ന്യൂഡൽഹി: സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാകുന്നുവെന്ന് സുപ്രീം കോടതി വിമർശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രികൾക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ചികിത്സ നൽകേണ്ട ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളാകുകയാണ്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി ആശുപത്രികൾ മാറുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രികൾക്ക് അഗ്‌നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് മറികടന്ന് ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ കാരണം ജനങ്ങൾ പൊള്ളലേറ്റ് ആശുപത്രികളിൽ മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സർക്കാർ ആശുപത്രികളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരിക്കേ സ്വകാര്യ ആശുപത്രികളിൽ പരിധി നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി കൂട്ടിച്ചേർത്തു.

