനായജ്ഞത്തിലും ഗവർണർ പങ്കെടുക്കും. തുടർന്ന് 6 മണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിക്കാനാണ് ഗാന്ധിയൻ സംഘടനകളുടെ തീരുമാനം. ജില്ലകൾ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചു.

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയ്ക്ക് വധഭീഷണി ലഭിച്ചിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് കെ രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാർ പാവങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ്‌സി-എസ്ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ്ടോപ്പ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് പോലീസ് ഡൽഹിയിലേക്ക് പോകുന്നത്. സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങൾ ലാപ്ടോപ്പ് പരിശോധിക്കുന്നതോടെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കാനാണ് അനിൽ കാന്ത് ഉത്തരവിറക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഈ വർഷം പൊലീസുകാർക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണ് ഡിജിപിയുടെ ഉത്തരവ്.

അദ്ധ്യായന വർഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക സ്റ്റേഷനിലും ഒന്നിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിക്കുകയും ചെയ്തിരിക്കുകയാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് സാധാരണ പോലീസ് ഉദ്യോഗസ്ഥരുടെ പൊതുസ്ഥലംമാറ്റം നടക്കുന്നത്.

കോവിഡ് വൈറസ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ പോലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ പക്ഷേ എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാൻ അനിൽകാന്ത് നിർദ്ദേശം നൽകുകയായിരുന്നു. നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും 3 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14 നകം അവരുടെ താൽപര്യം അറിയിക്കാൻ മേഖലാ ഐജിമാർ ഉത്തരവിട്ടു.

തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ മാറ്റം ആഗ്രഹിക്കുന്ന 3 സ്റ്റേഷനുകളിലേക്കു മുൻഗണനാ ക്രമത്തിൽ അപേക്ഷിച്ചു. ഞായറാഴ്ച കൊല്ലം റൂറലിൽ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. പലർക്കും ചോദിച്ച 3 സ്ഥലങ്ങളിൽ ഒന്നിൽ പോലും മാറ്റം ലഭിച്ചില്ല. അതേസമയം ജൂനിയറായ പല പൊലീസുകാർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്നും നിയമനം നൽകിയെന്നാണ് ആക്ഷേപം.

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ സമയബന്ധിതമായി കൈകാര്യം ചെയ്യേണ്ടതാണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത്തരം പരാതി ലഭിച്ചാൽ ഉടൻതന്നെ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും. പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതി ഇൻസ്‌പെക്ടർ തന്നെ നേരിട്ട് കേൾക്കേണ്ടതാണ്. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്.ഐ.ആർ ഫയൽ ചെയ്യണം. ഇക്കാര്യങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈഎസ്പിയോ നിരീക്ഷിക്കണം. പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് ഓരോ ദിവസവും നൽകുന്ന ഡ്യൂട്ടി അവരുടെ നോട്ട്ബുക്കിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ അവരുടെ അഭാവത്തിൽ പ്രിൻസിപ്പൽ എസ്.ഐ രേഖപ്പെടുത്തി നൽകണം. പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരിപദാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി നിയമനടപടികൾ സ്വീകരിക്കണം. ഓരോ സ്റ്റേഷനിലും ക്രൈം കേസുകളിൽ അറസ്റ്റിലാകുന്നവരുടെയും രാത്രി പോലീസ് സ്റ്റേഷനുകളിൽ കഴിയുന്നവരുടെയും പൂർണ്ണവിവരങ്ങൾ അതത് സബ് ഡിവിഷൻ പോലീസ് ഓഫീസർമാർക്ക് അറിവുണ്ടായിരിക്കണം. അനധികൃതമായി ആരും കസ്റ്റഡിയിൽ ഇല്ലെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പുവരുത്തണം. മനുഷ്യാവകാശങ്ങളുടെ സംരക്ഷകർ ആകേണ്ട പോലീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചാൽ കർശന നടപടി സ്വീകരിക്കും. കേസ് രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇൻസ്‌പെക്ഷൻ മെമ്മോ തയ്യാറാക്കുന്നത് ശീലമാക്കണം. നാട്ടുകാർ പിടികൂടി ഏൽപ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകൾ കണ്ടെത്തിയാൽ അക്കാര്യം ഇൻസ്‌പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തണം. തുടർന്ന് വൈദ്യപരിശോധന നടത്തി തുടർനടപടി സ്വീകരിക്കണമെന്ന് അനിൽകാന്ത് നിർദ്ദേശം നൽകി.

