കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തു;

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ പോലീസ് ചോദ്യം ചെയ്തു. ഒന്നര മണിക്കൂറോളം നേരമാണ് പോലീസ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തത്. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. കേസുമായി ബിജെപിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ചോദ്യം ചെയ്യലിന് ഹാജരായത്. പോലീസ് കുറേ കാര്യങ്ങൾ ചോദിച്ചു. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. പരാതിക്കാരന്റെ കോൾ ലിസ്റ്റൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചുവെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞുവെന്നും സുരേന്ദ്രൻ വിശദമാക്കി. അന്വേഷണത്തെക്കുറിച്ച് പൊലീസിന് തന്നെ വ്യക്തതയില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസിൽ ഒരു തരത്തിലും ബിജെപിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നും പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാന്മാർ ഇതൊക്കെ ചെയ്യിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പലതരത്തിൽ പ്രതിക്കൂട്ടിലായ സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ സർക്കാർ ബിജെപിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബിജെപി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.