കോഴിക്കോട്: വ്യാപാരികളുമായി ചർച്ച നടത്തി സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധം കനത്തതോടെയാണ് സർക്കാർ ചർച്ച നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് കളക്ടറേറ്റിൽ വെച്ചായിരുന്നു ചർച്ച.
കോഴിക്കോട് ജില്ലാ കളക്ടർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായതെന്നാണ് വിവരം. മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി.കെ.സി.മമ്മദ് കോയയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സമരം നടന്നുവരികയാണ്.
സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്ത്രീയമാണെന്ന് വി കെ സി മമ്മദ് കോയ വ്യക്തമാക്കി. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്ദ്ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്. കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു. ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

