സ്വന്തം കേസ് സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര; അപൂർവ്വ വാദത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: കേരള ഹൈക്കോടതി ഇന്ന് ഒരു അത്യപൂർവ്വ വാദത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കാനൊരുങ്ങുകയാണ്. സിസ്റ്റർ ലൂസി കളപ്പുരയാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സ്വയം വാദം നടത്തുന്നത്. കോൺവന്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നൽകി കീഴ്‌ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിൽ ഹാജരാകേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമായെന്ന് ലൂസി കളപ്പുര വ്യക്തമാക്കി. നിസഹായരായി സ്ത്രീകൾ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ലൂസി കളപ്പുര പറഞ്ഞു. തന്റെ കേസടക്കം അതിന് ഉദാഹരണമാണെന്നും ലൂസി കളപ്പുര പറയുന്നു.

കന്യാസ്ത്രീ എന്ന സംരക്ഷണത്തിൽ നിന്നാണ് സഭാ നേതൃത്വം തന്നെ പുറത്തേക്ക് തള്ളുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ അതിന്റെ ഇര തന്നെ വാദിക്കുകയും കോടതിയിൽ തന്റെ നിലപാട് പറയുകയും ചെയ്യുകയാണ്. തന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകർ തയ്യാറാവാത്ത ഒരു സാഹചര്യം തന്നെയുണ്ടായെന്നും ലൂസി കളപ്പുര ആരോപിച്ചു.