ജക്കാർത്ത: ഇന്തോനേഷ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രതിദിന രോഗികളുടെ എണ്ണം 40,000 ത്തിന് മുകളിൽ എത്തിയതോടെ ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുകയാണ് ഇന്തോനേഷ്യ. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് ഇന്തോനേഷ്യയിൽ പുതുതായി രോഗബാധ പോസിറ്റീവാകുന്നവരിൽ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.
രോഗികളുടെ എണ്ണം വർധിച്ചതോടെ ഇന്തോനേഷ്യയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഓക്‌സിജന്റെ ആവശ്യകതയും വർധിച്ചതോടെ വിദേശരാജ്യങ്ങളിൽ നിന്ന് ലിക്വിഡ് ഓക്‌സിജനും കോൺസൺട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇൻഡൊനീഷ്യൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്തോനേഷ്യയിലെ ആശുപത്രികളിലെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജൂൺ മുതലുള്ള കണക്കുകൾ അനുസരിച്ച് 453 രോഗികളാണ് ചികിത്സ ലഭിക്കാതെ വീടുകളിൽ മരണപ്പെട്ടത്.
ജക്കാർത്ത, പശ്ചിമ ജാവ ഉൾപ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളിൽ 80 ശതമാനത്തിലധികം കിടക്കകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ നൽകുമെന്നും യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 40,000 ടൺ ലിക്വിഡ് ഓക്‌സിജനും 40,000 കോൺസെൺട്രേറ്ററുകളും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓക്‌സിജന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഓക്‌സിജൻ പൂർണമായും മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അറിയിക്കുന്നത്. അതേസമയം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ ആളുകൾക്ക് രാജ്യത്ത് കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന പഠനങ്ങളും പുറത്തുവരുന്നുണ്ട്.

