മാലിക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഫഹദ് ഫാസിൽ

തിരുവനന്തപുരം: മാലിക്കിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ഫഹദ് ഫാസിൽ. ഏതെങ്കിലും മതത്തെയോ പ്രത്യയ ശാസ്ത്രത്തെയോ വിൽക്കുന്നതിന് വേണ്ടിയല്ല സിനിമ എടുത്തിരിക്കുന്നതെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കി. ട്രാൻസ് എന്ന ചിത്രത്തിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആൾദൈവങ്ങളെ രൂക്ഷമായി വിമർശിച്ചു, മാലിക്കിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു ഫഹദ് മറുപടി നൽകിയത്.

ജനങ്ങളെ എന്റർടെയ്ൻ ചെയ്യുക എന്നതാണ് ഈ സിനിമകളുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. തന്റെ സിനിമകൾ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ ഉൾച്ചേർന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയർ മാത്രമാണതെന്നും താരം പറയുന്നു.

തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ 2009-ൽ നടന്ന വെടിവയ്പ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ വിമർശനങ്ങൾ ഉയരുന്നത്. സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് പ്രധാന വിമർശനം.