കുതിരാൻ തുരങ്കത്തിൽ ആവശ്യത്തിനു സുരക്ഷയില്ല; ആരോപണവുമായി മുൻ നിർമാണ കമ്പനി

തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആവശ്യത്തിനു സുരക്ഷയില്ലെന്ന ആരോപണവുമായി മുൻ നിർമാണ കമ്പനി. തുരങ്കനിർമാണം 95 ശതമാനം പൂർത്തിയാക്കിയ പ്രഗതി കൺസ്ട്രക്ഷൻസ് വക്താവ് വി. ശിവാനന്ദനാണ് ആരോപണവുമായി രംഗത്തെത്തിയത്. കുതിരാൻ തുരങ്കം തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ശിവാനന്ദൻ ആവശ്യത്തിന് സുരക്ഷയില്ലെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വെള്ളമൊഴുകാനും മണ്ണിടിച്ചിൽ തടയാനും സംവിധാനമില്ലെന്നും തുരങ്കത്തിനു മുകളിൽ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ശിവാനന്ദൻ പറയുന്നു. ഇപ്പോൾ നിർമാണ ചുമതലയുള്ള കമ്പനിയ്ക്ക് ആവശ്യത്തിനു സാങ്കേതിക വൈദഗ്ധ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന് കുതിരാൻ തുരങ്കും തുറക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുതിരാൻ തുരങ്കത്തിൽ ആദ്യ സുരക്ഷാ റൺ പൂർത്തിയാക്കിയിരുന്നു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തിയ ശേഷം സർട്ടിഫിക്കറ്റ് നൽകും. എന്നാൽ ഇപ്പോൾ നടക്കുന്നത് മിനുക്ക് പണിയാണെന്നും യാത്ര അനുവദിക്കാൻ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ശിവാനന്ദൻ ആവശ്യപ്പെടുന്നത്.

തുരങ്കത്തിനു പുറത്തു ക്യാച്ച് വാട്ടർ ഡ്രൈനേജ് സിസ്റ്റം നടപ്പാക്കണം. മുകളിൽ നിന്നു പാറയും മണ്ണും വീഴാൻ സാധ്യതയുണ്ട്. മുകളിൽ കോൺക്രീറ്റ് ചെയ്തു സുരക്ഷ ഉറപ്പിക്കണം. മുൻപ് തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ നീക്കാൻ മൂന്നു ദിവസമെടുത്തു. ഗതാഗതം തുടങ്ങിയാൽ അപകടസാധ്യത പതിന്മടങ്ങാകും. നിലവിൽ ജോലികൾ തീർക്കുന്ന കെ.എം.സി. നോൺ ടെക്നിക്കൽ കമ്പനിയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് പ്രഗതി പദ്ധതിയിൽ നിന്നും പിന്മാറിയത്. കരാറിൽ നിന്നു മാറ്റിനിർത്തിയ കമ്പനിയെന്ന നിലയിൽ സർക്കാരുമായി ബന്ധപ്പെടാൻ തടസമുണ്ടെങ്കിലും കുതിരാനിൽ സുരക്ഷയുറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ.എം.സിക്കു പ്രഗതി കത്ത് നൽകിയിട്ടുണ്ട്.

അതേസമയം കുതിരാൻ തുരങ്ക നിർമാണത്തിൽ അപാകതകൾ ഇല്ലെന്നു മന്ത്രി കെ. രാജൻ വ്യക്തമാക്കി. പ്രതിദിന വിലയിരുത്തൽ നടത്തുന്നുണ്ടെന്നും തുരങ്കം തുറന്നാലും കളക്ടറുടെ നേതൃത്വത്തിൽ നിരീക്ഷണമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളമൊഴുകാനുള്ള സംവിധാനം, അഗ്‌നിശമന-സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം മികച്ചതാണ്. ഉദ്യോഗസ്ഥർ തുരങ്കത്തിനു മുകളിലുള്ള മരങ്ങൾ, പാറകൾ എന്നിവ സുരക്ഷിതമാക്കുമെന്നും വനംവകുപ്പിന്റെ അനുമതിയോടെ രണ്ടു മരങ്ങൾ മുറിക്കാൻ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. മുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.