പോലീസ് സ്‌ക്വാഡ്, ഷാഡോ പോലീസ് എന്നിവർ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാൻ ചില സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഷാഡോ ടീം തന്നെ അവരെ ചോദ്യം ചെയ്യുകയും അത് പലപ്പോഴും പീഡനങ്ങളിലേയ്ക്ക് എത്തുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിവരങ്ങൾ അറിയാത്തത് പ്രോസിക്യൂഷൻ നടപടികളെയും ബാധിക്കുന്നു. അതിനാൽ ക്രിമിനലുകളെ ചോദ്യം ചെയ്യുന്ന സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം ആവശ്യമാണെന്ന് അദ്ദേഹം വിശദമാക്കി.

രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ അഭിപ്രായം പറയുന്ന പ്രവണത നിയന്ത്രിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ ഔദ്യോഗിക ഇമെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിക്കാൻ പാടില്ല. പരാതിയുമായി എത്തുന്നവരെ പോലീസ് സ്റ്റേഷനുകളിൽ ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന പ്രവണത ഉടനടി അവസാനിപ്പിക്കേണ്ടതാണ്. പോലീസ് സ്റ്റേഷനുകൾക്ക് പെർമനൻറ് അഡ്വാൻസ് ആയി നൽകുന്ന തുക 5,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഈ തുക കാര്യക്ഷമമായി ചെലവഴിക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിമാരും ഡിവൈഎസ്പിമാരും ഉറപ്പുവരുത്തണം. പോലീസ് സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താനും തെറ്റുകൾ തിരുത്താനും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും ജില്ലാ പോലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലർത്തും. രാവിലെയും വൈകിട്ടുമുള്ള സാറ്റ കോൺഫറൻസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർമാരുമായുള്ള സമ്പർക്കം എന്നിവ ഇതിനായി ഉപയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് കൈത്താങ്ങി കേന്ദ്രസർക്കാർ. കാർഷിക ഉത്പന്നങ്ങളുടെ സംഭരണ, വിപണന, സംസ്‌ക്കരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കുറഞ്ഞ പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ വായ്പ അനുവദിക്കുന്നു.

7 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള വായ്പയാണ് കേന്ദ്രം കർഷകർക്കായി അനുവദിക്കുന്നത്. ആദ്യ മൂന്നു വർഷ ഗഡുക്കളായിട്ടാണ് തുക നൽകുന്നത്. പ്രൈമറി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കർഷക കൂട്ടായ്മകൾ, കാർഷിക സംരഭകർ, സ്റ്റാർട്ട് അപ്പുകൾ, മാർക്കറ്റിങ് സൊസൈറ്റികൾ, പബ്ലിക് പ്രൈവറ്റ് പാർട്ട്ണർഷിപ്പ് എന്നിവർക്ക് വായ്പ ലഭിക്കും.

കാർഷിക ഉത്പന്നങ്ങളുടെ വിപണന ശൃംഖല തുടങ്ങുക, ഇ-വിപണിക്കായുള്ള സൗകര്യം ഒരുക്കുക, കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിനായുള്ള സംഭരണികൾ നിർമ്മിക്കുക, പാക്ക് ഹൗസുകൾ ഉത്പന്നങ്ങൾ തരംതിരിച്ച് ഗ്രേഡ് ചെയ്യുന്നതിനുള്ള സോർട്ടിങ് ഗ്രേഡിങ് പാക്കറ്റ് യൂണിറ്റുകൾ ഒരുക്കുക, ശീതീകണ ശൃംഖല സൃഷ്ടിക്കുക, കാർഷിക വിവര സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള സ്ഥാപനം രൂപീകരിക്കുക, പ്രൈമറി സംസ്‌കരണ ശാലകൾ നിർമ്മിക്കുക, റൈപ്പനിങ് ചേമ്പർ നിർമ്മിക്കുക, ജൈവ ജീവാണു വളങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ, സൂക്ഷ്മ കൃഷി രീതി സമ്പ്രദായങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുക, ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള വിതരണ ശൃംഖല സൃഷ്ടിക്കുക, ജൈവ വളക്കൂട്ടുകൾ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കുക മുതലായ പ്രോജക്ടുകൾക്കാണ് കേന്ദ്ര സർക്കാർ വായ്പ നൽകുന്നത്.

ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകൾ, ഷെഡ്യൂൾഡ് കൊ- ഓപ്പറേറ്റീവ് ബാങ്കുകൾ തുടങ്ങി നബാർഡുമായി ധാരണപത്രത്തിൽ ഏർപ്പെട്ട ധനകാര്യ സ്ഥാപനങ്ങൾ വഴിയും വായ്പ ലഭിക്കും. വായ്പ ആവശ്യമുള്ളവർ ആദ്യം ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് തുടർന്ന് അപേക്ഷാഫോം പൂരിപ്പിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം. പ്രൊജക്ട് തുകയുടെ പത്ത് ശതമാനം വഹിക്കേണ്ടത് ഗുണഭോക്താക്കളാണ്.

sabarimala

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി ബുക്ക് ചെയ്ത ശേഷം മാത്രമെ ഭക്തർക്ക് ദർശനത്തിനെത്താൻ കഴിയൂ. കർക്കടകമാസ പൂജകൾക്കായി 16 ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും.

48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി ലഭിക്കുക. ഒരു ദിവസം 5000 ഭക്തർക്കാണ് ദർശനത്തിന് അനുമതി ഉള്ളത്. കോവിഡ് രണ്ടാം തരംഗ വ്യാപനം വർധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകിയിരുന്നില്ല. ജൂലൈ 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും.

കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി.

തിരുവനന്തപുരം: അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 1513 ബലാത്സംഗക്കേസുകൾ. ഇതിൽ 627 കേസുകളിൽ കുട്ടികളാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടായിരിക്കുന്ന അതിക്രമത്തിന്റെ കണക്കുകൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിക്കുകയാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ.

ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2021 ജനുവരി മുതൽ മെയ് മാസം വരെയുള്ള അഞ്ചു മാസത്തിനിടെയാണ് ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നതെന്നതാണ് ഏറ്റവും ഗൗരവകരമേറിയ വസ്തുത. ഈ കാലയളവിൽ പതിനഞ്ചു കുട്ടികൾക്ക് ലൈംഗികാതിക്രമത്തിനിടെ ജീവൻ നഷ്ടമായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയ 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറു കുട്ടികൾ ഉപേക്ഷിക്കപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹ കേസുകൾ അഞ്ചെണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കുട്ടികൾക്ക് എതിരായ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 897 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കുട്ടികൾക്കെതിരായ അതിക്രമത്തിൽ ആകെ 1639 കേസുകൾ രജിസ്റ്റർ ചെയ്‌തെന്നും കഴിഞ്ഞ ഒന്നരവർഷത്തിനിടെ 43 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നും 1,770 കുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾ പോലും ലൈംഗികവൈകൃതത്തിന് ഇരയായെന്ന് ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ വർഷം ഇതുവരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ 1,437 ലൈംഗികാതിക്രമ കേസുകൾ രജിസ്റ്റർ ചെയ്തു. 75 പേരെ തട്ടിക്കൊണ്ടു പോയി. മോശം പെരുമാറ്റത്തിന് 149 കേസുകളും ഭർത്തൃപീഡനത്തിന് 1159 കേസുകളും മറ്റതിക്രമങ്ങൾക്ക് 1502 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി 2693 ബലാത്സംഗകേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2021 ൽ ആദ്യ അഞ്ചു മാസത്തിനിടെ ഒരു സ്ത്രീധന മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കഴിഞ്ഞ വർഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങൾ മാത്രമെ നടന്നിട്ടുള്ളുവെന്നും പോലീസിന്റെ ക്രൈം സ്റ്റാറ്റിറ്റിക്സ് വ്യക്തമാക്കുന്നു.

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവർത്തിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൺട്രം പിരിച്ചുവിട്ടു. രാഷ്ട്രീയ കൂട്ടായ്മയിൽ നിന്നും മാറി, ആരാധക കൂട്ടായ്മയായി തുടരാനാണ് രജനികാന്ത് നൽകിയിരിക്കുന്ന നിർദ്ദേശം. ചെന്നൈയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സംബന്ധിച്ച നിർദ്ദേശം നൽകിയത്.

മൺട്രത്തിലെ പലരും മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയ പശ്ചാത്തലത്തിലാണ് രജനി മക്കൾ മൺട്രം പിരിച്ചുവിടാൻ തീരുമാനിച്ചത്. രാഷ്ട്രീയ കൂട്ടായ്മയെന്ന നിലയിൽ ഇനി മുതൽ പ്രവർത്തനങ്ങൾ നടത്തരുതെന്നും ആരാധക കൂട്ടായ്മയായി തുടരാനും രജനി നിർദ്ദേശം നൽകി.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് രജനികാന്ത് നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിന്നീട് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ആരോഗ്യനില മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കരുതുന്നതെന്നും തന്നെ വിശ്വസിച്ച് ഇറങ്ങുന്നവരെ ബലിയാടുകളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയ വേളയിൽ രജനികാന്ത് വ്യക്തമാക്കിയിരുന്നത്. പിന്നീട് വലിയ ആരാധക പ്രതിഷേധത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്.